ദേശീയ ടീം താരങ്ങൾ സ്പെയിനിലെ പരിശീലനത്തിനിടെ
ദോഹ: ലോകകപ്പിന്‍റെ തയാറെടുപ്പുകളുടെ ഭാഗമായി യൂറോപ്പിൽ പരിശീലിക്കുന്ന ഖത്തർ ദേശീയ ടീമിന്‍റെ ക്യാമ്പ് ഓസ്ട്രിയയിലേക്ക് മാറ്റി. ജൂൺ ഒന്ന് മുതൽ സ്പെയിനിലെ മാർബെല്ലയിലായിരുന്നു കോച്ച് ഫെലിക്സ് സാഞ്ചസിനു കീഴിൽ ദേശീയ ടീം പരിശീലിച്ചത്. ഇവിടെ ഒരു മാസത്തെ പരിശീലനം പൂർത്തിയാക്കിയാണ് ടീം ഓസ്ട്രിയയിലേക്ക് മാറിയത്. രണ്ടാം ഘട്ട പരിശീലനങ്ങളുടെ ഭാഗമായി വിവിധ സൗഹൃദ മത്സരങ്ങളിൽ ദേശീയ ടീം ബൂട്ടുകെട്ടുമെന്ന് ഖത്തർ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. 27 അംഗ സംഘവുമായാണ് ദേശീയ ടീം ആദ്യം സ്പെയിനിലെത്തിയത്. തുടർന്ന് അണ്ടർ 23 ഏഷ്യാകപ്പ് ടീമിലുണ്ടായിരുന്ന എട്ടു പേരെ കൂടി ഉൾപ്പെടുത്തി ലോകകപ്പ് ക്യാമ്പ് വിപുലീകരിക്കുകയായിരുന്നു.
സ്വന്തം മണ്ണിൽ നടക്കുന്ന ആദ്യ ലോകകപ്പിനെ തയാറെടുപ്പുകൊണ്ട് അവിസ്മരണീയമാക്കിയ ഖത്തറിന്‍റെ അടുത്ത ലക്ഷ്യം, ഗ്രൂപ് റൗണ്ടിൽ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. നവംബർ 21ന് ഇക്വഡോറിനെതിരെ അൽബെയ്ത് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. സെനഗാൾ, നെതർലൻഡ്സ് എന്നിവരാണ് മറ്റു ടീമുകൾ. സ്പെയിനിലെ ഒരുക്കത്തിനിടെ ഫിഫ റാങ്കിങ്ങിൽ 49ാം സ്ഥാനത്തേക്ക് ഉയർന്ന് ഖത്തർ നേട്ടം കൊയ്തിരുന്നു. വിവിധ ക്ലബുകൾക്കും ദേശീയ ടീമുകൾക്കുമെതിരെ ലോകകപ്പിന് മുന്നോടിയായി പരിശീലനമത്സരത്തിൽ കളിക്കാനുള്ള ഒരുക്കത്തിലുമാണ് ആതിഥേയസംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.