ദോഹ: ഗൾഫ് പ്രതിസന്ധിയെ തുടർന്ന് ഉപരോധ രാജ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തറുമായി ബന്ധം വിഛേദിച്ചിരുന്ന ഛാഡ് ഉഭയകക്ഷി ബന്ധം പുനസ്ഥാപിച്ചു. ഇത് സംബന്ധിച്ച കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും ഛാഡ് വിദേശകാര്യമന്ത്രി ചെരിഫ് മഹമത് സെനെയും തമ്മിലുള്ള കൂടിക്കാഴ്ചക്കൊടുവിലാണ് ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ ഇരുവരും ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും ഉഭയകക്ഷി ബന്ധം വിശാലമാക്കാനും കൂടിക്കാഴ്ചയിൽ ഇരുവിദേശകാര്യമന്ത്രിമാരും ചർച്ച ചെയ്തു. മേഖലാ, അന്തർദേശീയ തലത്തിലെ പൊതു പ്രാധാന്യമുള്ള വിവിധ വിഷയങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും ഇരുവരും ചർച്ച ചെയ്തു.
ഖത്തറുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ഛാഡ് സർക്കാറിെൻറ നീക്കത്തെ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് പ്രശംസിച്ചു. ഇരുരാജ്യങ്ങൾക്കിടയിലുള്ള ബന്ധം ഉൗഷ്മളമാക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് കൂടിക്കാഴ്ചക്കിടെ അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇരുരാജ്യങ്ങളും തങ്ങളുടെ അംബാസഡർമാരെ ഉടൻ തിരിച്ച് അതത് രാജ്യങ്ങളിലേക്ക് തന്നെ അയക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ലുൽവ അൽ ഖാതിർ പറഞ്ഞു. ഇരുരാജ്യങ്ങളെയും സംബന്ധിച്ച് ഉഭയകക്ഷി തലത്തിലെ വിജയമാണിതെന്നും അവർ ട്വിറ്ററിൽ രേഖപ്പെടുത്തി. ഛാഡിെൻറ നീക്കത്തെ അഭിനന്ദിച്ചു കൊണ്ട് വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തു. ഖത്തറിനും ഛാഡിനും ഇടയിലുള്ള ഉഭയകക്ഷിബന്ധം തുടരാനുള്ള തീരുമാനത്തെയും അംബാസഡർമാരെ തിരിച്ചയക്കാനുള്ള നീക്കത്തെയും അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു.
ഉപരോധത്തെ തുടർന്ന് ആഗസ്റ്റിലാണ് ഛാഡിൽ അസ്ഥിരത ഉണ്ടാക്കാൻ ഖത്തർ ശ്രമിക്കുന്നുവെന്നാരോപിച്ച് ഛാഡ് ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ച് ഛാഡിലെ ഖത്തർ എംബസി അടച്ചുപൂട്ടിയത്. ഇതിനോട് ഖത്തറിലെ എംബസി അടച്ചുപൂട്ടി ഖത്തർ പ്രതികരിക്കുകയും തങ്ങൾക്കെതിരായ ബ്ലാക്ക്മെയിലിംഗ് രാഷ്ട്രീയമാണിതിന് പിന്നിലെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഉപരോധം എട്ട് മാസം പിന്നിടവേ ഇരു ഭാഗവും ചർച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.