അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഫ്രഞ്ച് നാഷനൽ അസംബ്ലി പ്രസിഡന്റ് യേൽ ബ്രൗൺ പിറ്റിനൊപ്പം

ഗസ്സയിലെ കൂട്ടക്കൊലയെ അപലപിച്ച് ഖത്തറും ഫ്രാൻസും

ദോഹ: ഗസ്സയിലെ ഇസ്രാ​യേൽ ആക്രമണ​ത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തറും ഫ്രാൻസും. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഫ്രാൻസ് സന്ദർശനത്തിന്റെ ഭാഗമായ സംയുക്ത പ്രസ്താവനയിലാണ് ഗസ്സയിലെ കൂട്ടക്കൊലയെയും ജീവിക്കാനുള്ള അവകാശ നിഷേധത്തെയും വിമർശിച്ചത്. അടിയന്തര വെടിനിർത്തലിനും ഇരുരാഷ്ട്ര നേതാക്കളുടെയും സന്ദർശനത്തിൽ ആഹ്വാനം ചെയ്തു.

ഇതിനുപുറമെ, ഗസ്സയിലേക്ക് 200 ദശലക്ഷം ഡോളറിന്റെ മാനുഷിക സഹായമെത്തിക്കാൻ തീരുമാനമായി. മാനുഷിക സഹായമെത്തിക്കാൻ ഗസ്സയുടെ വടക്കൻ അതിർത്തികൾ ഉൾപ്പെടെ എല്ലാ ക്രോസിങ്ങുകളും തുറക്കണമെന്നും ആഹ്വാനം ചെയ്തു.

ഫ്രാൻസും ഖത്തറും തമ്മിലെ നയതന്ത്ര, വ്യാപാര, നിക്ഷേപ മേഖലകളിലെ ബന്ധം കൂടുതൽ ദൃഢമാക്കിയാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഫ്രഞ്ച് സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നത്. ചൊവ്വാഴ്ച രാത്രി പാരിസിലെത്തിയ അമീർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. അമീറിന്റെ സന്ദർശനത്തി​ന്റെ ഭാഗമായി ഫ്രാന്‍സില്‍ 1000 കോടി യൂറോയുടെ നിക്ഷേപം ഖത്തർ പ്രഖ്യാപിച്ചു.

2024 മുതല്‍ 2030 വരെയുള്ള കാലയളവിലേക്കായി, എനര്‍ജി ട്രാന്‍സിഷന്‍, സെമി കണ്ടക്ടര്‍, എയ്റോസ്പേസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍, ആരോഗ്യം, ഹോസ്പിറ്റാലിറ്റി, സാംസ്കാരിക മേഖലകളിലാണ് നിക്ഷേപം നടത്തുക.

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി എന്നിവർ ഉൾപ്പെടെ മന്ത്രിമാരും ഉദ്യോഗസ്ഥരും അമീറിന്റെ സംഘത്തിലുണ്ടായിരുന്നു.

സന്ദർശനത്തിന്റെ ഭാഗമായി ഫ്രഞ്ച് നാഷനൽ അസംബ്ലി പ്രസിഡന്റ് യേൽ ബ്രൗൺ പിവറ്റ്, ഫ്രഞ്ച് സെനറ്റ് പ്രസിഡന്റ് ജെറാഡ് ലാർചർ എന്നിവരുമായി അമീർ കൂടിക്കാഴ്ച നടത്തി. സന്ദർശനം പൂർത്തിയാക്കിയ ശേഷം ​ബുധനാഴ്ച രാത്രിയോടെ മടങ്ങി.

Tags:    
News Summary - Qatar and France condemn the massacre in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.