ദോഹ: നേട്ടങ്ങളുടെ കൊടുമുടിയിൽ ഒരു പൊൻതൂവൽ കൂടി ചാർത്തി ഖത്തർ എയർവേസ്. എയർലൈൻ റേറ്റിങ്സിന്റെ എയർലൈൻ ഓഫ് ദി ഇയർ പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും ഖത്തർ എയർവേസ് സ്വന്തമാക്കി. മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ, മികച്ച ബിസിനസ് ക്ലാസ് എന്നീ ബഹുമതികളും ഖത്തറിന്റെ ഏക ഔദ്യോഗിക എയർലൈൻ കമ്പനിയെ തേടിയെത്തി.
തുടർച്ചയായി രണ്ടാം തവണയാണ് എയർലൈൻ ഓഫ് ദി ഇയറായി മാറുന്നത്. തുടർച്ചയായി നാലാം തവണയാണ് ബെസ്റ്റ് ബിസിനസ് ക്ലാസ് അംഗീകാരവും തേടിയെത്തുന്നത്.
വ്യോമയാന മേഖലയിലെ ഏറെ ശ്രദ്ധിക്കപ്പെടുന്ന അംഗീകാരം കൂടിയാണ് എയർലൈൻ റേറ്റിങ്സ് പുരസ്കാരങ്ങൾ. ശക്തമായ സർവിസ് ശൃംഖല, നവീകരണ പ്രവർത്തനങ്ങൾ, സുരക്ഷ എന്നീ മേഖലകൾ പരിഗണിച്ചും വ്യോമ മേഖലയിലെ വിദഗ്ധരുടെയും പരിചയസമ്പന്നരുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് എയർലൈൻ റേറ്റിങ് നിശ്ചയിക്കുന്നത്.
ഖത്തർ എയർവേസ് നൂതന പരിഷ്കാരങ്ങളോടെ നടപ്പാക്കിയ ബിസിനസ് ക്ലാസ് കാബിനായ ക്യൂ സ്യൂട്ട് വിമാനയാത്രക്കാരിൽ ഏറെ ശ്രദ്ധ നേടിയതാണ്. ഫസ്റ്റ്ക്ലാസ് സൗകര്യവും അനുഭവവും നൽകുന്ന ബിനിസ് ക്ലാസ് കാബിനാണ് ഖത്തർ എയർവേസിന്റെ സവിശേഷത.
ബിസിനസ് ക്ലാസിലെ ആദ്യ ഡബ്ൾ ബെഡ് കാബിൻ, കൂടാതെ യാത്രക്കാരന് സ്വകാര്യതയും സുരക്ഷിതത്വവും സാമൂഹിക അകലവും വാഗ്ദാനംചെയ്യുന്ന സൗകര്യങ്ങൾ, സീറ്റുകൾ യഥേഷ്ടം ഒതുക്കാനുള്ള സാഹചര്യം എന്നിവ ക്യൂ സ്യൂട്ടിന്റെ പ്രത്യേകതകളാണ്. യാത്രക്കാർക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമായി ആകാശയാത്ര ഉറപ്പാക്കുന്നതിനുള്ള അംഗീകാരമാണ് എയർലൈൻ റേറ്റിങ്സ് പുരസ്കാരങ്ങളെന്ന് ഖത്തർ എയർവേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് അക്ബർ അൽ ബാകിർ പറഞ്ഞു.
എയർലൈൻ ഓഫ് ദി ഇയർ, മിഡ്ൽ ഈസ്റ്റിലെ ബെസ്റ്റ് എയർലൈൻ, ബെസ്റ്റ് ബിസിനസ് ക്ലാസ് പുരസ്കാരങ്ങൾ ഏറ്റവും മികച്ച സർവിസിന്റെ ഫലമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.