പോഡാർ പേൾ സ്‌കൂളിലെ റോബോട്ടിക്‌സ് ലാബ് ഉദ്ഘാടന ചടങ്ങിൽനിന്ന്
ദോഹ: പോഡാർ പേൾ സ്‌കൂളിൽ റോബോട്ടിക്‌സ് ലാബ് ഇന്ത്യയിലെ പോഡാർ എജുക്കേഷൻ നെറ്റ്‌വർക് ചെയർമാൻ ഡോ. പവൻ പോഡാർ ഉദ്ഘാടനം ചെയ്തു. ഡയറക്ടർമാർ, സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾ, സീനിയർ ഫാക്കൽറ്റികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് റോബോട്ടിക്‌സ് ലാബ് തുറന്നത്.
റോബോട്ടിക് സംവിധാനങ്ങൾ രൂപകൽപന ചെയ്യുന്നതിനും നടപ്പാക്കുന്നതിനും ആവശ്യമായ ഏറ്റവും പുതിയ ഇലക്ട്രോണിക് ഗാഡ്‌ജറ്റുകൾ ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് എന്നിവ ചേർന്ന STEMന്റെ സുപ്രധാന ഭാഗമാണ് റോബോട്ടിക്‌സ്. റോബോട്ടിന്റെ പൊതുവായ പ്രവർത്തനം മനസ്സിലാക്കാൻ ഇത് വിദ്യാർഥികളെ പ്രാപ്‌തരാക്കുന്നു. പ്രോഗ്രാമിങ്ങും ഡിസൈനും മുതൽ ഫാബ്രിക്കേഷനും എൻജിനീയറിങ്ങും വരെയുള്ള മേഖലകളിൽ റോബോട്ടിക്‌സിൽ സമഗ്ര പഠനത്തിന് സാധ്യതകളുണ്ട്.
‘‘ലോകമെമ്പാടുമുള്ള, ദീർഘദൃഷ്ടിയുള്ള സ്‌കൂളുകൾ നവീനവും ആവേശകരവുമായ രീതിയിലാണ് സാങ്കേതികവിദ്യയെ സ്വീകരിക്കുന്നത്. ഇപ്പോൾ പോഡാർ സ്‌കൂളിലെ ഈ പുതിയ റോബോട്ടിക്‌സ് ലാബ് വിദ്യാർഥികൾക്ക് റോബോട്ടിക്‌സിന്റെയും ഓട്ടോമേഷന്റെയും ലോകത്ത് സമഗ്ര പഠനത്തിനുള്ള അവസരങ്ങൾ നൽകുന്നു. വിദ്യാർഥികൾക്ക് മികച്ച പഠനാവസരങ്ങൾ നൽകുന്ന സാങ്കേതികവിദ്യയിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലും നിക്ഷേപം നടത്താൻ പോഡാർ പേൾ സ്കൂൾ പ്രതിജ്ഞാബദ്ധമാണ്. വിദ്യാഭ്യാസ മേഖല ഉയർന്ന മത്സരാധിഷ്ഠിതമായി മാറിയ കാലത്ത്, റോബോട്ടിക്‌സിനെയും ഓട്ടോമേഷനെയും കുറിച്ചുള്ള അറിവ് അനിവാര്യമാണ്. വിദ്യാർഥികൾക്ക് അവരുടെ ഭാവിജീവിതം വിജയകരമായി കെട്ടിപ്പടുക്കാൻ സഹായിക്കുന്ന രീതിയിൽ ദിശാബോധം പകർന്നുനൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’’ -ഡയറക്ടർമാരിലൊരാളായ ഡോ. മുഹമ്മദ് അൽത്താഫ് പറഞ്ഞു
വിദ്യാഭ്യാസ നവീകരണത്തിലും സാങ്കേതികവിദ്യ പ്രാപ്തമാക്കുന്നതിലും മുൻപന്തിയിലാണ് പോഡാർ എജുക്കേഷൻ നെറ്റ്‍വർക് എന്ന് ഡോ. പവൻ പോഡാർ പറഞ്ഞു. ‘‘മുംബൈയിലെ ഞങ്ങളുടെ ഏറ്റവും വലിയ വിദ്യാഭ്യാസ നവീകരണ കേന്ദ്രത്തിൽ നൂറിലേറെ വിദ്യാഭ്യാസ വിദഗ്ധരാണ് അധ്യാപനത്തിന്റെ പുതുവഴികളിലേക്ക് ദിശ കാട്ടുന്നത്.
ഞങ്ങളുടെ സ്‌കൂളുകളിലെ റോബോട്ടിക്‌സ് ലാബുകളെല്ലാം ഈ മേഖലയിലെ മികച്ച നിലവാരത്തിലുള്ളവയാണ്.’’ സ്‌കൂളിലെ പുതിയ റോബോട്ടിക്‌സ് ലാബ്, റോബോട്ടിക്‌സിന്റെ അടിസ്ഥാന കാര്യങ്ങളിൽ ശക്തമായ അടിത്തറ നേടാനും പതിയെ സ്വന്തം റോബോട്ടുകളിലേക്ക് നയിക്കാവുന്ന പ്രോജക്ടുകൾ വികസിപ്പിക്കാനും വിദ്യാർഥികളെ തുണക്കും. സ്‌കൂളിനും വിദ്യാർഥികൾക്കും ആവേശകരമായ ചുവടുവെപ്പാണിതെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.