ദോഹ: ലൈസൻസില്ലാതെ നിയമവിരുദ്ധമായി ചികിത്സാ പ്രാക്ടീസ് നടത്തിയ സംഭവത്തിൽ പ്ലാസ്റ്റിക് കോസ്മെറ്റിക് സർജനും മെഡിക്കൽ സെന്റർ ഡയറക്ടറും അറസ്റ്റിൽ. അറ്റോണി ജനറൽ ഡോ. ഈസ ബിൻ സാദ് അൽ ജാഫലി അൽ നുഐമിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. ഇവർക്കെതിരെയുള്ള കുറ്റപത്രം ക്രിമിനൽ കോടതിക്ക് കൈമാറി.
ആദ്യ പ്രതിയായ സർജനെതിരെ മുമ്പ് നടത്തിയ ശസ്ത്രക്രിയകളിലെ പിഴവുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിരുന്നു.
ഇതേത്തുടർന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഇയാളെ ജോലി ചെയ്യുന്നതിൽ നിന്ന് താൽക്കാലികമായി വിലക്കിയിരുന്നു. എന്നാൽ, ഈ വിലക്ക് നിലനിൽക്കെ ഒരു സ്വകാര്യ മെഡിക്കൽ സെന്ററിൽ ചികിത്സാ പ്രാക്ടീസ് തുടർന്നതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഇയാളെ പിടികൂടിയത്.
സർജന് ജോലി ചെയ്യുന്നതിൽ വിലക്കുണ്ടെന്ന വിവരം അറിഞ്ഞുകൊണ്ടുതന്നെ, സ്ഥാപനത്തിൽ പ്രാക്ടിസ് ചെയ്യാൻ സൗകര്യമൊരുക്കിയതിനാണ് കേസിലെ രണ്ടാം പ്രതിയായ മെഡിക്കൽ സെന്ററിലെ ഡയറക്ടറെ അറസ്റ്റ് ചെയ്തത്. രണ്ട് പ്രതികളെയും റിമാൻഡ് ചെയ്യാനും മെഡിക്കൽ പ്രാക്ടീസ് നിയന്ത്രണ നിയമപ്രകാരം പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ ക്രിമിനൽ കോടതിയിൽ ഹാജരാക്കാനും അറ്റോണി ജനറൽ ഉത്തരവിട്ടു. നിയമവിരുദ്ധമായ നടപടികൾക്കെതിരെ കർശന നടപടി തുടരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.