അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി

'പരിസ്ഥിതി സംരക്ഷണം: പൊതുജനങ്ങൾ സജീവമായ പങ്കുവഹിക്കണം'

ദോഹ: രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും ജൈവവൈവിധ്യം നിലനിർത്തേണ്ടതിന്റെയും പ്രാധാന്യം ഓർമപ്പെടുത്തി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പരിസ്ഥിതി ദിന സന്ദേശം. രാജ്യത്തിന്റെ വികസന പദ്ധതികൾക്കും ദീർഘകാല സുസ്ഥിരതാ ലക്ഷ്യങ്ങൾക്കും ഇടയിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിന്റെ ആവശ്യകതയും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഖത്തർ അമീർ പങ്കുവെച്ചു.

പരിസ്ഥിതി സംരക്ഷണത്തിൽ പൊതുജനങ്ങൾ സജീവമായ പങ്ക് വഹിക്കണമെന്നും ഇതുവഴി പൊതുജനാരോഗ്യവും ജീവിത നിലവാരവും മെച്ചപ്പെടുമെന്നും അമീർ വിശദീകരിച്ചു.

"നമ്മുടെ പെരുമാറ്റം... നമ്മുടെ പരിസ്ഥിതിയിൽ പ്രതിഫലിക്കുന്നു" എന്ന പ്രമേയത്തിൽ വ്യാഴാഴ്ച പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തിടനീളം പരിസ്ഥിതി ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. എല്ലാ വർഷവും ഫെബ്രുവരി 26നാണ് ഖത്തർ പരിസ്ഥിതി ദിനം ആചരിക്കുന്നത്. പരിസ്ഥിതിയെ വെറുമൊരു ഉപഭോഗവസ്തുവായി കാണുന്നതിന് പകരം ഭാവി തലമുറക്കുവേണ്ടിയും സംരക്ഷിക്കണമെന്ന ബോധം വളർത്താൻ ലക്ഷ്യമിട്ടാണ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കുന്നത്.

മനുഷ്യരും പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെ ഉയർത്തിക്കാട്ടുന്ന ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ പ്രമേയം, ഉത്തരവാദിത്തമുള്ള പെരുമാറ്റത്തിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും പ്രകൃതി വിഭവങ്ങൾ നിലനിർത്തുന്നതിനും സഹായിക്കുമെന്നും അടിവരയിടുന്നു. സസ്യജാലങ്ങളുടെ പരിപാലനം, പാർക്കുകളുടെ ശുചിത്വം പാലിക്കുക, സമുദ്രജീവികളെ സംരക്ഷിക്കുക, പരിസ്ഥിതി നിയമങ്ങൾ അനുസരിക്കുക തുടങ്ങിയ ദൈനംദിന ശീലങ്ങൾ പാലിച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. 

Tags:    
News Summary - "Environmental protection: The public must play an active role"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.