ദോഹ: കേന്ദ്ര സർക്കാറിന്റെ ദേശീയ ധനസമാഹരണ പദ്ധതിയിൽ ഉൾപ്പെടുത്തി കരിപ്പൂർ വിമാനത്താവളം വിൽക്കാനുള്ള പദ്ധതി ചെറുത്ത് തോൽപിക്കണമെന്ന് കൾച്ചറൽ ഫോറം കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
ഇന്ത്യയിൽ കേന്ദ്ര സർക്കാറിന് ഏറ്റവും അധിക വരുമാനം നേടിക്കൊടുക്കുന്ന വിമാനത്താവളമാണ് കരിപ്പൂർ വിമാനത്താവളം. കോർപറേറ്റുകൾക്കു കോടികൾ എഴുതിത്തള്ളുകയും നികുതി ഇളവ് നൽകുകയും ചെയ്യുന്ന സർക്കാർ കിട്ടിയ കാശിന് പൊതുമേഖലാ സ്ഥാപങ്ങൾ വിൽക്കുക എന്നത് ഒരു നയമായി സ്വീകരിച്ചിരിക്കുകയാണ്. ഇതിലൂടെ കോർപറേറ്റുകളെ കൈയിലെടുക്കുകയാണ്. സാധാരണക്കാർ ഉൾപ്പെടെ സമൂഹത്തിലെ നിരവധി ആളുകൾ സ്ഥലം ഉൾപ്പെടെ വിട്ടുനൽകിയാണ് കരിപ്പൂർ എയർപോർട്ട് സ്ഥാപിച്ചത്. വികസനത്തിന്റെ പേരിൽ നിരവധിയാളുകൾക്കു വീണ്ടും ഭൂമി നഷ്ടമായി.
ഇപ്പോൾ ഇത് സ്വകാര്യ കുത്തകകൾക്ക് വിൽക്കാനുള്ള തീരുമാനം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഇന്ത്യയിൽനിന്നും നീരവ് മോദിയും വിജയ് മല്യയും ഉൾപ്പെടെ കുത്തകകൾ കടത്തിക്കൊണ്ടു പോയ പണം തിരിച്ചുപിടിക്കാൻ സർക്കാറിന് കഴിഞ്ഞിരുന്നുവെങ്കിൽ ഇത്ര അധാർമികമായി ജനകീയ സ്ഥാപനങ്ങൾ വില്പന നടത്തുന്നതിൽനിന്നും കേന്ദ്രസർക്കാറിന് മാറിനിൽക്കാമായിരുന്നുവെന്നും കൾച്ചറൽ ഫോറം കോഴിക്കോട് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.
യോഗത്തിൽ ജില്ല പ്രസിഡന്റ് സി. സാദിഖ് അലി അധ്യക്ഷത വഹിച്ചു. ആരിഫ് വടകര പ്രമേയം അവതരിപ്പിച്ചു. അഫ്സൽ ചേന്നമംഗലൂർ, അഡ്വ . ഇക്ബാൽ, സകീന അബ്ദുല്ല, ഡോ. നൗഷാദ് കുറ്റിയാടി, മഖ്ബൂൽ അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.