അറബ് ലീഗ് സ്ഥിരം പ്രതിനിധികളുടെ യോഗത്തിൽനിന്ന്
ദോഹ: തിങ്കളാഴ്ച ആരംഭിച്ച അറബ് ലീഗ് കൗൺസിലിന്റെ സ്ഥിരം പ്രതിനിധികളുടെ 164ാമത് സെഷനിൽ ഖത്തറിനെ പ്രതിനിധീകരിച്ച് ഈജിപ്തിലെ ഖത്തർ അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ താരിഖ് അലി ഫറാജ് അൽ അൻസാരി പങ്കെടുത്തു.
കെയ്റോയിലെ അറബ് ലീഗ് ജനറൽ സെക്രട്ടേറിയറ്റിന്റെ ആസ്ഥാനത്ത് രണ്ട് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന അറബ് ലീഗ് കൗൺസിലിന്റെ വിദേശകാര്യ മന്ത്രിമാരുടെ സെഷന് മുന്നോടിയായുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് അറബ് ലീഗ് സ്ഥിരം പ്രതിനിധികളുടെ യോഗം നടന്നതെന്ന് താരിഖ് അലി ഫറാജ് അൽ അൻസാരി പറഞ്ഞു.
അറബ്-ഇസ്രായേൽ സംഘർഷം, അറബ് മേഖലയിലെ അന്താരാഷ്ട്ര സമാധാനവും സുരക്ഷയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ തുടങ്ങി പല വിഷയങ്ങളും ഈ യോഗത്തിൽ ചർച്ചയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിറിയ, ലെബനൻ, ലിബിയ, യെമൻ, സുഡാൻ, സൊമാലിയ, ജിബൂട്ടി, ഇറാഖ് എന്നിവയുൾപ്പെടെ വിവിധ വെല്ലുവിളികൾ അനുഭവിക്കുന്ന അറബ് രാജ്യങ്ങൾക്ക് പിന്തുണ നൽകുന്നതിനും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുമായി ബന്ധപ്പെട്ട നിരവധി കരട് പ്രമേയങ്ങൾ ഈ സെഷന്റെ അജണ്ടയിൽ ഉൾപ്പെടുന്നെന്ന് അൽ അൻസാരി ചൂണ്ടിക്കാട്ടി. ഫലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.