അശ്ഗാലും മുനിസിപ്പാലിറ്റി മന്ത്രാലയവും ചേർന്ന് നിർമിക്കുന്ന പുതിയ കാർഷിക ലാബിന്റെ മാതൃക
ദോഹ: വെറ്ററിനറി, കാർഷിക ഗവേഷണ മേഖലയിൽ പുതിയ ചുവടുവെപ്പുമായി ഖത്തർ. മുനിസിപ്പാലിറ്റി മന്ത്രാലയം നേതൃത്വത്തിൽ പൊതുമരാമത്ത് വിഭാഗമായ അശ്ഗാലുമായി സഹകരിച്ച് മൂന്ന് ഗവേഷണ ലബോറട്ടറികൾ നിർമാണത്തിന് തുടക്കംകുറിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്തെ കാർഷിക, വളർത്തുമൃഗ പരിചരണ മേഖലകളിലെ ഗവേഷണ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും, ദേശീയ മികവിന് വഴിയൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായൊരുക്കുന്ന ലബോറട്ടറിയുടെ മാതൃക അശ്ഗാൽ അവതരിപ്പിച്ചു.
വെറ്ററിനറി, കാർഷിക ഗവേഷണത്തിൽ അന്താരാഷ്ട്ര നിലവാരത്തോടെയാണ് ലബോറട്ടറി സൗകര്യം ഒരുക്കുന്നതെന്ന് അശ്ഗാൽ പ്രോജക്ട് മാനേജർ എൻജി. അഹ്മദ് സാലിഹ് അറിയിച്ചു. ഓൾഡ് എയർപോർട്ട് എരിയയിലെ വെറ്ററിനറി ലബോറട്ടറി ബിൽഡിങ് നവീകരണം, അൽ ശഹാനിയയിൽ പുതിയ കാർഷിക ഗവേഷണ ലബോറട്ടറിയുടെ നിർമാണം, ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പാർക്കിലെ (ക്യു.എസ്.ടി.പി) അഡ്വാൻസ്ഡ് ലബോറട്ടറിയുടെ സജ്ജീകരണം എന്നിങ്ങനെ മൂന്ന് പദ്ധതികളാണ് ഇതിന്റെ ഭാഗമായി പൂർത്തിയാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
മുനിസിപ്പാലിറ്റി മന്ത്രാലയവുമായി ചേർന്ന് ഓൾഡ് എയർപോർട്ട് വെറ്ററിനറി ലാബ് നവീകരണ പ്രവർത്തനങ്ങൾക്ക് ഇതിനകം തുടക്കം കുറിച്ചതായും അടുത്ത വർഷം പകുതിയോടെ പൂർത്തിയാകുമെന്നും ഹെൽത്ത് പ്രോജക്ട് വിഭാഗം ഉപമേധാവി എൻജി. അസ്മ അൽ മുസൽമാനി അറിയിച്ചു. അത്യാധുനിക സാങ്കേതിക വിദ്യകൾ കൂടി ഉപയോഗപ്പെടുത്തി നൂതനവത്കരിച്ചുകൊണ്ടാണ് ഈ കേന്ദ്രത്തിന്റെ നിർമാണം പുരോഗമിക്കുന്നത്.
ഇരുമ്പ്, സ്റ്റീൽ, ഇലക്ട്രിക് ഉപകരണങ്ങൾ, ഗ്ലാസ്, അലുമിനിയം ഉൾപ്പെടെ നിർമാണത്തിന് ആവശ്യമായതിന്റെ 55 ശതമാനം ഉൽപന്നങ്ങളും ആഭ്യന്തരമായിത്തന്നെ സമാഹരിച്ചാണ് പൂർത്തിയാക്കുന്നത്. ഖത്തറിന്റെ വെറ്ററിനറി മേഖലയിലെ ശ്രദ്ധേയ ചുവടുവെപ്പാണ് ഈ നിർമാണമെന്നും അവർ പറഞ്ഞു.
അൽ ഷഹാനിയയിൽ 1191 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഏറ്റവും അത്യാധുനികമായ കാർഷിക ഗവേഷണ ലബോറട്ടറിയുടെ നിർമാണം പൂർത്തിയാക്കുന്നെതെന്ന് പ്രോജക്ട് എൻജിനീയർ ഉമർ അബ്ദുൽ അസീസ് അൽ മഹ്മൂദ് വിശദീകരിച്ചു.
സാമ്പ്ൾ ശേഖരണം, പ്രിപ്പറേഷൻ റൂം, ഫിസിക്കൽ ആൻഡ് കെമിക്കൽ പ്രൊസസിങ് ലാബ്, സ്പെക്ട്രോസ്കോപ്പി, മണ്ണ് വേർതിരിച്ചെടുക്കൽ ലാബുകൾ, രാസവസ്തുക്കളുടെ സംഭരണ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ള വിശാലമായ സൗകര്യങ്ങളോടെയാണ് ഇത് പൂർത്തിയാക്കുന്നത്. ക്യു.എസ്.ടി പാർക്കിലെ മൂന്ന് യൂനിറ്റുകളെ അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ലാബുകളാക്കി മാറ്റിയെടുക്കയാണ് മൂന്നാമത്തെ പദ്ധതി.
കീടനാശിനി ലാബ്, ബയോടെക്നോളജി, പ്ലാന്റ് പാത്തോളജി ലാബ്, ഔഷധസസ്യങ്ങളുടെയും വിത്തുകളുടെയും ലാബ്, സാമ്പ്ൾ ശേഖരണം ഉൾപ്പെടെ സംവിധാനങ്ങളോടെ ഈ ലാബ് സജ്ജീകരിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.