ഹമദ് വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ച ഇ.വി ചാർജിങ് സ്റ്റേഷൻ
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൊതുജനങ്ങൾക്കായി ആദ്യത്തെ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷനായ കഹ്റമയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. വിമാനത്താവളത്തിലെ ഈസ്റ്റ് കാർ പാർക്കിന്റെ ഗ്രൗണ്ട് ലെവലിൽ ഇ.വി ചർജിങ് സ്റ്റേഷൻ പ്രവർത്തിക്കും. ഊർജ്ജ സംരക്ഷണത്തിനായുള്ള 'തർഷീദ്' പരിപാടിയുടെ ഭാഗമായാണ് ഇ.വി ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചത്. രാജ്യത്തെ കാർബൺ ബഹിർഗമനം 25 ശതമാനം കുറക്കുക എന്ന ലക്ഷ്യത്തോടെ ഖത്തർ നാഷണൽ വിഷൻ 2030ന് അനുസൃതമായാണ് പദ്ധതി നടപ്പാക്കിയത്. ഒരേസമയം രണ്ട് വാഹനങ്ങൾക്ക് ചാർജ് ചെയ്യാൻ കഴിയുന്ന ഫാസ്റ്റ് ചാർജറുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
50 കിലോവാട്ട് പവർ നൽകുന്ന ചാർജറിലൂടെ വെറും 30 മിനിറ്റ് ചാർജ് ചെയ്താൽ ഏകദേശം 125 കിലോമീറ്റർ ദൂരം യാത്ര ചെയ്യാം. 'തർഷീദ് സ്മാർട്ട് ഇവി' മൊബൈൽ ആപ്പ് വഴി ഡ്രൈവർമാർക്ക് ചാർജിങ് പോയന്റുകൾ കണ്ടെത്താനും, ചാർജിങ് നിരീക്ഷിക്കാനും സാധിക്കും.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുസ്ഥിരതാ ലക്ഷ്യങ്ങളിൽ പ്രധാന ഘടകമാണ് ഊർജ സംരക്ഷണമെന്നും പുതിയ സാങ്കേതികവിദ്യകൾ സ്ഥാപിച്ചും വൈദ്യുതി ഉപയോഗം കുറക്കുന്നതിന് പുതിയ സംരംഭങ്ങൾ നടപ്പാക്കിയും കാര്യക്ഷമമായ ഊർജ ഉപയോഗ രീതികൾ സ്വീകരിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ തെളിവാണ് കഹ്റമയുമായുള്ള ഈ സഹകരണമെന്നും ഹമദ് വിമാനത്താവളത്തിലെ ഫെസിലിറ്റീസ് മാനേജ്മെന്റ് സീനിയർ വൈസ് പ്രസിഡന്റ് ഉമർ നജാരി പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന, ഊർജ്ജ കാര്യക്ഷമതയും സ്മാർട്ട് സാങ്കേതികവിദ്യകളും പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് പദ്ധതിയെ സ്വാഗതം ചെയ്ത് കഹ്റമ കൺസർവേഷൻ ആൻഡ് എനർജി എഫിഷ്യൻസി വിഭാഗം മാനേജർ എൻജിനീയർ റാഷിദ് അൽറാഹിമി പറഞ്ഞു. സുസ്ഥിരമായ ഒരു ഗതാഗത സംവിധാനവും ഹരിതാഭമായ ഭാവിയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കൂടുതൽ ഊർജക്ഷമതയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് തർഷീദ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമദ് വിമാനത്താവളം ഇതിനകം തന്നെ ഡിസ്ട്രിക്റ്റ് കൂളിങ് പ്ലാന്റുകൾ നവീകരിച്ചും എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചും വൈദ്യുതി ഉപഭോഗം കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഭാവിയിൽ കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.