ദോഹ: ഖത്തറിൽ വരുമാനം കുറഞ്ഞവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്ന പദ്ധതിയിലെ ഗുണഭോക്താക്കളുടെ എണ്ണം 4000 ആക്കി ഉയർത്തി. പദ്ധതി പ്രഖ്യാപിച്ചപ്പോൾ 3500 വിദ്യാർഥികളായിരുന്നു. ഖത്തറിലെ 46 സ്വകാര്യ സ്കൂളുകളും കിന്റർഗാർട്ടനുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലായി 4,000 വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസമോ ഫീസ് ഇളവോ ലഭിക്കും. പദ്ധതിയിൽ പങ്കാളികളായ സ്കൂളുകളെയും കിന്റർഗാർട്ടനുകളെയും കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതിർ ആദരിച്ചു.
വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി, അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാർ, ലൈസൻസ് ഉടമകൾ, സ്വകാര്യ സ്കൂളുകളുടെയും കിന്റർഗാർട്ടനുകളുടെയും ഡയറക്ടർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാഭ്യാസം എന്നത് വെറുമൊരു സേവനമല്ല, മറിച്ച് മാനവിക വികസനത്തിനായുള്ള നിക്ഷേപമാണെന്നും ഈ പദ്ധതിയെന്നും അവർ അഭിപ്രായപ്പെട്ടു.
സാമൂഹിക ഉത്തരവാദിത്ത പദ്ധതിയിൽ പങ്കെടുത്ത സ്വകാര്യ സ്കൂളുകളെ ആദരിക്കുന്ന ചടങ്ങിൽനിന്ന്
പദ്ധതിയിലെ സീറ്റുകളുടെ എണ്ണം 4,000 ആയി ഉയർന്നതായി മന്ത്രാലയം ചടങ്ങിൽ വെളിപ്പെടുത്തി. 10 വർഷത്തിനുള്ളിൽ പദ്ധതിയിലെ സൗജന്യ സീറ്റുകളുടെ ഏകദേശ മൂല്യം കണക്കാക്കുമ്പോൾ 18.6 ബില്യൺ റിയാലോളം വരുമെന്നും മന്ത്രാലയം വ്യക്തമാക്കി. പൂർണമായും സൗജന്യമായ സീറ്റുകൾ, ഫീസ് നിരക്കിളവ് ലഭിക്കുന്ന സീറ്റുകൾ, ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ച സൗജന്യ സീറ്റുകൾ, ഖത്തറി വിദ്യാർഥികൾക്കായുള്ള എജുക്കേഷൻ വൗച്ചർ സീറ്റുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി അർഹരായ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം.തിരഞ്ഞെടുത്ത സ്കൂളുകളിൽ സൗജന്യ ഈവനിങ് എജുക്കേഷൻ പ്രോഗ്രാമുകളും ലഭ്യമാണ്. മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള വരുമാന പരിധിക്കുള്ളിലുള്ള എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം.
സ്വകാര്യ സ്കൂളുകളുടെയും കിന്റർഗാർട്ടനുകളുടെയും സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് സൗജന്യവും ഫീസ് ഇളവുള്ളതുമായ സീറ്റുകൾ വാഗ്ദാനം ചെയ്യുന്നത്. ഇതിനായുള്ള ഇലക്ട്രോണിക് രജിസ്ട്രേഷൻ ജനുവരി 20ന് ആരംഭിക്കുന്നതാണ്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ബ്രിട്ടീഷ്, ഇന്ത്യൻ, അമേരിക്കൻ, നാഷണൽ കരിക്കുലങ്ങൾ പിന്തുടരുന്ന സ്കൂളുകളിൽ ഈ സൗകര്യം ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.