ദോഹ: സ്വകാര്യ സ്കൂളുകളുടെയും കിന്റർഗാർട്ടനുകളുടെയും സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി സൗജന്യവും നിരക്കിളവുള്ളതുമായ സീറ്റുകൾക്ക് അപേക്ഷിക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. പദ്ധതി പ്രകാരം വിവിധ സ്വകാര്യ സ്കൂളുകളിലായി സൗജന്യവും നിരക്കിളവുള്ളതുമായ സീറ്റുകളാണ് ലഭ്യമാവുക. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഗ്രാജുവേഷൻ കഴിയുന്നത് വരെ ഈ ആനുകൂല്യം വിദ്യാർഥികൾക്ക് ലഭിക്കും. ബ്രിട്ടീഷ്, ഇന്ത്യൻ, അമേരിക്കൻ, നാഷനൽ കരിക്കുലങ്ങൾ പിന്തുടരുന്ന വിവിധ സ്കൂളുകളിൽ സൗകര്യം ലഭ്യമാണ്. വിദ്യാഭ്യാസ രംഗത്ത് തുല്യത ഉറപ്പാക്കാനും സാമൂഹിക വികസനം ലക്ഷ്യമിട്ടുമുള്ള ഖത്തർ നാഷനൽ വിഷൻ 2030ന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
പൂർണമായും സൗജന്യമായ സീറ്റുകൾ, ഫീസ് നിരക്കിളവ് ലഭിക്കുന്ന സീറ്റുകൾ, ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ചിട്ടുള്ള സൗജന്യ സീറ്റുകൾ, ഖത്തറി വിദ്യാർഥികൾക്കായുള്ള എജുക്കേഷൻ വൗച്ചർ സീറ്റുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി അർഹരായ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുത്ത സ്കൂളുകളിൽ സൗജന്യ ഈവനിങ് എജുക്കേഷൻ പ്രോഗ്രാമുകളും ലഭ്യമാണ്. മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള നിശ്ചിത വരുമാന പരിധിക്കുള്ളിലുള്ള ഖത്തരികൾക്കും താമസക്കാർക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാം.
സൗജന്യ സീറ്റുകൾ:
1.കുടുംബത്തിന്റെ മാസവരുമാനം 10,000 ഖത്തർ റിയാലിൽ താഴെയുള്ള താമസക്കാർക്ക് അപേക്ഷിക്കാം.
2. കുടുംബ മാസവരുമാനം 25,000 ഖത്തർ റിയാലിൽ താഴെയുള്ള ഖത്തരി കുടുംബങ്ങൾക്ക് അപേക്ഷിക്കാം
നിരക്കിളവുള്ള സീറ്റുകൾ:
1.കുടുംബത്തിന്റെ മാസവരുമാനം 15,000 റിയാലിൽ താഴെയുള്ള താമസക്കാർക്ക് അപേക്ഷിക്കാം.
2. കുടുംബത്തിന്റെ മാസവരുമാനം 25,000 റിയാലിൽ താഴെയുള്ള ഖത്തരികൾക്ക് അപേക്ഷിക്കാം.
ഖത്തരി വിദ്യാർഥികൾ (വൗച്ചർ സീറ്റുകൾ): കുടുംബത്തിന്റെ മാസവരുമാനം 25,000 റിയാലിൽ താഴെയുള്ളവർക്ക് മാത്രമായുള്ളത്.
സൗജന്യവും നിരക്കിളവുള്ളതുമായ സീറ്റുകൾക്ക് അപേക്ഷിക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. രക്ഷിതാവ് സർക്കാർ മേഖലയിലെ ജീവനക്കാരനായിരിക്കരുത്. വിദ്യാർഥിയുടെയും രക്ഷിതാവിന്റെയും നിശ്ചിത രേഖകൾ സമർപ്പിച്ച് മാരിഫ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. മന്ത്രാലയത്തിന്റെ https://eduservices.edu.gov.qa/WebParts/Login/?ReturnUrl=%2fWebParts%2fSRP# ലിങ്ക് വഴിയോ അല്ലങ്കിൽ വാർത്തയിൽ നൽകിയിരിക്കുന്ന ക്യ.ആർ കോഡ് സ്കാൻ ചെയ്തോ രജിസ്ട്രേഷൻ പൂർത്തിയാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.