രാ​ജ്യാ​ന്ത​ര ക​ട​ല്‍സു​ര​ക്ഷാ​ പ്ര​തി​രോ​ധ സ​മ്മേ​ള​നത്തിന് തുടക്കം

ദോഹ: ഏഴാമത് രാജ്യാന്തര കടല്‍സുരക്ഷാ പ്രതിരോധ സമ്മേളനം (ദോഹ ഇന്റര്‍നാഷനല്‍ മാരിടൈം ഡിഫന്‍സ് എക്സിബിഷന്‍ ആൻറ്​ കോൺഫറന്‍സ് -ഡിംഡെക്സ്) തുടക്കം. ഖത്തര്‍ സായുധ സേന സംഘടിപ്പിക്കുന്ന ഡിംഡെക്സ് പ്രദർശനത്തിന് ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്തു. മുന്‍ എഡിഷനുകളെ അപേക്ഷിച്ച് കൂടുതല്‍ വിപുലമായ രീതിയിലാണ് ഇത്തവണ സമ്മേളനം ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശന നഗരിയുടെ വലുപ്പം കൊണ്ടും പങ്കാളിത്ത രാജ്യങ്ങളുടെ എണ്ണംകൊണ്ടും മുന്‍വര്‍ഷങ്ങളിലെ എഡിഷനുകളേക്കാള്‍ ബൃഹത്താണ് ഇത്തവണത്തെ പ്രദര്‍ശനം.



ഉദ്ഘാടനത്തിന് ശേഷം സമുദ്ര പ്രതിരോധ, സുരക്ഷാ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഒരുക്കിയ പ്രദർശന നഗരി അമീർ സന്ദർശിച്ചു. ലോകോത്തര കമ്പനികൾ അവതരിപ്പിച്ച ഏറ്റവും പുതിയ പ്രതിരോധ സാങ്കേതികവിദ്യകളും ഉപകരണങ്ങളും വിലയിരുത്തുകയും ചെയ്തു. കപ്പൽ നിർമാണം, ആശയവിനിമയ സംവിധാനങ്ങൾ, റഡാർ, മിസൈലുകൾ, കടൽ മൈനുകൾ, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) തുടങ്ങിയ മേഖലകളിലെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ അമീർ നിരീക്ഷിച്ചു. ​വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, ഉന്നത സുരക്ഷാ -സൈനിക ഉദ്യോഗസ്ഥർ, നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ​ദേശീയ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ ഖത്തർ സായുധ സേനയുടെ പ്രാദേശിക -അന്തർദേശീയ തലങ്ങളിലെ പങ്കും ദൗത്യങ്ങളും വ്യക്തമാക്കുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഖത്തർ അമീരി നേവൽ ഫോഴ്സ് കമാൻഡർ മേജർ ജനറൽ (നേവി) അബ്ദുല്ല ബിൻ ഹസ്സൻ അൽ സുലൈതി സ്വാഗതം പറഞ്ഞു.

നാല് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ ഇരുനൂറിലധികം പ്രാദേശിക -അന്തർദേശീയ കമ്പനികൾ പങ്കെടുക്കും. 40,000 ചതുരശ്ര മീറ്ററിലധികം സ്ഥലത്തായി ഒരുക്കിയ സ്ഥലത്ത് 200 ലധികം കമ്പനികൾക്ക് പുറമെ എട്ട് പ്രധാന അന്താരാഷ്ട്ര പവലിയനുകളും പ്രദർശനത്തിലുണ്ട്.

മിഡിൽ ഈസ്റ്റ് നേവൽ കമാൻഡേഴ്സ് കോൺഫറൻസ്, വിദേശ കപ്പലുകളുടെ ആഗമനം, വി.ഐ.പി പ്രതിനിധികളുടെ കൂടിക്കാഴ്ചകൾ എന്നിവ ഡിംഡെക്സിന്റെ ഭാഗമായി നടക്കും. ജനുവരി 20 മുതൽ 22 വരെ പ്രത്യേക വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിരോധ മേഖലയിലെ തന്ത്രപ്രധാനമായ കരാറുകൾ ഒപ്പിടുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും പുതിയ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരു ആഗോള വേദിയായി ഡിംഡെക്സ് മാറിയിട്ടുണ്ടെന്ന് ബ്രിഗേഡിയർ അൽ അൻസാരി കൂട്ടിച്ചേർത്തു.

Tags:    
News Summary - International Maritime Security Conference begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.