ദോഹ: ഗസ്സയുടെ ഭരണത്തിനായി ഫലസ്തീൻ കമ്മിറ്റി രൂപീകരിച്ചതിനെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി) സ്വാഗതം ചെയ്തു. യു.എൻ സമഗ്ര സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതിനെയും യോഗത്തിൽ നേതാക്കൾ പ്രശംസിച്ചു.
ഗസ്സയും അധിനിവേശ നഗരമായ അൽ ഖുദ്സ് ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്കും തമ്മിലുള്ള ഭൂമിശാസ്ത്രപരവും ഭരണപരവുമായ ഐക്യം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ദ്വിരാഷ്ട്ര പരിഹാരത്തെ തകർക്കുന്ന ഇസ്രായേൽ നയങ്ങൾക്കെതിരെ അന്താരാഷ്ട്ര സമ്മർദം ചെലുത്തണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു. ഭൂമി പിടിച്ചെടുക്കൽ, കുടിയേറ്റ വിപുലീകരണം, നിർബന്ധിത കുടിയൊഴിപ്പിക്കൽ എന്നിവ അവസാനിപ്പിക്കണം.
ഇസ്രായേൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുന്ന ഫലസ്തീന്റെ നികുതി വരുമാനം വിട്ടുനൽകാൻ ഇസ്രായേലിനെ നിർബന്ധിക്കണം. തങ്ങളുടെ അധികാരം വിനിയോഗിക്കാൻ ഫലസ്തീൻ സർക്കാറിനെ പ്രാപ്തരാക്കണം. 1967ലെ അതിർത്തികൾ പ്രകാരം സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടണമെന്നും യു.എൻ പ്രമേയങ്ങളുടെയും അറബ് സമാധാന സംരംഭത്തിന്റെയും അടിസ്ഥാനത്തിൽ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്നും ഒ.ഐ.സി വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.