ന്യൂഡൽഹി ലോക പുസ്തകമേളയിലെ ഖത്തർ പവിലിയൻ
ദോഹ: ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ നടക്കുന്ന ലോക പുസ്തകമേളയിൽ അതിഥി രാജ്യമായി പങ്കെടുക്കുന്ന ഖത്തറിന്റെ പവലിയൻ കാണാൻ സന്ദർശകത്തിരക്ക്.
ഖത്തറിന്റെ സാംസ്കാരിക പൈതൃകവും സാഹിത്യ രംഗത്തെ സംഭാവനകളും വിളിച്ചോതുന്ന പ്രദർശനം സന്ദർശകർക്കിടയിൽ വലിയ താൽപര്യമാണ് സൃഷ്ടിക്കുന്നത്. ഖത്തരി സംസ്കാരം, പ്രസാധനാലയങ്ങൾ, കരകൗശലവസ്തുക്കൾ എന്നിവ പവലിയനിലൂടെ സന്ദർശകർക്ക് അടുത്തറിയാം. ഖത്തർ സാംസ്കാരിക മന്ത്രാലയം ഒരുക്കിയിരിക്കുന്ന പവലിയനിൽ രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ കുറിച്ചുള്ള മൊത്തത്തിലുള്ള ചിത്രം അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രാലയത്തിലെ ലൈബ്രറി ഡിപാർട്ട്മെന്റ് ഡയറക്ടർ ജാസിം അഹമ്മദ് അൽ ബുഐനൈൻ ഖത്തർ ന്യൂസ് ഏജൻസിയോട് പറഞ്ഞു.
ഖത്തറി സംസ്കാരം ഇന്ത്യൻ ജനതക്ക് പരിചയപ്പെടുത്തുന്നതിനായി പല പുസ്തകങ്ങളും വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഖത്തറിന്റെ തനതായ കരകൗശല വസ്തുക്കളുടെ പ്രദർശനവും അറബിക് കാലിഗ്രഫി പ്രദർശനവും പവിലിയന്റെ പ്രധാന ആകർഷണമാണ്. ഖത്തറിലെയും ഇന്ത്യയിലെയും പ്രസാധകർ തമ്മിൽ ആശയവിനിമയം നടത്തുന്നതിനും പുസ്തകങ്ങളുടെ വിവർത്തനം, പകർപ്പവകാശം എന്നിവയിൽ സഹകരിക്കുന്നതിനുമായി പ്രത്യേക പാനൽ ചർച്ച വേദിയും ഒരുക്കിയിട്ടുണ്ട്. കൂടാതെ, ഖത്തറിൽ നിന്നുള്ള നാടൻ കലാസംഘങ്ങൾ അവതരിപ്പിക്കുന്ന കലാരൂപങ്ങൾ ഇന്ത്യൻ പ്രേക്ഷകർക്ക് ഖത്തറിന്റെ തനത് കലകളെ അടുത്തറിയാൻ അവസരമൊരുക്കും. ഖത്തറിലെ നാടോടി കലകൾ, പരമ്പരാഗത 'അർദ' നൃത്തം എന്നിവ ഖത്തരി സംഘം മേളയിൽ അവതരിപ്പിക്കും.
ഖത്തറിലെ സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന ചർച്ചകളും പാനൽ സംവാദങ്ങളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. ജനുവരി 18 വരെ നീണ്ടുനിൽക്കുന്ന പുസ്തകമേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകരും സാംസ്കാരിക സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.