ലോക പുസ്തകമേളയുടെ ഉദ്ഘാടനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നിർവഹിക്കുന്നു. ഖത്തർ സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് ആൽഥാനി, സ്പെയിൻ സാംസ്കാരിക മന്ത്രി ഏണസ്റ്റ് ഉർട്ടാസുൻ ഡൊമിനിക് എന്നിവർ സമീപം
ന്യൂഡൽഹി ലോക പുസ്തകമേളയുടെ ഉദ്ഘാടന ചടങ്ങിൽനിന്ന്
ദോഹ: ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്തു. ഖത്തർ സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് ആൽഥാനി, സ്പെയിൻ സാംസ്കാരിക മന്ത്രി ഏണസ്റ്റ് ഉർട്ടാസുൻ ഡൊമിനിക് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. “ഇന്ത്യൻ സൈനിക ചരിത്രം: വീര്യവും വിവേകവും @ 75” എന്നതാണ് ഈ വർഷത്തെ ബുക്ക് ഫെയറിന്റെ പ്രമേയം. സൈനിക ചരിത്രത്തെ ആസ്പദമാക്കിയുള്ള 1,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള തീം പവിലിയനാണ് പ്രദർശനത്തിലെ പ്രധാന ആകർഷണം.
വിവിധ ആശയങ്ങളുടെ ഒത്തുചേരൽ മാത്രമല്ല, ഇന്ത്യയുടെ കരുത്തുറ്റതും ഊർജസ്വലവുമായ വായനാ സംസ്കാരത്തിന്റെ മഹത്തായ ആഘോഷം കൂടിയാണ് ബുക്ക് ഫെയർ എന്ന് ഉദ്ഘാടനം ചെയ്ത് മന്ത്രി ധർമേന്ദ്ര പ്രധാൻ അഭിപ്രായപ്പെട്ടു. ഖത്തർ, സ്പെയിൻ എന്നീ രാജ്യങ്ങളുടെ പങ്കാളിത്തം മേളയുടെ പ്രാധാന്യം വർധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറിന്റെ പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നുവെന്നും അറിവാണ് രാഷ്ട്രനിർമാണത്തിന്റെ അടിത്തറയെന്നും ഖത്തർ സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് ആൽഥാനി വ്യക്തമാക്കി.
സ്പെയിൻ -ഇന്ത്യ ഡ്യുവൽ ഇയർ 2026-ന്റെ ഭാഗമായി തങ്ങളുടെ സാഹിത്യവും എഴുത്തുകാരെയും ഇന്ത്യയിൽ പരിചയപ്പെടുത്താനുള്ള അവസരമാണിതെന്ന് സ്പെയിൻ മന്ത്രി ഏണസ്റ്റ് ഉർട്ടാസുൻ വിശദീകരിച്ചു.
35ലധികം രാജ്യങ്ങളിൽനിന്നായി ആയിരത്തിലധികം പ്രസാധകർ പങ്കെടുക്കുന്ന ബുക്ക് ഫെയറിൽ ഒമ്പത് ദിവസങ്ങളിലായി 600ലധികം പരിപാടികൾ നടക്കും.
20 ലക്ഷത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ഖത്തരി സംസ്കാരം പരിചയപ്പെടുത്തി വേൾഡ് ബുക്ക് ഫെയറിൽ ഖത്തർ പവിലിയൻ ഒരുക്കിയിട്ടുണ്ട്.
ഖത്തരി സംസ്കാരം, പ്രസാധനാലയങ്ങൾ, കരകൗശലവസ്തുക്കൾ എന്നിവ പവിലിയനിലൂടെ സന്ദർശകർക്ക് അടുത്തറിയാം. ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത ഖത്തരി പുസ്തകങ്ങളുടെ അവതരണം, സാഹിത്യ ചർച്ചകൾ, പ്രഭാഷണങ്ങൾ, ഖത്തരി സംസ്കാരത്തിന്റെ വൈവിധ്യം വിളിച്ചോതുന്ന മറ്റ് പരിപാടികളും കരകൗശല ഉൽപന്നങ്ങളുടെ തത്സമയ നിർമാണം കാണാനും അവരുമായി സംവദിക്കാനുമുള്ള അവസരം സന്ദർശകർക്ക് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.