ലുലു ഹൈപ്പർമാർക്കറ്റിലെ നാഷനൽ പ്രൊഡക്ട് വീക്ക് ഉദ്ഘാടനം മന്ത്രാലയം അസി. അണ്ടർസെക്രട്ടറി സാലിഹ് ബിൻ മാജിദ്
അൽ ഖുലൈഫി നിർവഹിക്കുന്നു. ലുലു ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ്, മറ്റു ഉദ്യോഗസ്ഥർ എന്നിവർ സമീപം
ദോഹ: ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയവുമായി ചേർന്ന് ‘ദേശീയ ഉൽപന്ന വാരത്തിന്’ തുടക്കം കുറിച്ച് ലുലു ഹൈപ്പർമാർക്കറ്റ്. ‘ഞങ്ങളിൽനിന്ന്, ഞങ്ങൾക്കുവേണ്ടി’ എന്ന സന്ദേശവുമായാണ് മന്ത്രാലയത്തിനു കീഴിൽ ഖത്തറിലെ മുഴുവൻ ലുലു ഹൈപ്പർമാർക്കറ്റുകളിലുമായി ഖത്തരി ഉൽപന്നങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് ദേശീയ ഉൽപന്ന വാരം വിൽപനാഘോഷങ്ങൾ ആരംഭിച്ചത്.
വാണിജ്യ മന്ത്രാലയത്തിലെ വ്യവസായ കാര്യ, ബിസിനസ് ഡെവലപ്മെന്റ് അസി. അണ്ടർ സെക്രട്ടറി സാലിഹ് ബിൻ മാജിദ് അൽ ഖുലൈഫി ‘നാഷനൽ പ്രോഡക്സ് വീക്’ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ്, മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, ഖത്തരി അതിഥികൾ, ലുലു മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഒരാഴ്ച നീളുന്ന വിൽപന മേള മാർച്ച് ഒന്നിന് അവസാനിക്കും. ഏറ്റവും മികച്ച ഗുണമേന്മയുള്ള ഖത്തരി ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവുമായാണ് ‘നാഷനൽ പ്രോഡക്ട് വീക്ക്’ ആരംഭിച്ചത്. ഖത്തറിന്റെ സമ്പന്നമായ പൈതൃകവും സാംസ്കാരിക പാരമ്പര്യവും പ്രകടമാക്കുന്നത് കൂടിയാണ് മേള. പച്ചക്കറികൾ, സസ്യങ്ങൾ, കോഴി, മുട്ട, ആട്ടിറച്ചി, പാലുൽപന്നങ്ങൾ, ശീതീകരിച്ച ഭക്ഷണങ്ങൾ, ബേക്കറി, വിവിധതരം പലചരക്ക് സാധനങ്ങൾ, ആരോഗ്യ, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങി ഖത്തറിൽ ഉൽപാദിപ്പിക്കുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ലഭ്യമാകും.
മന്ത്രാലയത്തിന്റെ ദേശീയ ഉൽപന്ന വാരത്തിൽ ലുലു ഗ്രൂപ് പങ്കു ചേരുന്നത് സന്തോഷകരമാണെന്ന് അൽ ഖുലൈഫി പറഞ്ഞു. 500ൽ അധികം പ്രാദേശിക ഉൽപന്നങ്ങൾ ലുലു വൈറ്റ് ലേബൽ ചെയ്തിരിക്കുന്നതായും. ഇതൊരു മികച്ച ചുവടുവെപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ മെയ്ഡ് ഇൻ ഖത്തർ മുദ്രയോടെ സ്വദേശി ഉൽപന്നങ്ങൾ ഹൈപ്പർമാർക്കറ്റുകളിലൂടെ വിപണിയിലെത്തുന്നത് അഭിമാനകരമെന്ന് വിശേഷിപ്പിച്ച അദ്ദേഹം റമദാൻ വിപണിയിൽ ഖത്തരി ഉൽപന്നങ്ങളുടെ വർധന പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
എല്ലാ വർഷവും ഡിസംബറിൽ ദേശീയ ഉൽപന്ന വാരം ലുലുവിൽ ഒരുക്കുന്നതായും, ഇത്തവണ ഫെബ്രുവരിയിൽതന്നെ സംഘടിപ്പിക്കുകയാണെന്നും ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. 300ഓളം സ്വകാര്യ ഖത്തരി ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ ലുലു വിപണിയിലെത്തിക്കുന്നു. തദ്ദേശീയ ബ്രാൻഡുകൾക്കുള്ള പിന്തുണകൂടിയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച നാഷനൽ പ്രൊഡക്ട് വീക്ക് മേളയിൽനിന്ന്
ഇതോടൊപ്പം ഫെബ്രുവരി 23 മുതൽ മാർച്ച് 23 വരെ ഷോപ് ആൻഡ് വിൻ കാമ്പയിനും ലുലു ആരംഭിച്ചു. സ്വദേശി ഉൽപന്നങ്ങളുടെ ഷോപ്പിങ് പ്രോത്സാഹിപ്പിക്കുന്നത് റിവാർഡും പ്രഖ്യാപിച്ചു. 25 റിയാലിനോ അതിന് മുകളിലോ ഖത്തരി ഉൽപന്നങ്ങൾ വാങ്ങുന്നതിലൂടെ ഇ റാഫിൽ കൂപ്പൺ നറുക്കെടുപ്പിൽ പങ്കുചോരാം. ഒരു ലക്ഷം റിയാൽ വരെ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറുകളാണ് സമ്മാനമായി കാത്തിരിക്കുന്നത്. നറുക്കെടുപ്പ് മാർച്ച് 26ന് നടക്കും. 20 വിജയികൾക്ക് 5000 റിയാൽ വീതം ഗിഫ്റ്റ് വൗച്ചറുകളാണ് സമ്മാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.