പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന
കാബിനറ്റ് യോഗത്തിൽനിന്ന്
ദോഹ: സംഭാഷണത്തിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും തർക്കം പരിഹരിക്കാനും, ഇറാനെയും മേഖലയെയും യുദ്ധഭീഷണികളിൽ നിന്ന് ഒഴിവാക്കാനും ഖത്തർ നടത്തുന്ന ശ്രമങ്ങൾ കണക്കിലെടുക്കാതെ രാജ്യത്തിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് ഒരു ന്യായീകരണവും നൽകാൻ കഴിയില്ലെന്ന് ഖത്തർ കാബിനറ്റ്. രാജ്യത്തിനു നേരെയുള്ള ആക്രമണത്തെ ശക്തമായി അപലപിച്ച യോഗം, രാജ്യത്തിന്റെ സ്വയംഭരണത്തിനും സുരക്ഷക്കും പ്രദേശിക സമഗ്രതക്കും നേരെയുള്ള ആക്രമണമാണിതെന്നും വ്യക്തമാക്കി.
സ്വയംഭരണവും സുരക്ഷയും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി ആക്രമണത്തിനെതിരെ പ്രതികരിക്കാനുമുള്ള പൂർണ്ണ അവകാശം ഖത്തറിനുണ്ടെന്നും കാബിനറ്റ് വിശദീകരിച്ചു.
ബുധനാഴ്ച അമീരി ദിവാനിൽ നടന്ന കാബിനറ്റ് യോഗത്തിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി അധ്യക്ഷത വഹിച്ചു.രാജ്യത്തെ ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണങ്ങളെ വിജയകരമായി ചെറുക്കുന്നതിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിനിയുടെ നേതൃത്വത്തിൽ ഖത്തർ സായുധ സേന വഹിച്ച നിർണായക പങ്കിനെയും, ബന്ധപ്പെട്ട അധികാരികൾ തമ്മിലുള്ള ഏകോപനത്തെയും മന്ത്രിസഭ പ്രശംസിച്ചു.
സൗദി അറേബ്യ, യുഎ.ഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ജോർഡൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണങ്ങളെയും അപലപിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശങ്ങൾക്കനുസൃതമായി, നിലവിലെ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ എല്ലാ ബന്ധപ്പെട്ട അധികാരികളും ഏറ്റവും ഉയർന്ന സന്നദ്ധതയോടെ തങ്ങളുടെ കടമകൾ നിർവഹിക്കുന്നുണ്ടെന്ന് മന്ത്രിസഭ വിലയിരുത്തി.
വ്യോമ പ്രതിരോധ സംവിധാനങ്ങളും യുദ്ധവിമാനങ്ങളും നിരീക്ഷണ, മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളും കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ ബിൻ അലി ആൽഥാനി വിശദീകരിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ബാഹ്യ ഭീഷണിയെ നേരിടുന്നതിനുമുള്ള പൂർണ്ണ ശേഷി ഖത്തർ സായുധ സേനക്കുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
രാജ്യത്തെ സുരക്ഷാ സാഹചര്യം സുസ്ഥിരമാണെന്നും പൂർണ്ണ നിയന്ത്രണത്തിലാണെന്നും ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി വിശദീകരിച്ചു. മേഖലയിലെ വിവിധ സാഹചര്യങ്ങളെ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുന്നുണ്ട്, ബന്ധപ്പെട്ട എല്ലാ അധികാരികളും പൂർണ്ണ ഏകോപനത്തിലും ഫലപ്രദമായ സംയോജനത്തിലും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷയാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.