ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, അബ്ബാസ് അരാഗ്ചി
ദോഹ: ഖത്തറിനു നേരെയുള്ള ഇറാൻ ആക്രമണം സംഘർഷം അവസാനിപ്പിക്കാനുള്ള ആഗ്രഹത്തെ അല്ല സൂചിപ്പിക്കുന്നതെന്നും മറിച്ച്, അയൽരാജ്യങ്ങളെ ദ്രോഹിക്കാനും അവരെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനുമാണ് ശ്രമിക്കുന്നതെന്നും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി.
യുദ്ധത്തിൽ നിന്ന് അകന്നു നിൽക്കുന്ന മേഖലയിലെ രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും അവരുടെ ജനങ്ങളുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് ഖത്തർ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. അമേരിക്കൻ താൽപര്യങ്ങളെ ലക്ഷ്യമിട്ടാണ് മിസൈൽ ആക്രമണങ്ങൾ നടത്തിയതെന്ന അബ്ബാസ് അരാഗ്ചിയുടെ അവകാശവാദങ്ങളെയും ഖത്തർ പ്രധാനമന്ത്രി നിരാകരിച്ചു. ഖത്തറിലെ സിവിലിയൻ, റെസിഡൻഷ്യൽ പ്രദേശങ്ങളെയും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ, എൽ.എൻ.ജി ഉൽപാദന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള വ്യാവസായിക മേഖലകൾ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണങ്ങൾ ഉണ്ടായത്.
ഇത് ഖത്തറിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ്. മിസൈലുകളിൽ മാത്രമല്ല, ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളും, ഖത്തർ വ്യോമാതിർത്തി ലംഘിച്ച ഇറാന്റെ വിമാനങ്ങളും ഖത്തർ സായുധ സേന ചെറുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തർ എപ്പോഴും സംഭാഷണത്തിനും നയതന്ത്രത്തിനും മുൻഗണന നൽകിയിട്ടുണ്ടെന്നും എല്ലാ കക്ഷികളുമായും വിശ്വാസത്തോടെയാണ് ഇടപെട്ടിട്ടുള്ളതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, ദേശീയ താൽപര്യങ്ങൾ എന്നിവയെ ലംഘിക്കുന്ന ഏതൊരു ആക്രമണത്തെയും നേരിടും.
ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെ ആർട്ടിക്കിൾ 51 പ്രകാരമുള്ള സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിന് അനുസൃതമായി, ആക്രമണങ്ങൾക്ക് മറുപടി നൽകാതെ വിടാൻ കഴിയില്ലെന്നും അദ്ദേഹം വിശദമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.