ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ദർബ് അൽ സാഇ പരിപാടികൾ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം
ആൽഥാനി സന്ദർശിക്കുന്നു
ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദർബ് അൽ സാഇയിൽ നടക്കുന്ന പരിപാടികൾ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി സന്ദർശിച്ചു.ദർബ് അൽ സാഇയിലെ പവിലിയനുകൾ ചുറ്റിക്കണ്ട അദ്ദേഹം പൈതൃക -സാംസ്കാരിക പരിപാടികളെക്കുറിച്ചും പ്രോഗ്രാമുകളെക്കുറിച്ചും മനസ്സിലാക്കുകയും ചെയ്തു.‘നിങ്ങളാൽ ഉയർച്ച, നിങ്ങളിൽ പ്രതീക്ഷ’ (ബികും തഅ് ലൂ വ മിൻകും തൻതദിർ) എന്ന ഏറെ ശ്രദ്ധേയമായ മുദ്രാവാക്യമാണ് ഈ വർഷത്തെ ഖത്തർ ദേശീയ ദിനത്തിന്റെ മുദ്യാവാക്യം. 2016ൽ ഖത്തർ യൂനിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങിൽ അമീർ നടത്തിയ പ്രസംഗത്തിൽനിന്നാണ് ഈ വർഷത്തെ ഖത്തർ ദേശീയ ദിനത്തിന്റെ മുദ്യാവാക്യം രൂപപ്പെട്ടത്.
ദേശീയ പൈതൃകം സംരക്ഷിക്കാനും അത് ഭാവി തലമുറകളിലേക്ക് കൈമാറാനും ലക്ഷ്യമിട്ട് വിവിധങ്ങളായ പരിപാടികൾ ദർബ് അൽ സാഇയിൽ അവസരമൊരുക്കുന്നു. ഉം സലാലിലെ സ്ഥിരം വേദിയിൽ വിവിധ പരിപാടികളുമായി ഡിസംബർ 20 വരെ ദർബ് അൽ സാഇയിൽ ദേശീയ ദിനാഘോഷം നീണ്ടുനിൽക്കും. സാംസ്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരമ്പരാഗത സാംസ്കാരിക പരിപാടികൾ അരങ്ങേറുന്നത്.ഖത്തരി സ്വത്വത്തിന്റെ സവിശേഷതകളെയും സമ്പന്നമായ പൈതൃകത്തെയും സാമൂഹിക മൂല്യങ്ങളെയും പുതുതലമുറക്കും സന്ദർശകർക്കും പരിചയപ്പെടുത്തുന്ന വൈവിധ്യമാർന്ന പ്രദർശനങ്ങളാണ് ദർബ് അൽ സാഇയിൽ ഒരുക്കിയിട്ടുള്ളത്.അൽ മുക്തിർ, അൽ ഇസ്ബ എന്നീ ഹെറിറ്റേജ് ക്യാമ്പുകളാണ് പരിപാടികളുടെ പ്രധാനപ്പെട്ട സവിശേഷതകൾ. ഈ പരമ്പരാഗത കൂടാരങ്ങൾ ഖത്തരി മരുഭൂമിയിലെ ജീവിതത്തിന്റെ യഥാർഥ അവതരണം സന്ദർശകർക്കായി ഒരുക്കും.
യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ഗോത്രഭാഷകൾ, മരുഭൂമിയിലെ വഴികൾ, സ്ഥലങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള കവിതാ, കടങ്കഥ മത്സരങ്ങൾ സന്ദർശകർക്കായി സംഘടിപ്പിക്കുന്നുണ്ട്.കുട്ടികൾക്ക് ഒട്ടക സവാരിയുടെ അനുഭവം ആസ്വദിക്കാനും മരുഭൂമിയിലെ അതിന്റെ ജീവിതത്തെക്കുറിച്ച് വിശദാംശങ്ങൾ പഠിക്കാനും അവസരമൊരുക്കുന്ന അൽ ഇസ്ബ ഹെറിറ്റേജ് ക്യാമ്പ് പ്രധാന പരിപാടികളിലൊന്നാണ്. ഫാൽക്കൺറി ആൻഡ് ഹണ്ടിങ് ഹൗസ്, സ്ത്രീകളുടെ കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കുന്ന നെയ്ത്തുശാല, ഡെയറി പ്രൊഡക്ഷൻ ഹൗസ് തുടങ്ങിയ പൈതൃക ഭവനങ്ങളും ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്.
കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേക ഇടം തന്നെ ദർബ് അൽ സാഇയിൽ സ്ഥാപിച്ചിട്ടുണ്ട്. വിവിധ കായിക വിനോദങ്ങൾ ഉൾപ്പെടെ കുട്ടികൾക്കായി വിവിധ പരിപാടികൾ തുറന്ന വേദികളിൽ സംഘടിപ്പിക്കും.ഡിസംബർ 20 വരെ ദിവസവും വൈകീട്ട് മൂന്ന് മുതൽ രാത്രി 11 വരെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് ആൽഥാനിയും നിരവധി ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു.
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുതൽ ഷെറാട്ടൺ ഹോട്ടൽ വരെ സമുദ്ര ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പൊതുസുരക്ഷ നടപടികൾ സ്വീകരിക്കുന്നതിനായാണ് ഡിസംബർ 16 മുതൽ 19 വരെ നിയന്ത്രണം ഏർപ്പെടുത്തിയത്.
ഈ ദിവസങ്ങളിൽ സമുദ്ര ഗതാഗതം താൽക്കാലികമായി നിർത്തിവെക്കാൻ ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു. ദേശീയദിന പരിപാടികളുടെ വിജയം ഉറപ്പാക്കാൻ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്ന് മന്ത്രാലയം എല്ലാവരോടും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.