ദോഹ: വാഹനങ്ങൾ ഓടിക്കാം. എന്നാൽ, വലിയ ശബ്ദങ്ങളോടെ അലറിവിളിച്ച് നിരത്തിലൂടെ ഓടിയാൽ ഡീലർമാരുടെ പോക്കറ്റും കീറും ജയിലിലുമാവും. ശബ്ദമലിനീകരണം സൃഷ്ടിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധമുള്ള വാഹനയോട്ടത്തിന് തടയിട്ട് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. വാഹനങ്ങളില്‍നിന്നുള്ള ശബ്ദമലിനീകരണം തടയുന്നതിന്റെ ഭാഗമായി കാര്‍, ബൈക്ക് ഡീലര്‍മാര്‍ക്കും വർക്ക്ഷോപ്പുകൾക്കുമായി മന്ത്രാലയം സര്‍ക്കുലര്‍ നല്കി. നിയമം ലംഘിച്ചാല്‍ ഒരുലക്ഷം റിയാല്‍ വരെ പിഴയും രണ്ടുവര്‍ഷം തടവുമാണ് ശിക്ഷ. രാജ്യത്ത് നിരത്തുകളിലിറങ്ങുന്ന കാറുകളും ബൈക്കുകളും ശബ്ദമലിനീകരണം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഖത്തരി ജനറൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേഡ്സ് ആൻഡ് മീറ്ററോളജി നിർദേശിച്ച ഖത്തരി സ്റ്റാൻഡേഡ്സ് എല്ലാ വാഹനങ്ങളും പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. 2008ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെയും അതുസംബന്ധിച്ച ഭേദഗതി നിർദേശങ്ങളെയും അടിസ്ഥാനമാക്കിയാണ് വാഹനശബ്ദം സംബന്ധിച്ച് വിശദീകരിക്കുന്നത്.
ഓരോ വാഹനത്തിനും അനുവദിക്കപ്പെട്ട ശബ്ദത്തില്‍ കൂടുതല്‍ അവ പുറപ്പെടുവിക്കുന്നില്ലെന്ന് ഡീലര്‍മാര്‍ ഉറപ്പാക്കണം. ഏത് ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാർ, മോട്ടോർ സൈക്കിൾ ആണെങ്കിലും നിർദേശിക്കപ്പെട്ട ഡെസിബൽ ശബ്ദത്തിനുള്ളിലായിരിക്കണം ഇവയുടെ പ്രവർത്തനം. സ്റ്റാന്‍ഡേഡ് ഡെസിബലിനേക്കാള്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുന്ന സ്പെയര്‍പാര്‍ട്സുകള്‍ വാഹനങ്ങളില്‍നിന്ന് നീക്കംചെയ്യണം. അതിന് സാധ്യമല്ലാത്ത കാറുകള്‍ തിരിച്ചുവിളിക്കണമെന്നും നിർദേശമുണ്ട്. ശബ്ദം കൂട്ടുന്നതിനായി അധികമായി ഘടിപ്പിച്ചവ നീക്കംചെയ്യുകയും ഖത്തർ സ്റ്റാൻഡേഡിന് പാകമാക്കുകയും വേണം.
പിഴവുകൾ തിരുത്താൻ ഡീലർമാർക്കും ഡീലര്‍മാര്‍ക്കും വര്‍ക്ക് ഷോപ്പുകള്‍ക്കും രണ്ടുമാസം വരെ സമയം അനുവദിച്ചതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഒരുമാസം മുതൽ രണ്ടു മാസത്തിനുള്ളിൽ ഇവ തിരിച്ചുവിളിച്ചും നീക്കംചെയ്തും പ്രശ്നം പരിഹരിക്കേണ്ടതാണ്.
ശബ്ദനിയന്ത്രണ നിയമം ലംഘിച്ചാല്‍ ഡീലർമാർക്കും വർക്ക്ഷോപ്പുകൾക്കും കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. ഒരുലക്ഷം റിയാല്‍ (22.5 ലക്ഷം രൂപ) പിഴ, അല്ലെങ്കിൽ രണ്ടുവര്‍ഷം വരെ തടവ്. ഇതിനു പുറമെ മൂന്നുമാസം വരെ സ്ഥാപനം അടച്ചിടല്‍ എന്നിവയാണ് ശിക്ഷ. ഡീലര്‍മാരും വർക്ക്ഷോപ്പുകളും ശബ്ദമലിനീകരണം കുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് കാമ്പയിന് സംഘടിപ്പിക്കുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.