ദോഹ: ഭാവിയിൽ വരാനിരിക്കുന്ന എല്ലാ പരിപാടികൾക്കും മാരിടൈം ട്രാൻസ്പോർട്ട് സർവിസ് നടപ്പാക്കുമെന്ന് ഓൾഡ് ദോഹ പോർട്ട്. ഖത്തർ ബോട്ട് ഷോയുടെ ശ്രദ്ധേയമായ വിജയത്തെതുടർന്നാണ് ഓൾഡ് ദോഹ പോർട്ട് ഭാവിയിൽ വരാനിരിക്കുന്ന എല്ലാ പരിപാടികൾക്കും മാരിടൈം ട്രാൻസ്പോർട്ട് സർവിസ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്.
ഓൾഡ് ദോഹ പോർട്ടിൽ കൂടുതൽ സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെയും പരിപാടികളുടെയും ഭാഗമാണ് കടൽവഴിയുള്ള ഗതാഗത സേവനമെന്ന് വാർത്തക്കുറിപ്പിലൂടെ വിശദീകരിച്ചു.
സന്ദർശകരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനും പോർട്ടിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും ആതിഥേയത്വം വഹിക്കുന്ന പരിപാടികളിൽ ഉയർന്ന കാര്യക്ഷമത ഉറപ്പാക്കാനും ഈ സംരംഭത്തിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ സേവനം ആരംഭിക്കുന്നതോടെ, റിക്സോസ് ഗൾഫ് ഹോട്ടൽ ദോഹ, പേൾ ഐലൻഡ് എന്നിവിടങ്ങളിൽനിന്ന് സന്ദർശകർക്ക് എളുപ്പത്തിലും സുഗമമായും ഓൾഡ് ദോഹ പോർട്ടിൽ എത്തിച്ചേരാൻ സാധിക്കും.
നാലുദിവസം നീണ്ട ഖത്തർ ബോട്ട് ഷോയിൽ 1500ൽ അധികം യാത്രക്കാർ പ്രദർശന സ്ഥലത്ത് എത്തിച്ചേരാൻ മാരിടൈം ട്രാൻസ്പോർട്ട് സേവനം ഉപയോഗിച്ചു. സന്ദർശകർക്ക് ഓൾഡ് ദോഹ പോർട്ടും കടൽത്തീരവും ആസ്വദിക്കുന്നതിനൊപ്പം ബോട്ട് ഷോയുടെ ശ്രദ്ധേയമായ പരിപാടികളിൽ ഒന്നായി മാരിടൈം ട്രാൻസ്പോർട്ട് സർവിസ് മാറി. സമുദ്ര ഗതാഗത മേഖലയിലെ ടൂറിസത്തിനും നവീകരണത്തിനുമുള്ള കേന്ദ്രമായി ഖത്തറിന്റെ അവസരങ്ങളെ ഇത് കൂടുതൽ ശക്തിപ്പെടുത്തും.
സന്ദർശകർക്ക് നൂതനവും വികസിതവുമായ സേവനങ്ങൾ നൽകുന്നതിനും രാജ്യത്തെ സമുദ്ര, ടൂറിസം മേഖലകളെ പിന്തുണക്കുന്നതിൽ വ്യക്തമായ കാഴ്ചപ്പാടോടെയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഓൾഡ് ദോഹ പോർട്ട് സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു.
ഖത്തർ ബോട്ട് ഷോയിലെ മാരിടൈം ട്രാൻസ്പോർട്ട് സേവനത്തിന്റെ വിജയം ഇതിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു. സന്ദർശകരുടെ സഞ്ചാരം സുഗമമാക്കുന്നതിനും മികച്ച അനുഭവങ്ങൾ ഒരുക്കുന്നതിനും സേവനങ്ങൾ വികസിപ്പിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.