സ്പ്രിന്റ് റേസിൽ മേഴ്സിഡസിന്റെ ജോർജ് റസലിന്റെയും മക്ലരൻ ഓസ്കർ പിയാസ്ട്രിയുടെയും കുതിപ്പ്
ദോഹ: കാറോട്ട പ്രേമികളുടെ വേഗപ്പൂരമായ ഫോർമുല വൺ ഖത്തർ ഗ്രാൻഡ്പ്രീ മത്സരത്തിന്റെ ആവേശത്തിന് ഇന്ന് തീപ്പിടിക്കും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പരിശീലനവും യോഗ്യതാ മത്സരങ്ങളും സ്പ്രിന്റ് റേസുകളുമായി സജീവമായ എഫ്.വൺ ഗ്രാൻഡ് പ്രീയിൽ ഞായറാഴ്ച പ്രധാന പോരാട്ടത്തിന് ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ട് വേദിയാകും. ആരാധകത്തിരക്കും, ഗാലറിയിലെ വി.വി.ഐ.പി സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായ രണ്ടു ദിവസങ്ങൾക്കൊടുവിലാണ് പോരാട്ടം ഫൈനൽ ലാപ്പിലെത്തുന്നത്.
5.41 കിലോമീറ്റർ ദൈർഘ്യമുള്ള സർക്യൂട്ടിൽ 57 ലാപ്പുകളിലായാണ് ഞായറാഴ്ച രാത്രിയിലെ മെയിൻ റേസിന് ഫ്ലാഗ് ഓഫ് തുടങ്ങുന്നത്. ലോകത്തെ ഏറ്റവും വേഗതയേറിയ കാറോട്ടക്കാർ, മുൻനിര വാഹനങ്ങളിൽ റേസിങ് ട്രാക്കിൽ അണിനിരക്കുന്ന പോരാട്ടത്തിന് ഞായറാഴ്ച രാത്രി ഏഴിന് തുടക്കമാകും.
ശനിയാഴ്ച രാത്രിയിൽ നടന്ന യോഗ്യതാ റേസിലെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പോൾ പൊസിഷൻ നിർണയിക്കുന്നത്. ശനിയാഴ്ച രാത്രി ഒമ്പതിനായിരുന്നു യോഗ്യത റൗണ്ടിന്റെ തുടക്കം. ശനിയാഴ്ച വൈകുന്നേരം നടന്ന സ്പ്രിന്റ് റേസിൽ മക്ലരൻ ഓസ്കർ പിയാസ്ട്രി ജേതാവായി.
ശനിയാഴ്ച നടന്ന ഫോർമുല വൺ ഖത്തർ ഗ്രാൻഡ്പ്രീ സ്പ്രിന്റ് റേസിൽ ഒന്നാമതെത്തിയ മക്ലരൻ ഡ്രൈവർ ഓസ്കർ പിയാസ്ട്രിയുടെ ആഹ്ലാദം
19 ലാപ്പുകൾ നീണ്ടുനിന്ന അതിവേഗപ്പോരാട്ടത്തിൽ 27.03 മിനിറ്റിൽ പൂർത്തിയാക്കിയാണ് ഓസ്കർ ഒന്നാമതെത്തിയത്. കിരീടപ്പോരാട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ള മക്ലരന്റെ ലാൻഡോ നോറിസ് രണ്ടും, മേഴ്സിഡസിന്റെ ജോർ റസൽ മൂന്നും സ്ഥാനക്കാരായി.
ഇത്തവണ ഫോർമുല വൺ കിരീടം ഉറപ്പിച്ച റെഡ്ബുൾ ഡ്രൈവർ മാക്സ് വെസ്റ്റപ്പൻ എട്ടാം സ്ഥാനക്കാരനായാണ് സ്പ്രിന്റ് ഫിനിഷ് ചെയ്തത്. വെള്ളിയാഴ്ചയിലെ സ്പ്രിന്റ് യോഗ്യതാ റൗണ്ടിൽ ലാൻഡോ നോറിസായിരുന്നു ആദ്യമെത്തി പോൾ പൊസിഷനിൽ ലീഡ് പിടിച്ചത്. യോഗ്യതാ റേസിലും ചാമ്പ്യൻ വെസ്റ്റപ്പന് മുൻനിരയിലെത്താനായില്ല. ആറാമതായാണ് അദ്ദേഹം ഫിനിഷ് ചെയ്തത്.
ഒന്നും രണ്ടും സ്ഥാനക്കാരായി സ്പ്രിന്റിൽ 15 പോയന്റ് നേടിയതോടെ മെയിൻ റേസിലും മക്ലരന്റെ മുൻതൂക്കമായി. ഡ്രൈവർ ചാമ്പ്യൻഷിപ് വെസ്റ്റപ്പൻ സ്വന്തമാക്കിയപ്പോൾ, കാർ ചാമ്പ്യൻഷിപ്പിൽ മക്ലരൻ 608 പോയന്റുമായി ഒന്നാ സ്ഥാനത്താണിപ്പോൾ. ഫെരാറിയുടെ വെല്ലുവിളിയെ പിന്തള്ളിയാണ് അവരുടെ കുതിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.