റേഡിയോ മലയാളം 98.6 എഫ്.എം സംഘടിപ്പിക്കുന്ന 'ഫോർ മൈ ലവ്' സീസൺ -6 ന്റെ ലോഞ്ചിൽനിന്ന്
ദോഹ: റേഡിയോ മലയാളം 98.6 എഫ്.എം സംഘടിപ്പിക്കുന്ന സാമൂഹിക ഉത്തരവാദിത്ത പരിപാടിയായ 'ഫോർ മൈ ലവ്' -ഭാഗമായി ഇത്തവണ ഖത്തറിലേക്കെത്തുക 10 ഇണകളും ഒപ്പം അഞ്ച് അമ്മമാരും. ഫോർ മൈ ലവ് പരിപാടിയുടെ ആറാമത് എഡിഷൻ ഒമ്പതു മുതൽ 16 വരെ നടക്കുമെന്ന് റേഡിയോ മലയാളം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദീർഘകാലമായി ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട അർഹരായ 10 പേരുടെ ഇണകളും, ഒപ്പം നാട്ടിൽ ഒറ്റക്ക് കഴിയുന്ന ഖത്തർ പ്രവാസികളുടെ അമ്മമാരിൽ നിന്നും തിരഞ്ഞെടുത്ത അഞ്ചു പേരുമാണ് ഇത്തവണ ഒരാഴ്ചത്തെ സന്ദർശനത്തിന് ഖത്തറിൽ എത്തുക. കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ ഏറക്കുറെ ഒറ്റക്ക് കഴിയുന്ന അമ്മമാരെ കൂടി ഫോർ മൈ ലവ് പരിപാടിയുടെ ഭാഗമാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
പതിറ്റാണ്ടുകളായി പ്രവാസ ജീവിതം നയിച്ചിട്ടും ഒരിക്കൽ പോലും ജീവിത പങ്കാളിക്ക് തങ്ങൾ ജീവിക്കുന്ന പ്രവാസ നാട് കാണിച്ചു കൊടുക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത പ്രവാസികളുടെ ഭാര്യമാരാണ് സൗജന്യമായി ഒരാഴ്ച ഖത്തർ സന്ദർശിക്കുക. ഫെബ്രുവരി 10ന് നടക്കുന്ന പൗര സ്വീകരണത്തിൽ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരുമടക്കം നിരവധി പേർ പങ്കെടുക്കും. ചടങ്ങിൽ 10 ദമ്പതികളെയും അഞ്ച് അമ്മമാരെയും ആദരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ, തങ്ങളുടെ ഭർത്താക്കന്മാരും മക്കളും ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ച പ്രവാസ നാട് നേരിട്ട് കാണുകയും വിവിധ സ്ഥാപനങ്ങളും കൂട്ടായ്മകളും സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും. 2018ൽ 10 ഇണകൾക്ക് ഖത്തറിലേക്ക് തങ്ങളുടെ ഭർത്താക്കന്മാരെ സന്ദർശിക്കാൻ അവസരം ഒരുക്കി ആരംഭിച്ച ഫോർ മൈ ലവ് ഓരോ വർഷവും ഓരോ ദമ്പതിമാരെ വീതം വർധിപ്പിച്ച് 2025 ൽ 14 പേർക്ക് അവസരം നൽകുകയുണ്ടായി. റേഡിയോ മലയാളം & ക്യു.എഫ്.എം സി.ഇ.ഒ അൻവർ ഹുസൈൻ, ഡെപ്യൂട്ടി ജനറൽ മാനേജർ നൗഫൽ അബ്ദുറഹ്മാൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.