മുഹമ്മദ് നജീബും കുടുംബവും ട്വിൻ ടവറിന് മുന്നിൽ

മ്ലാ​ത്തി​ചേ​ട്ട​ത്തി​യു​ടെ നാ​ട്ടി​ലേ​ക്ക് -ഒ​രു സ്വ​പ്ന​യാ​ത്ര

ഓ​രോ വ​ർ​ഷ​വും ഒ​രു രാ​ജ്യ​മെ​ങ്കി​ലും സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് ഖ​ത്ത​റി​ൽ ജോ​ലി അ​ന്വേ​ഷി​ച്ച് 2009ൽ ​വ​രു​മ്പോ​ൾ തീ​രു​മാ​നി​ച്ച​താ​യി​രു​ന്നു... ഒ​ടു​വി​ൽ ആ ​യാ​ത്ര പോ​കാ​ൻ 2025 ആ​വേ​ണ്ടി​വ​ന്നു... കു​ടും​ബ​വു​മൊ​ത്ത് യാ​ത്ര പോ​കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ഓ​ൺ അ​റൈ​വ​ൽ വി​സ​യും ടി​ക്ക​റ്റ് നി​ര​ക്കും കു​റ​വാ​യ​തു​കൊ​ണ്ടും മ​ലേ​ഷ്യ​യി​ലേ​ക്ക് പോ​വാ​ൻ തീ​രു​മാ​നി​ക്കു​ക​യും വീ​ട്ടി​ൽ വി​ളി​ച്ച് ഉ​മ്മ​യോ​ട് കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ അ​വ​രും പോ​രു​ന്നു എ​ന്നു പ​റ​ഞ്ഞു. ക്വ​ലാ​ലം​പൂ​രും ല​ങ്കാ​വി​യും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ആ​റ് ദി​വ​സ​ത്തെ യാ​ത്ര​യു​ടെ ടി​ക്ക​റ്റും റി​ട്ടേ​ൺ ടി​ക്ക​റ്റും ഒ​രു മാ​സം മു​മ്പേ എ​ടു​ത്തു, ബാ​ക്കി വ​രു​ന്നി​ട​ത്തു​വെ​ച്ച് കാ​ണാം എ​ന്ന് തീ​രു​മാ​നി​ച്ചു.

കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് രാ​വി​ലെ ഒ​മ്പ​തു മ​ണി​ക്ക് വ​ന്ദേ​ഭാ​ര​തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ട്ടു, മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത കാ​റെ​ടു​ത്ത് ശം​ഖു​മു​ഖം ബീ​ച്ച്, വേ​ളി ടൂ​റി​സ്റ്റ് വി​ല്ലേ​ജു​മൊ​ക്കെ ക​റ​ങ്ങി ഫ്ര​ണ്ടി​ന്റെ വീ​ടും സ​ന്ദ​ർ​ശി​ച്ച് രാ​ത്രി ഒ​മ്പ​തു മ​ണി​യോ​ടെ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി 12 മ​ണി​ക്കു​ള്ള മ​ലേ​ഷ്യ​ൻ എ​യ​ർ​വേ​സി​ന്റെ ബോ​ർ​ഡി​ങ്ങി​നു​വേ​ണ്ടി വെ​യ്റ്റ് ചെ​യ്തു.

ടി​ക്ക​റ്റ് ബ​ജ​റ്റാ​യി​രു​ന്നു​വെ​ങ്കി​ലും വി​പു​ല​മാ​യ ഭ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ്രീ​മി​യം സ​ർ​വി​സാ​യാ​യി​രു​ന്നു മ​ലേ​ഷ്യ​ൻ MH106 വി​മാ​ന​യാ​ത്ര. ക്വ​ലാ​ലം​പൂ​ർ സ​മ​യം രാ​വി​ലെ ആ​റു മ​ണി​യോ​ടെ ഫ്ലൈ​റ്റ് ലാ​ൻ​ഡ് ചെ​യ്യു​ക​യും എ​മി​ഗ്രേ​ഷ​ൻ പ​രി​പാ​ടി​ക​ളൊ​ക്കെ ക​ഴി​ഞ്ഞു ഫ്ര​ഷാ​യി ബ്രേ​ക്ക്ഫാ​സ്റ്റി​നാ​യി സ​ജ്ജീ​ക​രി​ച്ച ഫു​ഡ് കോ​ർ​ട്ടി​ലേ​ക്ക് ന​ട​ന്നു. ഹോ​ട്ട​ൽ ചെ​ക്കി​ങ് ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്കാ​യ​തി​നാ​ൽ 11 മ​ണി​വ​രെ ഫു​ഡ്കോ​ർ​ട്ടി​ലി​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. തു​ട​ർ​ന്ന് ടാ​ക്സി വി​ളി​ച്ച് ഹോ​ട്ട​ലി​ന്റെ ലൊ​ക്കേ​ഷ​നാ​യ മ​സ്ജി​ദ് ജ​മ​ക്കി​ലേ​ക്ക് പു​റ​പ്പെ​ട്ടു. 50 കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ണ്ട് എ​യ​ർ​പോ​ർ​ട്ട് മു​ത​ൽ ക്വ​ലാ​ല​മ്പൂ​ർ​വ​രെ.

ഇ​രു​വ​ശ​ത്തു​മാ​യി എ​ണ്ണ​പ്പ​ന​ക​ൾ നി​റ​ഞ്ഞ റോ​ഡ്... പ​ല​സ്ഥ​ല​ത്താ​യി കൃ​ഷി​സ്ഥ​ല​വും ചെ​റി​യ കെ​ട്ടി​ടം മു​ത​ൽ വ​ലി​യ ടൗ​ൺ വ​രെ കാ​ണാം... എ​വി​ടെ നോ​ക്കി​യാ​ലും മ​ല​ക​ളും തോ​ട്ട​ങ്ങ​ളും, ഒ​റ്റ​വാ​ക്കി​ൽ പ​റ​ഞ്ഞാ​ൽ ശു​ചി​ത്വ സു​ന്ദ​ര​മാ​യ മ​റ്റൊ​രു കേ​ര​ളം...ഒ​രു മ​ണി​യോ​ടെ ഹോ​ട്ട​ലി​ൽ എ​ത്തി ചെ​ക് ഇ​ൻ ചെ​യ്തു.

ക്വ​ലാ​ല​മ്പൂ​രി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ​തും ജ​ന​പ്രി​യ​വു​മാ​യ ഷോ​പ്പി​ങ്, വി​നോ​ദ കേ​ന്ദ്ര​മാ​യ കെ ​എ​ലി​ലെ ബു​ക്കി​ത് ബി​ൻ​താ​ങ്ങി​ന​ടു​ത്തു​ള്ള സ്ഥ​ല​ത്താ​യി​രു​ന്നു ഹോ​ട്ട​ൽ മ​സ്ജി​ത് ജ​മ​ക് സ്ഥി​തി​ചെ​യ്തി​രു​ന്ന​ത്. കോ​ഴി​ക്കോ​ട് മി​ഠാ​യി​തെ​രു​വി​ന​ടു​ത്ത് റൂ​മെ​ടു​ത്താ​ലു​ള്ള ഫീ​ലി​ങ്, എ​ല്ലാ സൗ​ക​ര്യ​വും തൊ​ട്ട​ടു​ത്ത്... അ​തു​മാ​ത്ര​വു​മ​ല്ല, മ​ല​ബാ​ർ ഗോ​ൾ​ഡ് മു​ത​ൽ എ​ല്ലാ മ​ല​യാ​ളി സം​രം​ഭ​ങ്ങ​ളും തൊ​ട്ട​ടു​ത്ത് ത​ന്നെ​യു​ണ്ട്.

ഹോ​ട്ട​ലി​ൽ​നി​ന്ന് ഫ്ര​ഷാ​യി ഫു​ഡ് ക​ഴി​ച്ച് അ​ടു​ത്തു​ള്ള എ​ൽ.​ആ​ർ.​ടി സ്റ്റേ​ഷ​നി​ൽ നി​ന്ന് ബു​ക്കി​ത് ബി​ൻ​താ ലേ​ക്ക് ടി​ക്ക​റ്റു​മെ​ടു​ത്ത് ട്രെ​യി​നി​ൽ​ക​യ​റി. പ്ര​ശ​സ്ത​മാ​യ രാ​ത്രി​കാ​ല ഭ​ക്ഷ​ണ തെ​രു​വാ​യ ജ​ല​ൻ അ​ലൂ​ർ ഫു​ഡ് സ്ട്രീ​റ്റാ​യി​രു​ന്നു ല​ക്ഷ്യം. കി​ടി​ല​ൻ ആ​മ്പി​യ​ൻ​സും വൈ​ബും.... തി​ര​ക്കോ​ട് തി​ര​ക്ക്. അ​ല​യ​ടി​ച്ചു​യ​രു​ന്ന ശ​ബ്ദ​വും തെ​രു​വ് ഭ​ക്ഷ​ണ​ത്തി​ന്റെ ഗ​ന്ധ​വും എ​പ്പോ​ഴും സ​ജീ​വ​മാ​യ സ്ഥ​ല​മാ​ണ് ഇ​വി​ടം. ഉ​പ്പ, ഉ​മ്മ, ഭാ​ര്യ, മൂ​ന്നു മ​ക്ക​ളും കൂ​ടി വ​രി​വ​രി​യാ​യി സ്ട്രീ​റ്റി​ലൂ​ടെ ന​ട​ന്നു.

ലോ​ക​ത്തു​ള്ള എ​ല്ലാ ത​രം ഫു​ഡു​ക​ളും ഇ​വി​ടെ റെ​ഡി​യാ​ണ്. ഫു​ഡി​ന്റെ നി​ര​ക്ക് നോ​ക്കു​മ്പോ​ൾ ഏ​താ​ണ്ട് ഖ​ത്ത​ർ റി​യാ​ലി​ന് തു​ല്യം. മാ​ഗോ സ്റ്റി​ക് റൈ​സും പേ​ര​റി​യു​ന്ന​തും അ​റി​യാ​ത്ത​തു​മാ​യി എ​ന്തൊ​ക്കെ​യോ ക​ഴി​ച്ചു. നോ​ൺ ഹ​ലാ​ൽ ഫു​ഡി​ന് പ്ര​ത്യേ​ക ഷോ​പ്പു​ക​ളും കൗ​ണ്ട​റു​ക​ളും വേ​റെ​യു​മു​ണ്ട്. സ്വാ​ഭാ​വി​ക​മാ​യ രീ​തി​യി​ൽ ഒ​ഴു​കു​ന്ന ജ​ന​ത്തോ​ടൊ​പ്പം ന​മ്മ​ളും ഒ​ഴു​കി ന​ട​ന്നു. ശേ​ഷം ട്രെ​യി​നി​ൽ ത​ന്നെ റൂ​മി​ലേ​ക്ക് തി​രി​ച്ചു. തി​രി​ച്ചു​ള്ള വ​ഴി​യി​ൽ കെ.​എ​ൽ സി​റ്റി​യി​ലെ പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട്ട് സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് മ​ന​സ്സി​ലാ​ക്കി. മോ​ണോ റെ​യി​ൽ (എം.​ആ​ർ.​ടി), ലൈ​റ്റ് റെ​യി​ൽ (എ​ൽ.​ആ​ർ.​ടി), പി​ന്നെ സാ​ദാ റെ​യി​ൽ (കെ.​ടി.​എം) ഇ​തൊ​ക്കെ​യാ​ണ് പ്ര​ധാ​ന​പ്പെ​ട്ട​വ. അ​ടി​സ്ഥാ​ന കാ​ര്യ​ങ്ങ​ളൊ​ക്കെ മ​ന​സ്സി​ലാ​ക്കി ഹോ​ട്ട​ലി​ലെ​ത്തി, അ​ടു​ത്ത ദി​വ​സ​ത്തേ​ക്കു​ള്ള പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ച്ചു.

സി​റ്റി ടൂ​ർ

കെ.​എ​ൽ സി​റ്റി കാ​ണാ​ൻ ഏ​റ്റ​വും അ​നി​യോ​ജ്യം ഹോ​പ്പ് ഓ​ൺ ഹോ​പ്പ് ഓ​ഫ് ബ​സ് സ​ർ​വി​സ് ആ​ണ്. സി​റ്റി റൂ​ട്ട്, ഗാ​ർ​ഡ​ൻ റൂ​ട്ട് എ​ന്നീ ര​ണ്ട് റൂ​ട്ടു​ക​ളി​ലാ​യി രാ​വി​ലെ 9 മ​ണി​മു​ത​ൽ വൈ​കീ​ട്ട് 5 മ​ണി​വ​രെ 27 ടൂ​റി​സ്റ്റ് സ്പോ​ട്ടു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ ഓ​രോ 30 മി​നി​റ്റി​ലും ബ​സ് സ​ർ​വി​സു​ക​ളു​ണ്ട്. ഒ​രാ​ൾ​ക്ക് 60 റി​ങ്ക​റ്റ് ചാ​ർ​ജ് വ​രു​ന്ന സ​ർ​വി​സ് ത​ലേ​ദി​വ​സം ഓ​ൺ​ലൈ​നി​ൽ ബു​ക്ക് ചെ​യ്തി​രു​ന്നു.

രാ​വി​ലെ ഹോ​ട്ട​ലി​ൽ​നി​ന്ന് ബ്രേ​ക്ക്ഫാ​സ്റ്റ് ക​ഴി​ച്ച് ബ​സ് പോ​യ​ന്റി​ലേ​ക്ക് ന​ട​ന്നു. ഹോ​ട്ട​ലി​ന​ടു​ത്തു​ള്ള നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ‘മ​സ്ജി​ദ് ഇ​ന്ത്യ’ എ​ന്ന പ​ള്ളി​യാ​ണ് ര​ണ്ടാ​മ​ത്തെ ടൂ​റി​സ്റ്റ് ഡെ​സ്റ്റി​നേ​ഷ​ൻ. സ്വാ​ഗ​ത് ഹോ​ട്ട​ലും ന​മ്മു​ടെ നാ​ട്ടി​ലു​ള്ള​വ​ർ ആ​രം​ഭി​ച്ച വി​വി​ധ ജ്വ​ല്ല​റി​ക​ളും ക​ട​ന്ന് ന​ട​ന്നു​കൊ​ണ്ട് ബ​സ് സ്റ്റോ​പ്പി​ലെ​ത്തി കാ​ത്തു​നി​ന്നു.

ഹോ​പ് ഓ​ൺ ഗോ​പ് ഓ​ഫ് ബ​സി​നാ​യി പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച ബ​സ് സ്റ്റോ​പ്പു​ക​ളാ​ണ്. ഡ​ബ്ൾ ഡ​ക്ക​ർ എ.​സി ബ​സ് വ​ന്നു. മു​ക​ളി​ലാ​യി ഓ​പ​ൺ ഏ​രി​യ​യി​ൽ ഏ​റ്റ​വും മു​ന്നി​ൽ പോ​യി ഇ​രു​ന്നു. മ​ഴ​ക്കാ​ല​ത്ത് വെ​യി​ലു​ള്ള​ത് പോ​ലു​ള്ള കാ​ലാ​വ​സ്ഥ...

സി​റ്റി റൂ​ട്ടി​ൽ കെ.​എ​ൽ.​സി.​സി​യും കെ.​എ​ൽ ട​വ​റും ഉ​ൾ​പ്പെ​ടു​ന്ന 14 സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്. ചി​ല സ്ഥ​ല​ങ്ങ​ൾ ബ​സി​ൽ​നി​ന്ന് ത​ന്നെ ക​ണ്ടാ​ൽ മ​തി എ​ന്നു തീ​രു​മാ​നി​ച്ചു. കാ​ര്യ​മാ​യു​ള്ള​ത് കെ.​എ​ൽ.​സി.​സി​യാ​ണ്, അ​വി​ടെ അ​വ​സാ​നം ഇ​റ​ങ്ങാം എ​ന്ന് തീ​രു​മാ​നി​ച്ചു. സി​റ്റി റൂ​ട്ട് ക​ഴി​ഞ്ഞ​തി​നു​ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ തി​ര​ക്കി​ല്ലാ​ത്ത ഹോ​ട്ട​ലി​ൽ ക​യ​റി. മ​ലേ​ഷ്യ​ൻ വി​ഭ​വം മാ​ത്രം കി​ട്ടു​ന്ന ഹോ​ട്ട​ലാ​യി​രു​ന്നു അ​ത്. ബി​രി​യാ​ണി​യും മ​റ്റും ഫോ​ട്ടോ നോ​ക്കി ഓ​ർ​ഡ​ർ കൊ​ടു​ത്തു. എ​ല്ലാ വി​ഭ​വ​ത്തോ​ടൊ​പ്പ​വും ഉ​ണ​ക്ക നെ​ത്ത​ൽ ഫ്രൈ ​സ​ലാ​ഡി​ലി​ട്ട് സൈ​ഡ് ഡി​ഷാ​യി ഉ​ണ്ടാ​യി​രു​ന്നു. എ​ന്ത് ഓ​ർ​ഡ​ർ ചെ​യ്താ​ലും നെ​ത്തോ​ലി ഫ്രൈ ​അ​താ​ണ് രീ​തി. ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം ഗാ​ർ​ഡ​ൻ റൂ​ട്ടി​ലേ​ക്കു​ള്ള ബ​സി​ൽ ക​യ​റി. ചൈ​നാ ടൗ​ണും സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റും മ​ലേ​ഷ്യ​ൻ പാ​ർ​ല​മെ​ന്റും വി​വി​ധ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ പാ​ല​സും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഗാ​ർ​ഡ​ൻ റൂ​ട്ട്. ശേ​ഷം വീ​ണ്ടും സി​റ്റി റൂ​ട്ടി​ലു​ള്ള ബ​സി​ൽ ക​യ​റി കെ.​എ​ൽ​സി.​സി​യി​ലേ​ക്ക് തി​രി​ച്ചു.

കെ.​എ​ൽ.​സി.​സി

ക്വ​ലാ​ല​മ്പൂ​രി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഇ​ര​ട്ട കെ​ട്ടി​ട​ങ്ങ​ളാ​ണ് പെ​ട്രോ​ണാ​സ് ഇ​ര​ട്ട ഗോ​പു​ര​ങ്ങ​ൾ അ​ഥ​വാ കെ.​എ​ൽ.​സി.​സി. 1998 മു​ത​ൽ 2004 വ​രെ ഇ​വ​യാ​യി​രു​ന്നു ലോ​ക​ത്തി​ലെ ഉ​യ​രം കൂ​ടി​യ കെ​ട്ടി​ട​ങ്ങ​ൾ. ഇ​പ്പോ​ഴും ഇ​തു ത​ന്നെ​യാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ഇ​ര​ട്ട കെ​ട്ടി​ട​വും ഓ​ഫി​സ് കെ​ട്ടി​ട​വും. ട്വി​ൻ ട​വ​റി​ന് മു​ക​ളി​ലൂ​ടെ​യു​ള്ള സ്കൈ ​വാ​ക്കി​ന് ബു​ക്കി​ങ് തീ​ർ​ന്ന​ത് കാ​ര​ണം ഏ​താ​ണ്ട് മൂ​ന്ന് മ​ണി​ക്കൂ​റി​ല​ധി​കം ട​വ​റി​ലും പാ​ർ​ക്കി​ലു​മൊ​ക്കെ ചു​റ്റ​ക്ക​റ​ങ്ങി.

ന​മ്മു​ടെ ഫോ​ണി​ൽ ഫോ​ട്ടോ എ​ടു​ത്തി​ട്ട് ശ​രി​യാ​വു​ന്നു​മി​ല്ല, ഫോ​ട്ടാ എ​ടു​ക്കു​ന്ന പ്ര​ഫ​ഷ​ന​ലു​ക​ൾ​ക് 20 റി​ങ്ക​റ്റ് ചാ​ർ​ജും. അ​വ​സാ​നം സ്വ​ന്തം ത​ന്നെ ഫോ​ട്ടോ​യു​മെ​ടു​ത്ത് തൃ​പ്തി​യാ​കാ​തെ ലൈ​റ്റ് മെ​ട്രോ​യി​ൽ ഹോ​ട്ട​ലി​ലേ​ക്ക് തി​രി​ച്ചു.

പു​ത്ര​ജ​യ

മ​ലേ​ഷ്യ​യു​ടെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ പു​ത്ര​ജ​യ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത എ​യ​ർ ഏ​ഷ്യ​യി​ൽ ല​ങ്കാ​വി​യി​ലെ​ത്തു​ക എ​ന്ന​താ​ണ് പ്ലാ​ൻ. എ​യ​ർ​പോ​ർ​ട്ടി​ന്റെ​യും ക്വ​ലാ​ല​മ്പൂ​രി​ന്റെ​യും ഇ​ട​യി​ലു​ള്ള സ്ഥ​ല​മാ​ണ് പു​ത്ര​ജ​യ. 11 മ​ണി​മു​ത​ൽ വൈ​കീ​ട്ട് നാ​ല് മ​ണി​വ​രെ പു​ത്ര​ജ​യ സ​ന്ദ​ർ​ശി​ക്കാ​ൻ ടാ​ക്സി ബു​ക്ക് ചെ​യ്തി​രു​ന്നു. സി​റ്റി ട്രാ​ഫി​ക്കും യാ​ത്ര​യും ക​ഴി​ഞ്ഞ് 12ഓ​ടെ പു​ത്ര​ജ​യ​യി​ലെ​ത്തി​ച്ചേ​ർ​ന്നു.

പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ സ്ഥ​ല​വും പ​ബ്ലി​ക് പാ​ർ​ക്കു​മൊ​ക്കെ ചു​റ്റി​ക്ക​റ​ങ്ങി പു​ത്ര മ​സ്ജി​ദി​ലെ​ത്തി. പി​ങ്ക് നി​റ​ത്തി​ൽ ഇ​സ്‍ലാ​മി​ക് ആ​ർ​ക്കി​ടെ​ക്ച​റി​ൽ പ​ണി​ക​ഴി​ച്ച മ​സ്ജി​ദ് ടൂ​റി​സ​ത്തി​നു വേ​ണ്ടി തു​റ​ന്ന് കൊ​ടു​ത്തി​രു​ന്നു. മ​സ്ജി​ദ് സ​ന്ദ​ർ​ശി​ക്കാ​ൻ വ​രു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ഇ​സ്‍ലാ​മി​ക​പ​ര​മാ​യ വ​സ്ത്രം ധ​രി​ക്ക​ണം. വ​സ്ത്രം അ​വി​ട​ന്നു​ത​ന്നെ വി​ത​ര​ണം ചെ​യ്തി​രു​ന്നു. പു​റ​ത്തി​റ​ങ്ങു​ന്ന നേ​രം തി​രി​ച്ചേ​ൽ​പി​ക്കു​ക​യും വേ​ണം.

1999 വ​രെ ക്വ​ലാ​ല​മ്പൂ​രാ​യി​രു​ന്നു മ​ലേ​ഷ്യ​യു​ടെ ഭ​ര​ണ​സി​രാ​കേ​ന്ദം. സ്ഥ​ല​പ​രി​മി​തി കാ​ര​ണം പു​ത്ര​ജ​യ​യി​ലേ​ക്ക് പ​റി​ച്ച് ന​ടു​ക​യാ​ണ് ചെ​യ്ത​ത്. പു​ത്ര​ജ​യ​യി​ലെ ജ​ന​സം​ഖ്യ​യി​ൽ ഭൂ​രി​ഭാ​ഗ​വും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​ണ്. പു​ത്ര​ജ​യ​യി​ൽ​നി​ന്ന് ത​ന്നെ ഭ​ക്ഷ​ണ​ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. കൂ​ടെ​യു​ള്ള​വ​ർ​ക്കെ​ല്ലാം നെ​ത്തോ​ലി സൈ​ഡ് ഡി​ഷു​ള്ള ബി​രി​യാ​ണി​യും ഓ​ർ​ഡ​ർ ചെ​യ്തു. തു​ട​ർ​ന്നു​ള്ള യാ​ത്ര വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ മു​ന്നി​ലൂ​ടെ സ​ഞ്ച​രി​ച്ച് വ​ണ്ടി എ​യ​ർ​പോ​ർ​ട്ടി​ലെ ഡൊ​മ​സ്റ്റി​ക് ടെ​ർ​മി​ന​ലി​ലേ​ക്ക് പു​റ​പ്പെ​ട്ടു, നാ​ല് മ​ണി​യോ​ടെ​യാ​ണ് എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ​ത്. ഒ​രു മ​ണി​ക്കൂ​ർ വൈ​കി 7 മ​ണി​ക്ക് ടേ​ക്ക് ഓ​ഫ് ചെ​യ്ത ഫ്ലൈ​റ്റ് എ​ട്ട് മ​ണി​യോ​ടെ ല​ങ്കാ​വി​യി​ൽ ലാ​ൻ​ഡ് ചെ​യ്തു, ആ ​കു​ഞ്ഞു എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി.

അ​ടു​ത്ത ര​ണ്ട് ദി​വ​സ​ത്തെ യാ​ത്ര​ക​ൾ​ക്കാ​യി ഒ​രു കാ​ർ മു​ൻ​കൂ​ർ ഓ​ൺ​ലൈ​ൻ വ​ഴി ദി​വ​സ വാ​ട​ക 90 റി​ങ്ക​റ്റ് നി​ര​ക്കി​ൽ ഉ​റ​പ്പാ​ക്കി​യി​രു​ന്നു. കാ​റി​ന്റെ ഉ​ട​മ​യാ​യ ല​ങ്കാ​വി ചേ​ട്ട​നി​ൽ​നി​ന്ന് കാ​റും വാ​ങ്ങി ബു​ക്ക് ചെ​യ്ത ഹോ​ട്ട​ലി​ന്റെ ലൊ​ക്കേ​ഷ​നും ഓ​ണാ​ക്കി പു​റ​പ്പെ​ട്ടു. ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ര​ണ്ട് റൂ​മി​ന് 5000 ഇ​ന്ത്യ​ൻ രൂ​പ. ത്രീ​സ്റ്റാ​ർ ഹോ​ട്ട​ൽ. ഹോ​ട്ട​ലി​ൽ ചെ​ക്ഇ​ൻ ചെ​യ്തു. തൊ​ട്ട​ടു​ത്ത് ത​ട്ടു​ക​ട​യി​ൽ​നി​ന്ന് ഭ​ക്ഷ​ണ​വും കോ​ൾ​ഡ് കോ​ഫി​യും ക​ഴി​ച്ച് റൂ​മി​ലെ​ത്തി നാ​ള​ത്തെ കാ​ര്യ​ങ്ങ​ൾ പ്ലാ​ൻ ചെ​യ്യ​ലാ​യി.

ല​ങ്കാ​വി

ഇ​താ​ണ് സ്ഥ​ലം... ഏ​താ​ണ്ട് 25 കി​ലോ​മീ​റ്റ​റു​ള്ള ഒ​രു കു​ഞ്ഞു​വ​ലി​യ ദ്വീ​പ്. ക്വ​ലാ​ല​മ്പൂ​രി​ൽ നി​ന്ന് ഫെ​റി സ​ർ​വി​സ് ഉ​ണ്ടെ​ങ്കി​ലും ഫ്ലൈ​റ്റ് ചാ​ർ​ജ് വ​ള​രെ കു​റ​വാ​യ​തി​നാ​ൽ എ​ല്ലാ​വ​രും വി​മാ​ന​യാ​ത്ര​യാ​ണ് തി​ര​ഞ്ഞെ​ടു​ക്കാ​റ്. ക്വ​ലാ​ല​മ്പൂ​ർ- ല​ങ്കാ​വി റി​ട്ടേ​ൺ ടി​ക്ക​റ്റും ഒ​രു മാ​സം മു​മ്പേ ത​ന്നെ ബു​ക്ക് ചെ​യ്ത​താ​ണ്. വ​ണ്ടി ത​ന്ന മ​ച്ചാ​ൻ ഒ​രു ഗാ​ര​ന്റി​യു​മി​ല്ലാ​തെ​യാ​ണ് വ​ണ്ടി ത​ന്ന​ത്. അ​ത്ര​യും സ​ത്യ​സ​ന്ധ​ത​യോ​ടെ ആ​ളു​ക​ൾ ജീ​വി​ക്കു​ന്ന ദ്വീ​പ്.

മീ​ൻ പി​ടി​ത്ത​വും കൃ​ഷി​യും ടൂ​റി​സ​വു​മാ​ണ് ജീ​വ​നോ​പാ​ധി​ക​ൾ. പെ​ട്രോ​ള​ടി​ക്കാ​ൻ ക​യ​റി​യാ​ൽ പൈ​സ​കൊ​ടു​ത്ത് ന​മ്മ​ൾ ത​ന്നെ പെ​ട്രോ​ള​ടി​ക്ക​ണം. പ​ശു​ക്ക​ളും ആ​ടു​ക​ളും വാ​ഴ​ക​ളും നി​റ​ഞ്ഞ് മ​ല​നി​ര​ക​ളാ​ൽ നി​റ​ഞ്ഞ പ​ച്ച​പ്പാ​യ സ്ഥ​ലം. ഹോ​ട്ട​ലി​ൽ​നി​ന്ന് 23 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ജെ​ട്ടി​യി​ലെ​ത്തി. അ​വി​ടെ​നി​ന്ന് നാ​ല് മ​ണി​ക്കൂ​ർ ബോ​ട്ടി​ൽ ചു​റ്റി​യ​ടി​ക്കാ​ൻ ഒ​രു ട്രി​പ്പ് ബു​ക്ക് ചെ​യ്തി​രു​ന്നു. ഹ​സ്നി എ​ന്ന് പേ​രു​ള്ള ഒ​രു മ​ലാ​ത്തി​കാ​രി ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ലാ​യി​രു​ന്നു ബു​ക്ക് ചെ​യ്ത​ത്. ബോ​ട്ടി​ന്റെ ഡ്രൈ​വ​റെ ക​ണ്ട​പ്പോ​ൾ മീ​നി​ന് കൊ​ടു​ക്കാ​ൻ ഒ​രു പാ​ക്ക​റ്റ് ബ്ര​ഡ് വാ​ങ്ങി​ക്കാ​ൻ പ​റ​ഞ്ഞു. ബ്ര​ഡും വാ​ങ്ങി​ച്ച് സെ​ക്യൂ​രി​റ്റി​യു​ടെ ഭാ​ഗ​മാ​യി ഒ​രു ഗ്രൂ​പ്പ് ഫോ​ട്ടോ​യു​മെ​ടു​ത്ത് ബോ​ട്ടി​ൽ ക​യ​റി. 3 -4 മ​ണി​ക്കൂ​ർ ല​ങ്കാ​വി​യു​ടെ ഉ​ള്ളി​ലൂ​ടെ​യും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലൂ​ടെ​യും സ​ഞ്ച​രി​ച്ച് ഏ​ഴ് ടൂ​റി​സം സ്പോ​ട്ടു​ക​ൾ ചു​റ്റി​ക്ക​റ​ങ്ങു​ക എ​ന്ന​താ​ണ് പാ​ക്കേ​ജ്.

ലൈ​ഫ് ജാ​ക്ക​റ്റു​മി​ട്ട് ഹൈ ​സ്പീ​ഡ് ബോ​ട്ട് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ ഭേ​ദി​ച്ച് ഏ​തോ മ​ല​യി​ടു​ക്കി​ന്റെ ഉ​ള്ളി​ലേ​ക്ക് ക​യ​റ്റി​നി​ർ​ത്തി. മീ​നി​ന് ബ്ര​ഡ് കൊ​ടു​ക്കാ​നും വെ​ള്ളി​ത്തി​ലി​റ​ങ്ങാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ൽ ഇ​റ​ങ്ങി​ക്കോ എ​ന്ന് ബോ​ട്ടി​ലെ ചേ​ട്ട​ൻ പ​റ​യ​ലും ഉ​പ്പു വെ​ള്ള​ത്തി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി, കൂ​ടെ ഞാ​നും... 50 മീ​റ്റ​റി​ല​ധി​കം ആ​ഴ​മു​ള്ള ക​ട​ലി​ൽ ലൈ​ഫ് ജാ​ക്ക​റ്റു​മി​ട്ട് ഉ​മ്മാ​ന്റെ എ​തി​ർ​പ്പും അ​വ​ഗ​ണി​ച്ച് ഞാ​നും വാ​പ്പ​യും നീ​ന്തി​ക്കു​ളി​ച്ചു. എ​ക്കോ സി​നി​മ​യി​ൽ മ്ലാ​ത്തി​ചേ​ട്ട​ത്തി​യെ കു​ര്യ​ച്ച​ൻ കാ​ണു​ന്ന സ്ഥ​ലം പോ​ലു​ള്ള സ്ഥ​ല​വും വീ​ടു​ക​ളും കാ​ണാം... വ​വ്വാ​ൽ കൂ​ട്ട​വും കു​ര​ങ്ങ​ന്മാ​രു​ടെ കൂ​ട്ട​വും പ​രു​ന്തി​ൻ കൂ​ട്ട​വു​മൊ​ക്കെ കൂ​ട്ടു​കൂ​ടു​ന്ന സ്ഥ​ല​വും താ​യ​ല​ൻ​ഡി​ന്റെ ഭാ​ഗ​വു​മൊ​ക്കെ ക​ണ്ട് ഫ്ലോ​ട്ടി​ങ് റ​സ്റ്റാ​റ​ന്റി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ നി​ർ​ത്തി.

ക​ട​ലി​ൽ വ​ല​ക​ളി​ട്ട് വ​ള​ർ​ത്തു​ന്ന ഞ​ണ്ടും മീ​നു​മൊ​ക്കെ പി​ടി​ച്ച് അ​ള​ന്ന് തൂ​ക്കി​യി​ട്ടാ​യി​രു​ന്നു വി​ൽ​പ​ന. ന​മ്മ​ൾ ഏ​ഴു​പേ​ർ അ​വി​ടു​ന്ന് ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്റെ പൈ​സ​ക്ക് വേ​റെ ഇ​ന്റ​ർ​നാ​ഷ​ന​ൽ ട്രി​പ് പ്ലാ​ൻ​ചെ​യ്യാം, അ​തു​കൊ​ണ്ട് പ​ച്ച​വെ​ള്ള​വും കു​ടി​ച്ച് തി​രി​ച്ച് പു​റ​പ്പെ​ട്ടു. ഒ​രു മ​ണി​യാ​കു​മ്പോ​ഴേ​ക്കും ജെ​ട്ടി​യി​ലെ​ത്തി. തു​ട​ർ​ന്ന് ഭ​ക്ഷ​ണ​വും ക​ഴി​ച്ച് കേ​ബി​ൾ കാ​റി​ൽ ക​യ​റാ​ൻ​വേ​ണ്ടി പു​റ​പ്പെ​ട്ടു.

ല​ങ്കാ​വി മൊ​ത്തം ചു​റ്റി​ക്ക​റ​ങ്ങി പ​ല ഊ​ടു വ​ഴി​ക​ളി​ലൂ​ടെ​യും സ​ഞ്ച​രി​ച്ച് വൈ​കീ​ട്ട് നാ​ല് മ​ണി​യാ​വു​മ്പോ​ഴേ​ക്ക് ല​ങ്കാ​വി സ്കൈ ​കാ​ബി​ൽ എ​ത്തി​ച്ചേ​ർ​ന്നു. നേ​ര​ത്തേ ക​ഴി​ഞ്ഞ ബോ​ട്ട് യാ​ത്ര​യു​ടെ ഞെ​ട്ട​ൽ മാ​റാ​ത്ത​തു കൊ​ണ്ടും കേ​ബ്ൾ വ​ലി​ച്ചു​കെ​ട്ടി​യ മ​ല​യു​ടെ വ​ലു​പ്പം ക​ണ്ടു പേ​ടി​ച്ചും എ​നി​ക്ക് ടി​ക്ക​റ്റെ​ടു​ക്കേ​ണ്ട എ​ന്നും പ​റ​ഞ്ഞ് ഉ​മ്മ മാ​റി​നി​ന്നു. ചെ​റി​യ കു​ഞ്ഞി​നെ ഉ​മ്മാ​നെ ഏ​ൽ​പി​ച്ച് ബാ​ക്കി​യു​ള്ള​വ​ർ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത് ക്യൂ​വി​ൽ നി​ന്നു. അ​ൽ​പ സ​മ​യ​ത്തി​ന​കം കേ​ബി​ൾ കാ​ർ വ​ന്നു. സെ​ക്ക​ൻ​ഡി​ൽ 3 മീ​റ്റ​ർ സ്പീ​ഡി​ൽ കു​ത്ത​നെ​യു​ള്ള ക​യ​റ്റം ക​യ​റി 2.2 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സ്റ്റോ​പ്പി​ൽ നി​ർ​ത്തി. ആ​കാ​ശം മു​ട്ടെ ഉ​യ​ര​ത്തി​ലു​ള്ള മ​ല​മു​ക​ളി​ലേ​ക്കാ​ണ് സ്കൈ ​കാ​ബ് സ​ഞ്ചാ​രി​ക​ളെ​യും ക​യ​റ്റി പോ​കു​ന്ന​ത്. സ്കൈ ​ബ്രി​ഡ്ജി​ലൂ​ടെ​യു​ള്ള ന​ട​ത്തം ത​ല​ചു​റ്റ​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് പു​റ​ത്ത് കാ​ണി​ക്കാ​തെ മു​ന്നോ​ട്ടു ന​ട​ന്നു, വീ​ണ്ടും കേ​ബി​ൾ കാ​റി​ൽ​ക​യ​റി. വ്യൂ​പോ​യ​ന്റി​ൽ​നി​ന്ന് ഫോ​ട്ടോ​യു​മെ​ടു​ത്ത് തി​രി​ച്ച് കേ​ബി​ൾ കാ​റി​ൽ ക​യ​റി താ​ഴെ എ​ത്തു​മ്പോ​ഴേ​ക്കും സൂ​ര്യ​ൻ മ​റ​യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ അ​ടു​ത്ത ഡെ​സ്റ്റി​നേ​ഷ​നാ​യ ക​നാ​ങ് ബീ​ച്ചി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ഉ​ത്സ​വ പ​റ​മ്പി​ലെ​ത്തി​യ പോ​ലെ പാ​ട്ടും ഡാ​ൻ​സും ജ​ന​നി​ബി​ഡ​മാ​യി​രു​ന്നു ബീ​ച്ച്. ഏ​താ​ണ്ട് ര​ണ്ടു​മ​ണി​ക്കൂ​റോ​ളം ബീ​ച്ചി​ൽ ചെ​ല​വ​ഴി​ച്ച് ഹോ​ട്ട​ലി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

ല​ങ്കാ​വി​യി​ലെ എ​ല്ലാ സ്ഥ​ല​വും സ​ന്ദ​ർ​ശി​ക്കു​ക എ​ന്ന​താ​യി​രു​ന്നു അ​ടു​ത്ത​ദി​വ​സ​ത്തെ ല​ക്ഷ്യം. രാ​വി​ലെ ത​ന്നെ ഹോ​ട്ട​ലി​ൽ​നി​ന്ന് ചെ​ക്കൗ​ട്ട് ചെ​യ്ത് കാ​റു​മെ​ടു​ത്ത് യാ​ത്ര പു​റ​പ്പെ​ട്ടു. യാ​ത്ര​ക്കി​ടെ ചോ​ക്ല​റ്റ് മാ​ത്ര​മു​ള്ള ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ക​യ​റി കു​റേ​യേ​റെ ചോ​ക്ല​റ്റും വാ​ങ്ങി​ച്ചു. ടാ​ക്സ് ഇ​ല്ലാ​ത്ത​തി​നാ​ൽ ചോ​ക്ല​റ്റി​ന് വി​ല​കു​റ​വാ​ണ്. എ​ല്ലാ ജെ​ട്ടി​ക​ളും തു​റ​മു​ഖ​വും സ​ന്ദ​ർ​ശി​ച്ച് എ​ല്ലാ ഡെ​സ്റ്റി​നേ​ഷ​നു​ക​ളും ക​ണ്ടു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി കാ​ർ തി​രി​ച്ചു​കൊ​ടു​ത്തു.

ല​ങ്കാ​വി​യി​ലേ​ക്ക് വ​രു​മ്പോ​ഴും തി​രി​ച്ചു​പോ​വു​മ്പോ​ഴും വൈ​കി​യ​ത് കാ​റി​ന്റെ ഉ​ട​മ​യെ അ​റി​യി​ച്ച​തി​നാ​ലാ​ണോ എ​ന്ന​റി​യി​ല്ല, കാ​റി​ന്റെ ചാ​വി തി​രി​ച്ചു​കൊ​ടു​ക്കു​മ്പോ​ൾ അ​യാ​ൾ പ​റ​ഞ്ഞു -ഇ​ത്ര​യും ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും നൈ​സാ​യും പെ​രു​മാ​റി​യ വേ​റൊ​രു ക​സ്റ്റ​മ​ർ എ​നി​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞു കൈ​കൊ​ടു​ത്ത് പി​രി​ഞ്ഞു. ഏ​ഴ് മ​ണി​ക്കു​ള്ള ഫ്ലൈ​റ്റ് ര​ണ്ട​ര മ​ണി​ക്കൂ​ർ വൈ​കു​മെ​ന്ന് മെ​സേ​ജ് ല​ഭി​ച്ചി​രു​ന്നു. പ​ക്ഷെ 11 മ​ണി​യാ​യി​ട്ടും ഫ്ലൈ​റ്റ് വ​ന്നി​ല്ല. ഞ​ങ്ങ​ൾ പോ​യി​ട്ട് വേ​ണം എ​യ​ർ​പോ​ർ​ട്ട് അ​ട​ക്കാ​ൻ എ​ന്നു​ള്ള മ​ട്ടി​ൽ എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​രും ഞ​ങ്ങ​ൾ​ക്ക് പോ​വാ​നു​ള്ള ഫ്ലൈ​റ്റ് വ​രു​ന്നു​ണ്ടോ എ​ന്ന് മാ​നം നോ​ക്കി ഞ​ങ്ങ​ളും കാ​ത്തി​രി​ക്കു​ന്നു... ഏ​താ​ണ്ട് 11.30 ക​ഴി​ഞ്ഞ​പ്പോ​ൾ ഫ്ലൈ​റ്റ് വ​ന്നു. ഫ്ലൈ​റ്റി​ൽ​നി​ന്ന് ഇ​റ​ങ്ങു​ന്ന​വ​ർ മു​ൻ​ഭാ​ഗ​ത്തു​കൂ​ടെ ഇ​റ​ങ്ങി​യും പോ​വു​ന്ന​വ​ർ ഫ്ലൈ​റ്റി​ന്റെ പി​റ​ക് വ​ശ​ത്തെ ഡോ​റി​ലൂ​ടെ​യും ഒ​രേ സ​മ​യ​ത്ത് ത​ന്നെ ക​യ​റി, ക്വ​ലാ​ല​മ്പൂ​രി​ലേ​ക്ക് തി​രി​ച്ചു​പ​റ​ന്നു.

രാ​ത്രി വൈ​കി ര​ണ്ട് മ​ണി​ക്കാ​യി​രു​ന്നു ഹോ​ട്ട​ലി​ൽ എ​ത്തി​യ​ത്. അ​ടു​ത്ത ദി​വ​സം ഏ​റെ വൈ​കി​യാ​ണ് ഉ​റ​ക്ക​ത്തി​ൽ​നി​ന്ന് എ​ഴു​ന്നേ​റ്റ​ത്. ലോ​ക്ക​ൽ ടാ​ക്സി​യും വി​ളി​ച്ച് അ​ടു​ത്ത ടൂ​റി​സ്റ്റ് ഡെ​സ്റ്റി​നേ​ഷ​നാ​യ ബാ​ത്തു കേ​വി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ലോ​ക​ത്തി​ലേ ഏ​റ്റ​വും വ​ലി​യ മു​രു​ക​നേ​യും ക​ണ്ട് അ​മ്പ​ല​വും സ​ന്ദ​ർ​ശി​ച്ച് യാ​ത്ര തു​ട​ർ​ന്നു. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ചു​ണ്ണാ​മ്പ് ക​ല്ലു​ക​ളാ​ൽ നി​ർ​മി​ച്ച ക്ഷേ​ത്ര​ത്തി​ൽ ജാ​തി​മ​ത​ഭേ​ദ​മ​ന്യേ ആ​ർ​ക്കും പ്ര​വേ​ശി​ക്കാം. കൈ​യി​ൽ ക​രു​തി​യ ജ്യൂ​സും സ്നാ​ക്സു​മൊ​ക്കെ കു​ര​ങ്ങ​ൻ​മാ​ർ ത​ട്ടി​പ്പ​റ​ച്ച​ത് കാ​ര​ണം ന​ല്ല നാ​ട​ൻ ക​രി​മ്പി​ൻ ജ്യൂ​സ് കു​ടി​ച്ച് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ന്നു. ടി​ക്ക​റ്റു​മെ​ടു​ത്ത് ട്രെ​യി​നി​ൽ ക​യ​റി റൂ​മി​ലേ​ക്ക് തി​രി​ച്ചു.

വൈ​കീ​ട്ട് ചൈ​ന ബ​സാ​റി​ലേ​ക്ക് ചെ​റി​യൊ​രു ഷോ​പ്പി​ങ്ങി​നാ​യി തി​രി​ച്ചു. ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന ഡ്യൂ​പ്ലി​ക്കേ​റ്റ്- കോ​പ്പി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​മ​നീ​യ​ശേ​ഖ​രം... പ്ര​മു​ഖ ബ്രാ​ൻ​ഡ് ക​മ്പ​നി​യു​ടെ ജീ​ൻ​സെ​ടു​ത്ത് ഓ​റി​ജി​ന​ലാ​ണോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ... ഓ​റി​ജി​ന​ൽ ഈ ​പ​ഞ്ചാ​യ​ത്തി​ൽ കി​ട്ടി​ല്ല എ​ന്ന് ക​ട​ക്കാ​ര​ൻ പ​റ​ഞ്ഞു വെ​ച്ചു.

അ​ടു​ത്ത​ദി​വ​സം വൈ​കീ​ട്ടാ​ണ് നാ​ട്ടി​ലേ​ക്കു​ള്ള ഫ്ലൈ​റ്റ്. നാ​ല് മ​ണി​ക്കൂ​ർ ക്വ​ലാ​ല​മ്പൂ​ർ ക​റ​ങ്ങി വൈ​കീ​ട്ട് നാ​ല് മ​ണി​യാ​കു​മ്പോ​ഴേ​ക്കും എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്ത​ണം. നേ​ര​ത്തേ ബു​ക്ക് ചെ​യ്ത ഇ​ന്നോ​വ​യും ഡ്രൈ​വ​റെ​യും സെ​റ്റാ​ക്കി ഉ​ച്ച​ക്ക് 12ഓ​ടെ ചെ​ക്കൗ​ട്ട് ചെ​യ്തു.

നേ​ര​ത്തേ ട്വി​ൻ ട​വ​റി​ന് മു​ന്നി​ൽ​നി​ന്ന് ഞ​ങ്ങ​ൾ മൊ​ബൈ​ലി​ൽ എ​ടു​ത്ത ഫോ​ട്ടോ ശ​രി​യാ​വാ​ത്ത​ത് സ​ങ്ക​ട​മാ​യു​ണ്ടാ​യി​രു​ന്നു. മ​ട​ക്ക യാ​ത്ര​യി​ൽ ആ ​സ​ങ്ക​ട​വും പ​രി​ഹ​രി​ക്കാ​ൻ ടാ​ക്സി ഡ്രൈ​വ​റോ​ട് അ​ങ്ങോ​ട്ടേ​ക്ക് പു​റ​പ്പെ​ടാ​ൻ പ​റ​ഞ്ഞു.

കെ.​എ​ൽ.​സി.​സി​യി​ലെ​ത്തി ഫോ​ട്ടോ​ഗ്രാ​ഫ​റെ ക​ണ്ട് എ​ളു​പ്പം അ​ത് പ​രി​ഹ​രി​ച്ചു. ഒ​രു 30 സെ​ക്ക​ൻ​ഡ് ത​രൂ ഫോ​ട്ടോ​യെ​ടു​ക്കാം -ഫോ​ട്ടോ​ഗ്രാ​ഫ​ർ പ​റ​ഞ്ഞു. ന​ടു​റോ​ഡി​ൽ, ജ​ങ്ഷ​നി​ൽ, സി​ഗ്ന​ലി​ൽ അ​ങ്ങേ​ര് ഫോ​ട്ടോ​യെ​ടു​ത്ത് മൊ​ബൈ​ലി​ലേ​ക്ക് ഷെ​യ​ർ ചെ​യ്തു. ശേ​ഷം നാ​ഷ​ന​ൽ മ്യൂ​സി​യ​വും സ​ന്ദ​ർ​ശി​ച്ച് എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

Tags:    
News Summary - To the land of Mlatichettathi - a dream journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-18 09:17 GMT