യു.എൻ സോഷ്യൽ ഡെവലപ്മെന്റ് കമീഷന്റെ 64-ാമത് സമ്മേളനത്തിൽ സാമൂഹിക വികസന -കുടുംബകാര്യ മന്ത്രി ബൂഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി സംസാരിക്കുന്നു
ദോഹ: വിവിധ രാഷ്ട്രങ്ങൾ തമ്മിലുള്ള ചർച്ചകളുടെയും അന്താരാഷ്ട്ര സഹകരണത്തിന്റെയും ആഗോള കേന്ദ്രമായി ഖത്തർ മാറിയെന്ന് ഖത്തർ സാമൂഹിക വികസന -കുടുംബകാര്യ മന്ത്രി ബൂഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി. യു.എൻ സോഷ്യൽ ഡെവലപ്മെന്റ് കമീഷന്റെ 64-ാമത് സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. 2025 നവംബറിൽ ഖത്തർ ആതിഥേയത്വം വഹിച്ച രണ്ടാമത് ലോക സോഷ്യൽ ഡെവലപ്മെന്റ് സമ്മിറ്റിന് പിന്നാലെയാണ് ഈ സമ്മേളനം നടക്കുന്നത്. സമ്മിറ്റിൽ രൂപപ്പെട്ട 'ദോഹ പൊളിറ്റിക്കൽ ഡിക്ലറേഷൻ' 2030 ലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു സുപ്രധാന രേഖയായി മാറിയെന്നും അവർ കൂട്ടിച്ചേർത്തു. സാമൂഹിക വികസന മേഖലയിൽ ഖത്തർ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ബൂഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി സംസാരിച്ചു. കുടുംബ ബന്ധങ്ങളെ പ്രധാനമായി കാണുന്ന ഖത്തർ, സ്ത്രീകൾ, യുവാക്കൾ, ഭിന്നശേഷിക്കാർ, വയോധികർ എന്നിവരുടെ ശാക്തീകരണത്തിന് മുൻഗണന നൽകുന്നു.
"കെയർ ടു എംപവർമെന്റ്" എന്ന പ്രമേയത്തിൽ 2025-2030 കാലയളവിലേക്കുള്ള മന്ത്രാലയത്തിന്റെ നാഷണൽ സ്ട്രാറ്റജിയെ കുറിച്ചും അവർ വിശദീകരിച്ചു. ഇതിലൂടെ സമൂഹത്തിന്റെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും സാമൂഹിക സംരക്ഷണം വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. 2025ലെ സിവിൽ ഹ്യൂമൻ റിസോഴ്സ് നിയമത്തിലെ ഭേദഗതികളിലൂടെ സ്ത്രീകൾക്ക് മികച്ച തൊഴിൽ -കുടുംബ ബാലൻസ് അന്തരീക്ഷം ഉറപ്പാക്കി. ഇതിന്റെ ഫലമായി ഖത്തറിലെ തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം 63 ശതമാനത്തിലധികമായി വർധിച്ചതായും അവർ പറഞ്ഞു.
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി 2025ൽ പാസാക്കിയ നിയമത്തെക്കുറിച്ചും, സാമൂഹിക സേവന രംഗത്തെ മികച്ച പ്രവർത്തനങ്ങളെ ആദരിക്കുന്നതിനായി 'റൗദ അവാർഡ്' ഏർപ്പെടുത്തിയതും അവർ വിശദീകരിച്ചു. ഫലസ്തീൻ വിഷയത്തിലുള്ള ഖത്തറിന്റെ പിന്തുണ ആവർത്തിച്ചാണ് അവർ പ്രസംഗം അവസാനിപ്പിച്ചത്. ഫലസ്തീനിന്റെ സുസ്ഥിരമായ സാമൂഹിക വികസനത്തിനായി അന്താരാഷ്ട്ര തലത്തിൽ ഐക്യദാർഢ്യം ആവശ്യമാണെന്നും അവർ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.