ദോഹ: ഖത്തറിലെ പ്രാദേശിക ഫാമുകളിൽനിന്നുള്ള വൈവിധ്യമാർന്ന ഈത്തപ്പഴങ്ങൾ നേരിട്ട് അറിയാനും രുചിക്കാനും അവസരമൊരുക്കി മുനിസിപ്പാലിറ്റി മന്ത്രാലയവും സൂഖ് വാഖിഫ് മാനേജ്‌മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന 11-ാമത് പ്രാദേശിക ഈത്തപ്പഴ മേള സൂഖ് വാഖിഫിൽ ആരംഭിച്ചു. രാജ്യത്തെ പരമ്പരാഗത കാർഷിക പൈതൃകത്തെ പ്രദർശിപ്പിക്കുന്നതിനും പ്രാദേശിക കർഷകർക്ക് പിന്തുണ നൽകുന്നതിനും ലക്ഷ്യമിട്ടാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
മികച്ച ഇനം റുതബ് ഈത്തപ്പഴങ്ങളുടെ വിപുലമായ ശേഖരം മേളയിൽ ലഭ്യമാണ്. ഈസ്റ്റേൺ സ്‌ക്വയറിൽ നടക്കുന്ന പ്രദർശനവും വിൽപനയും ആഗസ്റ്റ് 10 വരെ നീണ്ടുനിൽക്കും. ഖത്തറിന്റെ പരമ്പരാഗത കാർഷിക പാരമ്പര്യവും ഭക്ഷ്യസുരക്ഷാ രംഗത്തെ വളർച്ചയും പ്രദർശിപ്പിച്ച് നടക്കുന്ന മേളയിൽ ഇത്തവണ 125 പ്രാദേശിക ഫാമുകളാണ് പങ്കെടുക്കുന്നത്. 2016 ൽ നടന്ന ആദ്യ പതിപ്പിൽ 19 ഫാമുകൾ മാത്രമാണ് പങ്കെടുത്തതെങ്കിൽ, വർഷങ്ങൾക്കിപ്പുറം രാജ്യത്തെ കാർഷി മേഖലയിലുണ്ടായ കുതിച്ചുചാട്ടമാണ് പങ്കാളിത്തത്തിലെ വർധനവ് കാണിക്കുന്നതെന്ന് സൂഖ് വാഖിഫ് ഡയറക്ടറും മേളയുടെ ജനറൽ സൂപ്പർവൈസറുമായ മുഹമ്മദ് അബ്ദുല്ല അൽ സലിം പറഞ്ഞു.
ഖുനൈസി, ഷീഷി, ബർഹി തുടങ്ങി മികച്ച ഗുണനിലവാരമുള്ള പ്രാദേശിക ഈത്തപ്പഴ ഇനങ്ങൾ മേളയിൽ ലഭ്യമാണ്. കൂടാതെ, അത്തിപ്പഴം, പപ്പായ, ചെറുനാരങ്ങ, ബദാം തുടങ്ങി തദ്ദേശീയമായി വിളവെടുത്ത വിവിധ സീസണൽ പഴവർഗങ്ങളും ഇവിടെ നിന്ന് വാങ്ങാം. ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് 4 മുതൽ രാത്രി 9 വരെയും, വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് 4 മുതൽ രാത്രി 10 വരെയുമാണ് സന്ദർശന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.