യെമനെതിരായ മത്സരത്തിൽ ഖത്തർ താരങ്ങൾ
ഗൾഫ് കപ്പ്; ഖത്തർ ഇന്ന് യു.എ.ഇയെ നേരിടും
ദോഹ: ഗൾഫ് കപ്പ് ടൂർണമെന്റിൽ ബി ഗ്രൂപ്പിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിന് ഖത്തർ ഇന്ന് കളത്തിലിറങ്ങും. യു.എ.ഇ ആണ് എതിരാളികൾ. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ആറ് പോയന്റുകളോടെ ഇരു ടീമുകളും ഇതിനകം സെമിഫൈനൽ യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മികച്ച ഗോൾ ശരാശരിയുടെ കരുത്തിൽ യു.എ.ഇ ആണ് ഗ്രൂപ്പിൽ ഒന്നമാത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ സമനില വഴങ്ങിയാലും യു.എ.ഇക്ക് ബി ഗ്രൂപ്പിൽ ഒന്നാമതായി സെമിയിലേക്ക് മുന്നേറാം.
യെമനെ 4-0നും ബഹ്റൈനെ 3-0നും തകർത്താണ് യു.എ.ഇ ഗ്രൂപ്പ് ഘടത്തിലെ അവസാന മത്സരത്തിനിറങ്ങുന്നത്. അതേസമയം, ആദ്യ മത്സരങ്ങളിൽ ബഹ്റൈനെ 2-0നും യെമനെ 1-0നും പരാജയപ്പെടുത്തിയാണ് ഖത്തറിന്റെ വരവ്. മുൻ കളികളിലെ മികച്ച പ്രകടനം ആവർത്തിക്കാനും ടീമിന്റെ ആത്മവിശ്വാസം നിലനിർത്താനുമാണ് ഖത്തർ ലക്ഷ്യമിടുന്നതെന്ന് പരിശീലകൻ യൂലൻ ലെപ്റ്റഗി വ്യക്തമാക്കി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബഹ്റൈനും യെമനും പ്രിൻസ് അബ്ദുല്ല അൽ ഫൈസൽ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ബി ഗ്രൂപ്പിലെ വിജയികൾ ഒക്ടോബർ മൂന്നിന് നടക്കുന്ന സെമിഫൈനലിൽ എ ഗ്രൂപ്പിലെ റണ്ണേഴ്സ് അപ്പുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് എയിലെ വിജയികൾ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെയും നേരിടും. ഫൈനൽ കലാശപ്പോര് ഒക്ടോബർ 6ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.