കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് ലുലു ഗ്രൂപ് ഇന്റർനാഷനൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് പൂച്ചെണ്ട് നൽകുന്നു
ഇന്ത്യ -ഖത്തർ സാമ്പത്തിക, നിക്ഷേപ സഹകരണം; കേന്ദ്രമന്ത്രി നിർമല സീതാരാമൻ -ലുലു ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് കൂടിക്കാഴ്ച
ദോഹ: ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ വാർഷിക യോഗത്തിൽ പങ്കെടുക്കാൻ ദോഹയിലെത്തിയതായിരുന്നു മന്ത്രി. ഇന്ത്യയും ഖത്തറും തമ്മിലുള്ള സാമ്പത്തിക -വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തൽ, നിക്ഷേപ സാധ്യതകൾ, ബിസിനസ് വിപുലീകരണം എന്നിവയെക്കുറിച്ചും ഇരുവരും ചർച്ച നടത്തി.
ഖത്തറിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ഇന്ത്യൻ കമ്പനികൾക്കുള്ള മികച്ച അവസരങ്ങൾ ചർച്ചയിൽ ഇരുവരും ചൂണ്ടിക്കാണിച്ചു. ഖത്തറിന്റെ മികച്ച അടിസ്ഥാന സൗകര്യങ്ങൾ, തന്ത്രപ്രധാന ഭൂമിശാസ്ത്രപരമായ സ്വാധീനം, നിക്ഷേപ സൗഹൃദ അന്തരീക്ഷം, പ്രാദേശിക വിപണികളുമായുള്ള മികച്ച ബന്ധം എന്നിവ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തനം വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ സംരംഭകർക്ക് ശക്തമായ ഒരു പ്ലാറ്റ്ഫോം ഒരുക്കുന്നു.
ഇന്ത്യയിലെ വലിയ ഉപഭോക്തൃ അടിത്തറയും വ്യാവസായിക പുരോഗതിയും സാങ്കേതിക രംഗത്തെ വളർച്ചയും ഖത്തരി നിക്ഷേപകർക്ക് വലിയ അവസരമാണ് നൽകുന്നത്. ഇരുരാജ്യങ്ങളിലെയും ബിസിനസ്സ് സമൂഹങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിലൂടെ നിക്ഷേപം, വ്യാപാരം, സാമ്പത്തിക സഹകരണം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ഇന്ത്യയും ഖത്തറും തമ്മിൽ സ്വകാര്യ മേഖലയിലെ പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ദീർഘകാല നിക്ഷേപ സാധ്യതകളെക്കുറിച്ചും ഡോ. മുഹമ്മദ് അൽത്താഫ് വിശദീകരിച്ചു.
സാമ്പത്തിക, വാണിജ്യ മേഖലകളിൽ ശക്തമായ ബന്ധമാണ് ഇന്ത്യയും ഖത്തറും തമ്മിലുള്ളത്. റീട്ടെയിൽ, ഇൻഫ്രാസ്ട്രക്ചർ, സാങ്കേതികവിദ്യ, ലോജിസ്റ്റിക്സ്, ഭക്ഷ്യസുരക്ഷ, നിക്ഷേപം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളിലെയും സംരംഭകർക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ വലിയ അവസരങ്ങളാണുള്ളത്. ഭരണകൂടത്തെയും സ്വകാര്യ മേഖലയെയും ഒന്നിപ്പിക്കുന്ന ഇത്തരം വേദികൾ പുതിയ അവസരങ്ങൾ കണ്ടെത്താനും പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും സഹായിക്കുമെന്നും ഡോ. മുഹമ്മദ് അൽത്താഫ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.