ദോഹ: ജല -വൈദ്യുതി വകുപ്പായ കഹ്റമാ യൂട്ടിലിറ്റി സേവനങ്ങളുടെ ഡിജിറ്റൽ നവീകരണത്തിൽ മികച്ച മുന്നേറ്റം. 2021ൽ ആരംഭിച്ച പദ്ധതിയിലൂടെ വൈദ്യുതി-ജല സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നത് 98 ശതമാനം പൂർത്തീകരിച്ചതായി കഹ്റമാ അറിയിച്ചു. മാനുവൽ മീറ്റർ റീഡിങ്ങിൽ നിന്ന് സ്മാർട്ട് മീറ്ററിങ് സംവിധാനത്തിലേക്കുള്ള മാറ്റം രാജ്യത്തിന്റെ യൂട്ടിലിറ്റി സേവനങ്ങൾ ആധുനികവത്കരണത്തിലെ പ്രധാന നാഴികക്കല്ലാണ്. സ്മാർട്ട് മീറ്റർ നടപ്പാക്കിയതിലൂടെ കഹ്റമായുടെ കാര്യക്ഷമത, കൃത്യത, ഉപഭോക്തൃ സേവനം എന്നിവ മെച്ചപ്പെടുത്തിയതായി സ്മാർട്ട് മീറ്റർ വിഭാഗം സെന്റർ മേധാവി എൻജിനീയർ അഫാഫ് അൽ ശിറാവി പറഞ്ഞു.
മുൻകാലങ്ങളിൽ, എല്ലാ മാസവും വീടുകളിലെത്തി വൈദ്യുതി- ജല ഉപഭോഗം നേരിട്ട് രേഖപ്പെടുത്തുകയായിരുന്നു പതിവ്. സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചതോടെ റീഡിങ്ങുകൾ സുരക്ഷിതമായ വയർലെസ് നെറ്റ്വർക്കിലൂടെ ഓട്ടോമാറ്റിക്കായി കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. 2021ൽ ആരംഭിച്ച കഹ്റമായുടെ സ്മാർട്ട് മീറ്റർ പദ്ധതി, വിശാലമായ ഡിജിറ്റൽ പരിവർത്തന നയങ്ങളുടെ ഭാഗമാണ്.
പ്രധാന ഡിജിറ്റൽ സിസ്റ്റം വഴി ലഭിക്കുന്ന പ്രോഗ്രാമുകൾ വിശകലനം ചെയ്യാനും അതുവഴി പ്രവർത്തന ക്ഷമത വർധിപ്പിക്കാനും സ്മാർട്ട് മീറ്ററുകൾ സഹായിക്കും. കൂടാതെ ഫീൽഡ് സേവനങ്ങളുടെ ചെലവ് വലിയ തോതിൽ കുറക്കാമെന്നതും ഇതിന്റെ സവിശേഷതകളിൽ പെടുന്നു. വൈദ്യുതിയും വെള്ളവും പാഴായിപ്പോകുന്നത് കുറക്കാനും ഉപഭോഗ വിവരങ്ങൾ കൃത്യതയോടെ ഏത് സമയവും നിരീക്ഷിക്കാനും സ്മാർട്ട് മീറ്റർ സംവിധാനം സഹായിക്കുന്നു. ജല-വൈദ്യുത ഉപഭോഗത്തിന്റെ ട്രാക്കിങ്, തകരാറുകൾ നേരത്തേ കണ്ടെത്തി ചെലവില്ലാതെ പരിഹരിക്കൽ, പ്രോപ്പർട്ടി കൈമാറ്റം, വേഗത്തിൽ ബില്ലിങ് നടപടിക്രമങ്ങൾ തുടങ്ങി വിവിധ സജ്ജീകരണങ്ങൾ സ്മാർട്ട് മീറ്ററിൽ ഒരുക്കിയിട്ടുണ്ട്. തങ്ങളുടെ ഉപഭോഗം സംബന്ധിച്ച് ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ മനസ്സിലാക്കാം. ഇതുവഴി കൂടുതൽ ഉത്തരവാദിത്തത്തോടെ ജല-വൈദ്യുതി ഉപഭോഗം നിർവഹിക്കാനും സാധിക്കും. എല്ലാ സ്മാർട്ട് മീറ്ററുകളും കേന്ദ്രീകൃത സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ കൃത്യമായ മീറ്റർ റീഡിങ്ങുകൾ, ഓട്ടോമേറ്റഡ് ബില്ലിങ് എന്നിവ സാധ്യമാകുന്നു.
ഉപഭോക്താക്കളെ സഹായിക്കുന്നതിനായി കഹ്റാമാ ഉപഭോക്തൃ സേവന വകുപ്പിന് കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൺടാക്റ്റ് സെന്ററും പ്രവർത്തിക്കുന്നുണ്ട്. കാളുകൾ, വാട്ട്സ്ആപ്, ഇന്ററാക്ടിവ് വോയ്സ് റെസ്പോൺസ് എന്നിവയുൾപ്പെടെ ഒന്നിലധികം ആശയവിനിമയ മാർഗങ്ങളിലൂടെ ബന്ധപ്പെടാം.
സ്മാർട്ട് മീറ്റർ ഇൻഫ്രാസ്ട്രക്ചർ അടിസ്ഥാനമാക്കി കഹ്റമാ 2024 ആഗസ്റ്റിൽ ‘ബി സോളാർ’ സേവനവും ആരംഭിച്ചു. ഇതിലൂടെ ഉപഭോക്താക്കൾക്ക് വീടിനു മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാനും പുനരുപയോഗ ഊർജം ഉൽപാദിപ്പിക്കാനും സാധിക്കും. അധികമുള്ള വൈദ്യുതി ഗ്രിഡിലേക്ക് തിരികെ നൽകാനും അവസരം ഒരുക്കുന്നുണ്ട്. പദ്ധതിയിലൂടെ കുറഞ്ഞ കാർബൺ ബഹിർഗമനം, പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം, കൂടുതൽ കാര്യക്ഷമമായ പ്ലാനിങ് എന്നിവ സാധ്യമാക്കാം. ദീർഘകാലാടിസ്ഥനത്തിൽ കണക്കാക്കുമ്പോൾ, ഈ പദ്ധതി ചെലവുകൾ കുറക്കുകയും നെറ്റ്വർക്കിന്റെ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. ജനസംഖ്യ വർധനയും നഗരമേഖല വികസിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കൃത്യമായി ആവശ്യങ്ങൾ മനസ്സിലാക്കി പദ്ധതികൾ രൂപവത്കരിക്കാനും സഹായിക്കും.
പദ്ധതിയിലൂടെ ഉപഭോക്താക്കളുടെ ഡേറ്റ വിശകലം മെച്ചപ്പെടുത്താനും, അവരുടെ ആവശ്യങ്ങളും ഉപയോഗ രീതികളും തിരിച്ചറിയാനും, ഊർജ ഉൽപാദനം കാര്യക്ഷമമാക്കാനും കഹ്റമായെ സഹായിക്കുന്നു.
സാങ്കേതികതയുടെ വളർച്ച രാജ്യത്തിന്റെ ഊർജത്തിന്റെ ആവശ്യകതയും കൂട്ടിയിട്ടുണ്ട്. ഇതിനാൽ കാര്യക്ഷമമായ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ആവശ്യമായി വരുകയാണ്. ഖത്തറിന്റെ കാലാവസ്ഥക്കും ഊർജ ഉത്തരവാദിത്തങ്ങൾക്കും ഇത് അത്യന്താപേക്ഷിതമാണ്.
ഈ സാഹചര്യത്തിൽ മേഖലയിലെ ഡിജിറ്റൽ മുന്നേറ്റത്തിൽ ഒരു നാഴികക്കല്ലായി കഹ്റമായുടെ സ്മാർട്ട് മീറ്റർ പദ്ധതി നിലകൊള്ളുന്നു. ഖത്തർ നാഷനൽ വിഷൻ 2030ന്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഇതിലൂടെ സാധ്യമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.