ദോഹ എക്സ്പോയിലെ ജപ്പാൻ പവിലിയൻ
ദോഹ: ഒരുമാസം പിന്നിടുന്ന ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോയിൽ ശ്രദ്ധേയമായി ജാപ്പനീസ് പവിലിയൻ. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ കാർഷിക കണ്ടുപിടിത്തങ്ങളും പരിഹാരങ്ങളും അവതരിപ്പിച്ചാണ് ജപ്പാൻ പവിലിയൻ സന്ദർശകരെ ആകർഷിക്കുന്നത്. ജാപ്പനീസ് പരിസ്ഥിതിയിൽ മാത്രം കാണപ്പെടുന്ന പൂക്കളും സസ്യങ്ങളും പവിലിയന് കൂടുതൽ മിഴിവേകുന്നു.
പവിലിയനിലേക്ക് പ്രവേശിക്കുമ്പോൾതന്നെ ജപ്പാന്റെ തനത് ഒറിഗാമി രൂപങ്ങളാണ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. സുസ്ഥിരതയുടെ പ്രധാന ഘടകങ്ങൾ, നീരാവി ജലസേചനം ഉപയോഗിച്ചുള്ള ജലസംരക്ഷണ പരിഹാരങ്ങൾ എന്നിവയും കവാടത്തിൽത്തന്നെ സജ്ജമാക്കിയിരിക്കുന്നു. ജാപ്പനീസ് പൂക്കളാൽ അലങ്കരിച്ച നിസ്സാൻ കാറും വിവിധ വലുപ്പത്തിലും നിറങ്ങളിലുമുള്ള വൈവിധ്യമാർന്ന പൂച്ചെണ്ടുകളിൽ ക്രമീകരിച്ചിരിക്കുന്ന നിരവധി പ്രതീകാത്മക സസ്യങ്ങളും പവിലിയന്റെ സവിശേഷതകളാണ്.
ദേശീയ അസ്തിത്വം സംരക്ഷിക്കുമ്പോൾത്തന്നെ തങ്ങളുടെ ആശയങ്ങളും ദർശനങ്ങളും കഴിവുകളും സംയോജിപ്പിച്ച് അതുല്യമായി വികസിപ്പിച്ച ജാപ്പനീസ് സംസ്കാരത്തെയും ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ചിത്രീകരിക്കുകയും, ജപ്പാനിലെ പ്രകൃതിദൃശ്യങ്ങളും മറ്റ് വിഭാഗങ്ങളും പ്രദർശിപ്പിക്കുന്ന വിഡിയോ അവതരണവും സന്ദർശകർക്ക് മികച്ച അനുഭവം നൽകുന്നു.
കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തര ഫലങ്ങളായ പാരിസ്ഥിതിക മലിനീകരണം, പക്ഷി-മൃഗാദികളുടെ കുടിയേറ്റം, കാട്ടുതീ, മരുഭൂവത്കരണം എന്നിവയെയും പവിലിയൻ അഭിസംബോധന ചെയ്യുന്നുണ്ട്. ഭൂമിയെ സംരക്ഷിക്കാൻ എന്തെല്ലാം ചെയ്യാമെന്നും ഭാവി തലമുറകൾക്ക് ആരോഗ്യകരമായ ഒരു ഗ്രഹം എങ്ങനെ കൈമാറാമെന്നും മെച്ചപ്പെട്ട നാളേക്കുവേണ്ടി പരിസ്ഥിതിയോടുള്ള പെരുമാറ്റം എങ്ങനെ മാറ്റാമെന്നും വൈവിധ്യമാർന്ന പരിപാടികളിലൂടെയും അവതരണങ്ങളിലൂടെയും സന്ദർശകർക്ക് പാഠങ്ങൾ പകർന്നു നൽകാനും പവിലിയൻ മറന്നിട്ടില്ല. ഗ്രഹത്തെ രക്ഷിക്കാൻ വ്യത്യസ്തതകളെ മറികടക്കുമ്പോൾ ചിന്തയും സംസ്കാരവും ജീവിതരീതിയും മാറ്റേണ്ടതിന്റെ ആവശ്യകതയും പവിലിയൻ ഊന്നിപ്പറയുന്നു.
ദോഹ എക്സ്പോയിലെ ജപ്പാൻ പവിലിയൻ കവാടത്തിൽ പൂക്കളാൽ അലങ്കരിച്ച നിസ്സാൻ കാർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.