ദോഹ: രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും സുസ്ഥിര കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തീവ്രശ്രമങ്ങളുടെ ഭാഗമായി സംരക്ഷിത കൃഷി വ്യാപകമായി വികസിപ്പിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട്. 2025-ലെ വാർഷിക റിപ്പോർട്ട് പ്രകാരം, തുറസ്സായ 6.54 ലക്ഷം ചതുരശ്ര മീറ്റർ (654 ഡോനം) തുറസ്സായ ഇടം സംരക്ഷിത കൃഷിയിടങ്ങളാക്കി മാറ്റി. കൂടാതെ, കീടങ്ങളുടെ ശല്യം തടയുന്നതിനായി കർഷകർക്ക് 1,864 ഇൻസെക്റ്റ് പ്രൂഫ് നെറ്റ് ഹൗസുകളും വിതരണം ചെയ്തു.
പരിസ്ഥിതി സൗഹൃദ -ആധുനിക കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംരക്ഷിത കൃഷി വർധിപ്പിക്കുകയും ജൈവക കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്തു. ജൈവകൃഷി വിസ്തൃതി 813 ഡോനം (8.13 ലക്ഷം ചതുരശ്ര മീറ്റർ) ആയി ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പരിസ്ഥിതി സൗഹൃദ കൃഷിയും ഉയർന്ന ഗുണനിലവാരമുള്ള കാർഷിക ഉൽപന്നങ്ങളും ലക്ഷ്യമിട്ടാണ് ഈ വികസനം. കർഷകരെ പിന്തുണക്കുന്നതിനായി കാർഷിക സേവന കേന്ദ്രങ്ങൾ 2,03,600 വിത്ത് പാക്കറ്റുകൾ, 21,421 കാർഷിക ഉപകരണങ്ങൾ, 10,176 യൂണിറ്റ് വളം, 9,780 തൈകൾ എന്നിവയും വിതരണം ചെയ്തു.
ഡിജിറ്റൽ സേവനങ്ങളിലും ശ്രദ്ധേയമായ പുരോഗതിയാണ് രേഖപ്പെടുത്തിയത്. കാർഷിക ലൈസൻസിങ് സംവിധാനത്തിലൂടെ 83,145 അപേക്ഷകൾ ലഭിച്ചപ്പോൾ, അതിൽ 82,151 അപേക്ഷകൾ പൂർത്തിയാക്കി. കാർഷിക പെർമിറ്റ് സംവിധാനത്തിലൂടെ 63,936 അപേക്ഷകൾ സ്വീകരിക്കുകയും 25,537 പെർമിറ്റുകൾ അനുവദിക്കുകയും ചെയ്തു. ആകെ 5.76 ലക്ഷത്തിലധികം ഡിജിറ്റൽ ഇടപാടുകൾ കാർഷിക പെർമിറ്റ് സംവിധാന ത്തിലൂടെ പൂർത്തിയാക്കി.
ദേശീയ കൃഷിയിടങ്ങളുടെ ഉൽപാദനക്ഷമത വർധിപ്പിക്കുക, പ്രാദേശിക ഭക്ഷ്യോൽപാദനം ശക്തിപ്പെടുത്തുക, കർഷകർക്ക് ആധുനിക സാങ്കേതിക വിദ്യയും സേവനങ്ങളും ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മന്ത്രാലയം കാർഷിക -ഭക്ഷ്യസുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആധുനിക സാങ്കേതികവിദ്യകളുടെയും ഓർഗാനിക് കൃഷിരീതികളുടെയും ഡിജിറ്റൽ സേവനങ്ങളുടെയും സഹായത്തോടെ ഖത്തറിലെ കാർഷിക മേഖല കൂടുതൽ കരുത്താർജിക്കുകയാണ്. തദ്ദേശീയമായി കാർഷിക ഉൽപാദനം വർധിപ്പിക്കുന്നതിലൂടെ ഖത്തറിന്റെ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.