31 പൂച്ചകൾക്ക് പുതിയ ജീവിതം സമ്മാനിച്ച് 10ാം വാർഷികം ആഘോഷിച്ച എയർ ഹോസ്റ്റസ്

ദോഹ: ഖത്തറിലെ എയർ ഹോസ്റ്റസ് ജോലിയിലെ 10ാം വാർഷികം അവിസ്മരണീയമായി ആഘോഷിച്ച് കൊളംബിയൻ സ്വദേശിനി ക്രിസ്റ്റി നിക്കോൾ വിറ്റെക്. പരിക്കേറ്റതും ഉപേക്ഷിക്കപ്പെട്ടതുമായ 31 പൂച്ചകളെ ദോഹയിൽ നിന്ന് ന്യൂയോർക്കിലേക്ക് സുരക്ഷിതമായി എത്തിച്ചായിരുന്നു ക്രിസ്റ്റിയുടെ ആഘോഷം. പൂച്ചകളെ പുതിയ ഉടമകൾക്ക് കൈമാറിയ ശേഷം, അതേ ദിവസം തന്നെ അവർ ദോഹയിലേക്ക് മടങ്ങുകയും ചെയ്തു.

എയർ ഹോസ്റ്റസ് എന്ന ജോലി ഒരിക്കലും തന്റെ സ്വപ്നമായിരുന്നില്ലെന്ന് ക്രിസ്റ്റി പറയുന്നു. എന്നാൽ ഈ തൊഴിൽ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത ഒരു ദൗത്യത്തിന് വഴിതുറന്നുവെന്നും, തെരുവുകളിൽ അലഞ്ഞുതിരിയുന്ന പരിക്കേറ്റതും ഉപേക്ഷിക്കപ്പെട്ടതുമായ മൃഗങ്ങൾക്ക് സുരക്ഷിതമായ പുതിയ ജീവിതം ഒരുക്കാൻ ഇതിലൂടെ കഴിഞ്ഞുവെന്നും അവർ പറയുന്നു. ഓരോ യാത്രയും ഒരു മൃഗത്തിന്റെ ജീവിതത്തിൽ പുതിയ തുടക്കമാകുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും അവർ കൂട്ടിച്ചേർത്തു.

ഇത്തവണ 31 പൂച്ചകളെ ദോഹയിൽ നിന്ന് ന്യൂയോർക്കിലെത്തിച്ച് പുതിയ കുടുംബങ്ങൾക്ക് കൈമാറിയ ശേഷം അന്നുതന്നെ ദോഹയിലേക്ക് മടങ്ങുകയായിരുന്നു ക്രിസ്റ്റി. "ഞാൻ പൂർണമായും ക്ഷീണിച്ചിരിക്കുകയാണ്. പക്ഷേ, അവർ അർഹിക്കുന്ന സ്നേഹവും സുരക്ഷിതത്വവും നിറഞ്ഞ ജീവിതത്തിലേക്ക് അവരെ എത്തിക്കാനായതിന്റെ സന്തോഷം എല്ലാ ക്ഷീണവും മറക്കാൻ സഹായിക്കുന്നു," എന്നാണ് ക്രിസ്റ്റിയുടെ വാക്കുകൾ.

ക്രിസ്റ്റി നിക്കോൾ വിറ്റെക്

 

ഖത്തറിൽ ചെലവഴിച്ച ഒരു ദശാബ്ദത്തെ അനുസ്മരിക്കാൻ ഇതിലും മനോഹരമായ മാർഗം തനിക്ക് ചിന്തിക്കാനാകില്ലെന്നും, ഈ രാജ്യവും തന്റെ ജോലിയും നൽകിയ അവസരങ്ങൾക്ക് എന്നും നന്ദിയുണ്ടാകുമെന്നും ക്രിസ്റ്റി സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. അവർ പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടുകയാണ്.

ഖത്തർ എയർവേസിലെ എയർ ഹോസ്റ്റസായ ക്രിസ്റ്റി വർഷങ്ങളായി ഖത്തറിലെ സന്നദ്ധപ്രവർത്തകരുമായി ചേർന്ന് മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമാണ്. പരിക്കേറ്റതും ഉപേക്ഷിക്കപ്പെട്ടതുമായ മൃഗങ്ങളെ രക്ഷപ്പെടുത്തി ചികിത്സയും സംരക്ഷണവും ഉറപ്പാക്കി പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ് അവരുടെ പ്രധാന ദൗത്യം.

കഴിഞ്ഞ വർഷം മാത്രം 50-ലധികം പൂച്ചകൾക്ക് ചികിത്സയും സംരക്ഷണവും ലഭ്യമാക്കിയ ക്രിസ്റ്റി, 2025-ൽ 75-ലധികം പൂച്ചകളെ ന്യൂയോർക്കിലേക്ക് മാറ്റിപ്പാർപ്പിച്ചു. കൂടാതെ ടി.എൻ.ആർ പദ്ധതിയിലൂടെ 50-ഓളം പൂച്ചകൾക്ക് വന്ധ്യംകരണവും ചികിത്സയും ലഭ്യമാക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ താനിയ, ഇസ്ലാം, മോസ, നൂറ, ജില്ലി, ബെവർലി, ജോവി, ജൂലി, മിഷേൽ, മെലിസ, ഷൈല, കാരൻ തുടങ്ങി എല്ലാ സന്നദ്ധപ്രവർത്തകർക്കും സഹയാത്രികർക്കും ക്രിസ്റ്റി നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - Air Hostess Celebrates 10th Anniversary by Giving New Life to 31 Cats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.