ദോഹ: ഇറാൻ ആക്രമണങ്ങൾക്ക് പിന്നാലെ, രാജ്യത്തിന്റെ പരമാധികാരത്തിനുനേരെയുള്ള ലംഘനത്തിലും സുരക്ഷാ ഭീഷണിയിലും പ്രതിഷേധം അറിയിച്ച് ഖത്തർ യു.എന്നിന് കത്തയച്ചു. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനും ജൂലൈ മാസത്തെ യു.എൻ രക്ഷാസമിതി അധ്യക്ഷനും കോംഗോയുടെ സ്ഥിരം പ്രതിനിധിയുമായ സെനോൺ മുകോംഗോ എൻഗേക്കുമാണ് യു.എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനി കത്തുകൾ കൈമാറിയത്.
ജൂലൈ ഏഴിന് ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ ഖത്തറിന്റെ 'അൽ -റെക്കയ്യാത്ത്' എന്ന ടാങ്കറിന് നേരെ ഇറാൻ നടത്തിയ ആക്രമണം കത്തിൽ എടുത്തുപറയുന്നു. കൂടാതെ ജൂലൈ 12, 17 തീയതികളിൽ ഖത്തറിനു നേരെയുള്ള മിസൈൽ ഭീഷണികൾ സായുധ സേന പ്രതിരോധിച്ചതായും കത്തിൽ വ്യക്തമാക്കുന്നു. ജൂലൈ 12ന് ഇറാൻ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ വീണ് ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇറാന്റെ ഈ നടപടികൾ 1949ലെ ജനീവ കൺവെൻഷന്റെ നഗ്നമായ ലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഖത്തറിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ അതിശക്തമായി അപലപിക്കുകയും ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ 2817 (2026) നമ്പർ പ്രമേയം ഇറാൻ തുടർച്ചയായി ലംഘിക്കുകയാണെന്നും ഖത്തർ ഓർമിപ്പിച്ചു. ആക്രമണങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ഇറാന് മാത്രമാണെന്നും എല്ലാ നഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണെന്നും ഖത്തർ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെ ആർട്ടിക്കിൾ 51 അനുസരിച്ച് രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും ഉറപ്പാക്കാൻ, ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള പൂർണ്ണ അവകാശം ഖത്തറിനുണ്ടെന്നും, അതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മടിക്കില്ലെന്നും ഖത്തർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.