രാജ്യാന്തര കടല്‍സുരക്ഷാ പ്രതിരോധ സമ്മേളനം -ഡിംഡെക്സ് 2026
പ്രദർശനത്തിൽനിന്ന്
ദോഹ: സമുദ്ര പ്രതിരോധ, സുരക്ഷാമേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഒരുക്കി ഖത്തര്‍ സായുധസേന സംഘടിപ്പിച്ച ഒമ്പതാമത് ഡിംഡെക്സ് പ്രദർശനത്തിന് സമാപനം.
1850 കോടിയിലധികം ഖത്തർ റിയാലിന്റെ കരാറുകളിൽ ഒപ്പുവെച്ചാണ് അന്താരാഷ്ട്ര സമുദ്ര പ്രതിരോധ പ്രദർശനവും കോൺഫറൻസും ഡിംഡെക്സ് 2026 സമാപിച്ചത്.
പ്രദർശനത്തിലുടനീളം എഴുപതിലധികം കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു.
ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ നാല് ദിവസങ്ങളിലായി നടന്ന പ്രദർശനം 32,000ത്തിലധികം പേരാണ് കാണാനെത്തിയത്. 200ലധികം പ്രാദേശിക-അന്തർദേശീയ കമ്പനികളും എട്ട് പ്രധാന അന്താരാഷ്ട്ര പവലിയനുകളും പരിപാടിയിൽ പങ്കെടുത്തു. 82 രാജ്യങ്ങളിൽ നിന്നായി 130ലധികം ഔദ്യോഗിക പ്രതിനിധിസംഘങ്ങളും എത്തിച്ചേർന്നു.
പ്രധാന പ്രദർശനത്തിന് പുറമെ ഹമദ് പോർട്ടിൽ നങ്കൂരമിട്ട അന്താരാഷ്ട്ര യുദ്ധക്കപ്പലുകൾ കാണാനും വലിയ സന്ദർശക തിരക്കായിരുന്നു. ഡിംഡെക്സ് പ്രദർശനവും കോൺഫറൻസും ഒമ്പതാം പതിപ്പിന്റെ വിജയത്തിൽ ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസൻ ആൽഥാനി സന്തോഷം രേഖപ്പെടുത്തി. സൈനിക ഉദ്യോഗസ്ഥർ, വിദഗ്ധർ, പ്രതിരോധ വ്യവസായ പ്രതിനിധികൾ എന്നിവരുടെ സംഭാഷണങ്ങളും ചർച്ചകളും ഒരുമിച്ച് കൊണ്ടുവരുന്ന വേദിയായി ഡിംഡെക്സ് പ്രവർത്തിച്ചു. സമുദ്ര, കര, വ്യോമ മേഖലകളിലുടനീളമുള്ള പുതിയ കണ്ടുപിടുത്തങ്ങൾ, സാങ്കേതികവിദ്യകൾ, പ്രതിരോധ ഉപകരണങ്ങൾ തുടങ്ങിയവയും സൈബർ സുരക്ഷാ പരിഹാരങ്ങൾ, ആന്റി-പൈറസി സിസ്റ്റങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമാൻഡ്, കൺട്രോൾ, കമ്മ്യൂണിക്കേഷൻസ്, കമ്പ്യൂട്ടറുകൾ, ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണ സംവിധാനങ്ങൾ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളും പ്രദർശനത്തിൽ ഒരുക്കിയിരുന്നു. കൂടാതെ, മിഡിൽ ഈസ്റ്റ് നേവൽ കമാൻഡേഴ്സ് കോൺഫറൻസും പരിപാടിയുടെ ഭാഗമായി നടന്നു. പ്രതിരോധ മേഖലയിലെ നയതന്ത്ര കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം ഉറപ്പിക്കുന്നതായിരുന്നു ഈ ചർച്ചകൾ. അന്താരാഷ്ട്ര സമുദ്ര പ്രതിരോധ പ്രദർശനവും കോൺഫറൻസും പത്താം പതിപ്പ് 2028ൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.