സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴ പ്രദർശനത്തിൽനിന്ന്
ദോഹ: മൂന്നാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴ പ്രദർശനം വൈവിധ്യങ്ങളുമായി ശ്രദ്ധയാകർഷിക്കുന്നു. സൂഖിലെ കിഴക്കൻ ചത്വരത്തിൽ ഫെബ്രുവരി 24 വരെ തുടരുന്ന പ്രദർശനത്തിൽ ഖത്തറിന് പുറമേ, സൗദി അറേബ്യ, യമൻ, അൾജീരിയ, ഒമാൻ, പാകിസ്താൻ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 95 കമ്പനികളാണ് പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള ഉൽപാദകർ, വിതരണക്കാർ, വ്യാപാരികൾ എന്നിവർ തമ്മിലെ വാണിജ്യ സഹകരണം വർധിപ്പിക്കുന്നതിനും ഈത്തപ്പഴ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പ്രൈവറ്റ് എൻജിനീയറിങ് ഓഫിസിന്റെ മേൽനോട്ടത്തിൽ പ്രദർശനം സംഘടിപ്പിക്കുന്നത്.
റമദാനിന് മുമ്പ് ഏറ്റവും മികച്ച ഈത്തപ്പഴം സ്വന്തമാക്കാനുള്ള അവസരമാണ് പ്രദർശനമെന്ന് പ്രൈവറ്റ് എൻജിനീയറിങ് ഓഫിസ് പ്രസ്താവിച്ചു. രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12 വരെയും ഉച്ചക്ക് ശേഷം 3.30 മുതൽ രാത്രി 10 വരെയുമാണ് പൊതുജനങ്ങൾക്ക് പ്രദർശനത്തിലേക്ക് പ്രവേശനം.
സാധാരണ ഈത്തപ്പഴം മുതൽ ആഡംബര ഈത്തപ്പഴങ്ങളും അവയുടെ ഉപോൽപന്നങ്ങളുമടക്കം നിരവധി വസ്തുക്കളാണ് പ്രദർശനത്തിന് എത്തിയിരിക്കുന്നതെന്ന് ജനറൽ സൂപ്പർവൈസർ ഖാലിദ് സൈഫ് അൽ സുവൈദി പറഞ്ഞു.
വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറോളം കമ്പനികളുടെ പങ്കാളിത്തം അന്താരാഷ്ട്ര പ്രദർശനത്തിന് ലഭിക്കുന്ന വലിയ അംഗീകാരമാണെന്നും അനുഭവങ്ങൾ കൈമാറുന്നതിനും ഈത്തപ്പഴ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര വേദിയാണ് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴ പ്രദർശനമെന്നും അൽ സുവൈദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.