ഖത്തർ വിദേശകാര്യ വക്താവ് ഡോ. മാജിദ് അൽ അൻസാരി വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു

ഇറാനും യു.എസും തമ്മിലുള്ള ചർച്ചകളിൽ കക്ഷിയല്ല -ഖത്തർ

ദോഹ: ഇറാനും യു.എസും തമ്മിൽ നടക്കുന്ന ചർച്ചകളിൽ ഖത്തറിന് പങ്കില്ലെന്നും രാജ്യത്തെ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വിദേശകാര്യ വക്താവ് ഡോ. മാജിദ് അൽ അൻസാരി. യുദ്ധം ചെയ്യുന്ന കക്ഷികൾ തമ്മിൽ എത്രയും വേഗം ചർച്ചകൾ ആരംഭിക്കുന്നതാണ് സംഘർഷം അവസാനിപ്പിക്കാൻ ഏറ്റവും ഉചിതം. സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള ഏക വഴി നയതന്ത്രമാണെന്നും യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന കക്ഷികൾ എത്രയും വേഗം ചർച്ചയിലേക്ക് പ്രവേശിക്കണമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം വിശദീകരിച്ചു. ചർച്ചകളിലൂടെ പരിഹാരം കാണുന്നതിനെ ഖത്തർ സ്വാ​ഗതം ചെയ്യുന്നു, എന്നാൽ നിലവിൽ ചർച്ചകളിൽ ഖത്തർ പങ്കാളിയല്ല. എന്നാൽ മധ്യസ്ഥ ചർച്ചകൾക്കും സഹായത്തിനും ഖത്തർ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തറിനുനേരെ വന്ന 90 ശതമാനത്തിലധികം ആക്രമണങ്ങളും പരാജയപ്പെടുത്തിയതായും അദ്ദേഹം വിശദീകരിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി പ്രതിരോധിക്കാൻ ഖത്തറിന് അവകാശമുണ്ട്. എന്നാൽ, തിരിച്ചടിക്കാൻ ഇതുവരെ തീരുമാനച്ചിട്ടില്ല. സംഘർഷം വർധിപ്പിക്കുന്നതിനേക്കാൾ പ്രാദേശിക സമാധാനത്തിനായി പ്രവർത്തിക്കാനാണ് ഖത്തർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൾഫ് മേഖലയിലെ സുരക്ഷ സംവിധാനം നിലവിൽ തകർന്നിരിക്കുകയാണ്. മേഖലയിലെ സമാധാനത്തിനായി ഇറാനുമായി സഹവർത്തിത്വം ആവശ്യമാണെന്നും ഖത്തർ വിദേശകാര്യ വക്താവ് പറഞ്ഞു. ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള ഭാവി ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മേഖലയിലെ എല്ലാ ജനങ്ങൾക്കും ആഴത്തിലുള്ള ബന്ധമുണ്ടെന്നും രാജ്യങ്ങൾ തമ്മിൽ ഒത്തുപോകാനുള്ള വഴി കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ പരസ്പരം അടുത്ത് കഴിയുന്നവരാണ്, ഒരുമിച്ച് തന്നെ മുന്നോട്ട് പോകാനുള്ള വഴികൾ കണ്ടെത്തണം. എന്നാൽ വിശ്വാസം വീണ്ടെടുക്കേണ്ടത് ഇറാന്റെ ഉത്തരവാദിത്തമാണ് -മാജിദ് അൽ അൻസാരി വിശദീകരിച്ചു.

Tags:    
News Summary - Qatar not a party to talks between Iran and US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.