ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ മയ്യിത്ത് നമസ്കാരത്തിലും മരണാനന്തര ചടങ്ങുകളിലും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ്
ആൽഥാനി പങ്കെടുത്തപ്പോൾ
ദോഹ: ഖത്തർ സായുധ സേനയുടെ ഹെലികോപ്ടർ തകർന്നുവീണ് വീരമൃത്യു വരിച്ചവരുടെ മയ്യിത്ത് നമസ്കാരം വികാരനിർഭരമായ അന്തരീക്ഷത്തിൽ വലിയ ജനാവലിയുടെ സാന്നിധ്യത്തിൽ ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ മഗ്രിബ് നമസ്കാരത്തിനു ശേഷം നടന്നു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി എന്നിവർ മയ്യത്ത് നമസ്കാരത്തിൽ പങ്കെടുത്തു.
ശൂറ കൗൺസിൽ സ്പീക്കർ ഹസ്സൻ ബിൻ അബ്ദുല്ല അൽ ഗാനിം, വിവിധ ശൈഖുമാർ, മന്ത്രിമാർ, ഖത്തറിലെ തുർക്കിയ അംബാസഡർ ഡോ. മുസ്തഫ ഗോക്സു, ഖത്തർ സായുധ സേനയിലെയും ഖത്തർ -തുർക്കിയ സംയുക്ത സേനയിലെയും ഉന്നത ഉദ്യോഗസ്ഥർ, ഖത്തരി പൗരന്മാർ, പ്രവാസികൾ എന്നിവരടക്കം വലിയൊരു ജനക്കൂട്ടം മയ്യത്ത് നമസ്കരത്തിലും മരണാനന്തര ചടങ്ങിലും പങ്കാളികളായി. രക്തസാക്ഷികളുടെ കുടുംബാംഗങ്ങൾക്കൊപ്പം ചടങ്ങുകളിൽ പങ്കെടുത്ത അമീർ, ബന്ധുക്കളെ കണ്ട് അനുശോചനം അറിയിച്ചു. രക്തസാക്ഷികൾക്ക് അല്ലാഹുവിന്റെ കാരുണ്യവും സ്വർഗവും ലഭിക്കട്ടെയെന്നും, കുടുംബാംഗങ്ങൾക്ക് ക്ഷമയും ആശ്വാസവും നൽകട്ടെയെന്നും പ്രാർത്ഥിച്ചു.
ഖത്തറിന്റെ സമുദ്രാതിർത്തിയിൽ ഞയറാഴ്ച പുലർച്ചെ നാലോടെയായിരുന്നു സാങ്കേതിക തകരാറിനെ തുടർന്ന് സൈനിക ഹെലികോപ്ടർ തകർന്നുവീണ് ഏഴു പേർ കൊല്ലപ്പെട്ടത്. ഖത്തറിന്റെ സായുധ സേനയിലെ നാലു പേരും തുർക്കിയ പ്രതിരോധ സ്ഥാപനമായ അസെൽസനിലെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ഉത്തരവാദിത്വ നിർവഹണത്തിനിടെ വീരമൃത്യു വരിച്ചത്. ഖത്തർ സായുധ സേന ക്യാപ്റ്റൻ പൈലറ്റ് മുബാറക് സലിം ദവായ് അൽ മാർറി, ഖത്തർ സായുധ സേന ക്യാപ്റ്റൻ സഈദ് നാസർ സമയ്ഖ്, സർജന്റ് ഫഹദ് ഹാദി ഗാനിം അൽ ഖയാരിൻ, ഖത്തർ സായുധ സേനയിലെ കോർപറൽ മുഹമ്മദ് മഹർ മുഹമ്മദ്, ഖത്തർ -തുർക്കിയ സംയുക്ത സേനയിലെ മേജർ സിനാൻ തഷ്തകിൻ, തുർക്കിയ പൗരന്മാരായ സുലൈമാൻ സിമ്ര കഹ്റമാൻ, ഇസ്മായിൽ അനസ് കാൻ എന്നിവരാണ് ധീര രക്തസാക്ഷിത്വം വഹിച്ചത്.
അപകടത്തിനു പിന്നാലെ കോസ്റ്റ് ആൻഡ് ബോർഡർ സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിലെ മാരിടൈം സെർച്ച് ആൻഡ് റെസ്ക്യൂ ടീമും ആഭ്യന്തര സുരക്ഷ സേനയായ ലെഖ്വിയയുടെ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പും സംയുക്തമായി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ, പരിശോധനക്കിടെ രാവിലെ 11ഓടെ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. തുടർന്ന് ഉച്ചക്കുശേഷം രണ്ടോടെയാണ് അവശേഷിക്കുന്ന ഒരു സൈനികന്റെയും മൃതദേഹം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.