ഗോവയിൽ നടന്ന ചടങ്ങിൽ ഖത്തർ ഊർജ സഹമന്ത്രിയും ഖത്തര്‍ എനര്‍ജി പ്രസിഡന്റുമായ സഅദ് ഷെരീദ അല്‍ കഅബി, കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി എന്നിവരുടെ സാന്നിധ്യത്തിൽ എൽ.എൻ.ജി കരാറിൽ ഒപ്പുവെക്കുന്നു
ദോഹ: ദ്രവീകൃത പ്രകൃതി വാതക ഇറക്കുമതിയിൽ ദീർഘകാല കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഖത്തറും. 2028ൽ പ്രാബല്യത്തിൽ വരുന്ന കരാർ പ്രകാരം പ്രതിവർഷം 75 ലക്ഷം ടൺ ദ്രവീകൃത പ്രകൃതിവാതകമാണ് 20 വർഷത്തേക്ക് ഖത്തർ ഇന്ത്യക്ക് വിതരണം ചെയ്യുക. ഗോവയിൽ നടന്ന ചടങ്ങിൽ ഖത്തർ എനർജിയും ഇന്ത്യൻ പൊതുമേഖല സ്ഥാപനമായ പെട്രോനെറ്റും കരാറിൽ ഒപ്പുവെച്ചു.
2028 വരെ കാലാവധിയുള്ള നിലവിലെ കരാർ പുതുക്കിക്കൊണ്ടാണ് ഇരു രാജ്യങ്ങളും പുതിയ ദീർഘകാല കരാറിൽ ഒപ്പുവെച്ചത്.
ഖത്തര്‍ ഊര്‍ജ സഹമന്ത്രിയും ഖത്തര്‍ എനര്‍ജി പ്രസിഡന്റുമായ സഅദ് ഷെരീദ അല്‍ കഅബി, കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി എന്നിവരുടെ സാന്നിധ്യത്തിൽ പെട്രോനെറ്റ് മാനേജിങ് ഡയറക്ടർ അക്ഷയ്കുമാർ സിങ്, ഖത്തർ എനർജി എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് അബ്ദുല്ല അഹമ്മദ് അൽ ഹുസൈനി എന്നിവർ കരാറിൽ ഒപ്പുവെച്ചു.
കേന്ദ്ര പെട്രോളിയം മന്ത്രാലയം സെക്രട്ടറിയും പെട്രോനെറ്റ് ചെയർമാനുമായ പങ്കജ് ജെയിൻ, ഗെയിൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സന്ദീപ് കുമാർ ഗുപ്ത, ഇന്ത്യൻ ഓയിൽ കോർപറേഷൻ ചെയർമാൻ ശ്രീകാന്ത് മാധവ് വൈദ്യ, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് സി.എം.ഡി കൃഷ്ണകുമാർ ഗോപാലൻ എന്നിവരും പങ്കെടുത്തു.
പെട്രോളിയം ഉല്പന്നങ്ങളോടുള്ള ആശ്രയത്വം ഭാവിയില്‍ പൂര്‍ണമായി ഒഴിവാക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യ ഖത്തറുമായി പ്രകൃതി വാതക ഇറക്കുമതിയിലെ ദീർഘകാല കരാറിലെത്തുന്നത്.
നിലവിലെ നിരക്കിനേക്കാള്‍ കുറഞ്ഞ വിലക്കാണ് ഖത്തറില്‍ നിന്നുള്ള ഇറക്കുമതി സാധ്യമാക്കിയതെന്ന് അന്താരാഷ്ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, കരാറിലെ വില സംബന്ധിച്ച് ഖത്തർ എനർജിയും പെട്രോനെറ്റും വെളിപ്പെടുത്തിയിട്ടില്ല.
ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതിക്കും ടെർമിനലുകൾ സ്ഥാപിക്കാനുമായി ഇന്ത്യയിലെ മുൻനിര പെട്രോളിയം കമ്പനികളായ ഗെയിൽ, ഐ.ഒ.സി, ബി.പി.സി.എൽ എന്നിവയുടെ നേതൃത്വത്തിലുള്ള പൊതുമേഖല സംരംഭമാണ് പെട്രോനെറ്റ്. ഇറക്കുമതി ചെയ്യുന്ന എൽ.എൻ.ജി 60:30: 10 അനുപാതത്തിൽ ഗെയിൽ, ഐ.ഒ.സി, ബി.പി.സി.എൽ എന്നിവ രാജ്യത്ത് വിതരണം ചെയ്യും. 1999ലാണ് ഖത്തറിൽനിന്ന് എൽ.എൻ.ജി ഇറക്കുമതി സംബന്ധിച്ച് ഇന്ത്യ ആദ്യമായി കരാറിലെത്തുന്നത്.
പ്രതിവർഷം 75 ലക്ഷം ടൺ എന്ന കരാർ, 2015ല്‍ 85 ലക്ഷം ടണ്ണാക്കി ഉയര്‍ത്തിയിരുന്നു. ഇതിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് 2028ഓടെ ദീർഘകാലത്തേക്ക് പുതുക്കാൻ തീരുമാനമാകുന്നത്.
ഖത്തറിൽനിന്ന് ആദ്യമായി എൽ.എൻ.ജിയുമായി കപ്പൽ ഇന്ത്യയിലെത്തിയതിന്റെ 20ാം വാർഷികത്തിലെ പുതിയ കരാർ ഇന്ത്യ- ഖത്തര്‍ ഊര്‍ജ സഹകരണത്തില്‍ പുതിയ നാഴികക്കല്ലാകുമെന്ന് ഖത്തർ ഊർജ സഹമന്ത്രി സഅദ് ശരീദ അല്‍ കഅബി പറഞ്ഞു. പരിസ്ഥിതി സൗഹൃദ ഊർജമെന്ന നിലയിൽ എൽ.എൻ.ജി ഉപഭോഗത്തിന്റെ വർധനക്കും പൂര്‍ണമായി കാര്‍ബണ്‍ ബഹിര്‍ഗമനം ഒഴിവാക്കാനുള്ള പദ്ധതികൾക്കും പ്രോത്സാഹനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.