ദോഹ: വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ക്ഷേമത്തിനും നിയമസഹായങ്ങൾക്കുമായി ഉപയോഗപ്പെടുത്തേണ്ട ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് (ഐ.സി.ഡബ്ല്യൂ.എഫ്) ഉപയോഗത്തിലെ കെടുകാര്യസ്ഥതക്കെതിരെ പ്രവാസലോകത്ത് പ്രതിഷേധമുയരുന്നു. എ.എം. ആരിഫ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്സഭയിൽ നൽകിയ മറുപടി സംബന്ധിച്ച് ‘ഗൾഫ് മാധ്യമം’ വാർത്തക്കു പിന്നാലെയാണ് വിവിധ പ്രവാസി സംഘടനകളും വ്യക്തികളും അർഹരായ വിഭാഗങ്ങൾക്ക് എത്തിപ്പെടാതെ പോവുന്ന ഐ.സി.ഡബ്ല്യൂ ഫണ്ടിന്റെ നടപടി ക്രമങ്ങളിൽ ആശങ്ക അറിയിക്കുന്നത്.
ഈ വർഷം ജൂൺ 30വരെയുള്ള കണക്കുകൾ പ്രകാരം 130 രാജ്യങ്ങളിലായി 571 കോടി രൂപ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ ചെലവഴിക്കാതെ അവശേഷിക്കുന്നുവെന്നായിരുന്നു മന്ത്രി നൽകിയ മറുപടി. 90 ലക്ഷം ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിൽ മാത്രം 125 കോടി രൂപയാണ് ഐ.സി.ഡബ്ല്യൂ.എഫിൽ ചെലവഴിക്കാൻ ബാക്കിയുള്ളത്. അതേസമയം, സാധാരണക്കാരായ പ്രവാസികൾ ചികിത്സ, തൊഴിൽനഷ്ടം, വിവിധ കേസുകളിൽ കുടുങ്ങുന്നതുമൂലം നാട്ടിലേക്കുള്ള മടക്കം തുടങ്ങിയ നീറുന്ന വിഷയങ്ങളിൽ ഈ തുകയിൽനിന്നുള്ള സഹായം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ ഈ ആവശ്യം ഉന്നയിച്ചുവെങ്കിലും വേണ്ടത്ര പരിഗണ ലഭിക്കുന്നില്ലെന്ന ആശങ്കയും സാമൂഹിക പ്രവർത്തകർ പങ്കുവെക്കുന്നു.
ദോഹ: പ്രവാസികൾക്കായുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് സംബന്ധിച്ച് പാർലമെന്റിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് പ്രസ്തുത വകുപ്പിന്റെ ഉത്തരവാദിത്തമുള്ള മന്ത്രിതന്നെ നൽകിയ മറുപടിയിലെ കണക്കുകൾ ഗൗരവകരമാണെന്ന് കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി സലിം നാലകത്ത് പ്രസ്താവനയിൽ അറിയിച്ചു.
‘പ്രവാസികളെന്നും നൽകുന്നവർ മാത്രമാവുകയാണ്. അവരിൽ വ്യത്യസ്ത സഹായങ്ങൾ ആവശ്യമുള്ള അടിസ്ഥാന വർഗത്തിന് അനിവാര്യഘട്ടത്തിൽപോലും ചിലപ്പോൾ അർഹതയുള്ള ഇത്തരം സഹായങ്ങൾ ലഭിക്കുന്നില്ലെന്നിടത്താണ് ചെലവഴിക്കാൻ ഇനിയും കോടികൾ ബാക്കിയുണ്ടെന്ന വാർത്ത ശ്രദ്ധനേടുന്നത്. ഇത്തരം ഫണ്ടുകൾ ആവശ്യക്കാരായ സാധാരണ പ്രവാസിക്ക് എളുപ്പത്തിൽ തക്കസമയത്ത് ലഭ്യമാക്കാനായി നടപടിക്രമങ്ങൾ ലഘൂകരിക്കുകയാണ് വേണ്ടത്.
അതോടൊപ്പം പ്രവാസികൾക്കായി ഇത്തരത്തിലുള്ള ഫണ്ടുകളുടെ വിശദവിവരങ്ങൾ സാധാരണ പ്രവാസികളുടെ ശ്രദ്ധയിലേക്കെത്തിക്കുന്നതിനായി പ്രചാരണപരിപാടികൾ കൂടി സംഘടിപ്പിക്കേണ്ടതുണ്ട്’ -സലീം നാലകത്ത് വ്യക്തമാക്കി.
ദോഹ: പ്രവാസികളുടെ പ്രതിസന്ധിഘട്ടങ്ങളിൽ അവരെ നാട്ടിലെത്തിക്കുന്നതിനുൾപ്പെടെയുള്ള കാര്യങ്ങൾക്കായി രൂപവത്കരിച്ചിട്ടുള്ളതാണ് ഐ.സി.ഡബ്ല്യൂ ഫണ്ട്. പ്രവാസികളിൽ നിന്നും തന്നെ വിവിധ മാർഗങ്ങളിലൂടെ സമാഹരിക്കുന്ന ഈ തുക പ്രവാസിക്ഷേമത്തിനായി മുഴുവനായും ഉപയോഗപ്പെടുത്തണമെന്ന് ഒ.ഐ.സി.സി-ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല ആവശ്യപ്പെട്ടു.
2009ലാണ് ഇങ്ങനെയൊരു ഫണ്ടിന് രൂപം കൊടുക്കുന്നത്. ഇന്ത്യക്ക് വെളിയിലുള്ള രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിന് വേണ്ടി ഈ ഫണ്ട് ഉപയോഗിക്കപ്പെടേണ്ടതാണ്. പ്രവാസികളുടെ കൈയിൽനിന്ന് വാങ്ങിവെച്ച ഈ ഫണ്ട് എന്തുകൊണ്ട് പൂർണമായും അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്. പ്രവാസികളുടെ വിയര്പ്പാണ് അതിലുള്ളത്. അത് പൂർണമായും അവർക്കായി ഉപയോഗപ്പെടുത്തണം.
ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാരുടെ ആവശ്യങ്ങൾക്കായി ഈ ഫണ്ട് വിനിയോഗിക്കണം. അതിനായി കേരളത്തിലെ 20 എം.പിമാരുടെയും സ്വാധീനം ഉപയോഗിച്ചുകൊണ്ട് കേന്ദ്രസർക്കാറിൽ ശക്തമായ സമ്മർദംചെലുത്തുമെന്നും’ -ഒ.ഐ.സി.സി-ഇൻകാസ് സെൻട്രൽ കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.