ദോഹ: അൽ അഖ്സ പള്ളിയിൽ ഇസ്രായേൽ നടത്തുന്ന പ്രകോപനപരമായ നടപടികളെയും അതിക്രമങ്ങളെയും രൂക്ഷമായി വിമർശിച്ച് അറബ് -മുസ്ലിം രാജ്യങ്ങൾ. ഖത്തർ, സൗദി അറേബ്യ, ഈജിപ്ത്, പാകിസ്താൻ, തുർക്കിയ, ജോർഡാൻ, യു.എ.ഇ, ഇന്തോനേഷ്യ എന്നീ എട്ട് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത പ്രസ്താവനയിലൂടെ ഇസ്രായേൽ നടപടിക്കെതിരെ പ്രതിഷധവുമായി രംഗത്തെത്തിയത്. ഇസ്രായേലിലെ തീവ്രവലതുപക്ഷ മന്ത്രിമാരുടെ നേതൃത്വത്തിൽ സുരക്ഷാ സേനയുടെ സംരക്ഷണത്തോടെ കുടിയേറ്റക്കാർ നടത്തുന്ന കടന്നുകയറ്റങ്ങളും, പള്ളിയുടെ മുറ്റത്ത് ഇസ്രായേൽ പതാക ഉയർത്തിയതും താൽക്കാലിക കൂടാരങ്ങൾ നിർമിച്ചതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രിമാർ വ്യക്തമാക്കി.
ഇസ്രായേൽ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ പ്രമേയങ്ങളുടെയും ലംഘനമാണ്. അധിനിവിഷ്ട കിഴക്കൻ ജറൂസലമിലെ ചരിത്രപരവും നിയമപരവുമായ പദവി തകർക്കാനുള്ള ശ്രമമാണിത്. അധിനിവിഷ്ട ജറൂസലമിലോ അവിടെയുള്ള ഇസ്ലാമിക -ക്രിസ്ത്യൻ പുണ്യ സ്ഥലങ്ങളിലോ ഇസ്രായേലിന് യാതൊരു പരമാധികാരവുമില്ല. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതും മുസ്ലിംങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിവേചനപരമായ നിയന്ത്രണങ്ങളും ഉടൻ നീക്കണമെന്നും വിദേശകാര്യ മന്ത്രിമാർ ആവശ്യപ്പെട്ടു.
അൽ അഖ്സ മസ്ജിദ് സമുച്ചയം പൂർണ്ണമായും മുസ്ലിംങ്ങളുടെ ആരാധനാകേന്ദ്രമാണ്. ജോർഡാൻ ഔഖാഫ് മന്ത്രാലയത്തിനാണ് ഇവിടുത്തെ കാര്യങ്ങൾ നിയന്ത്രിക്കാൻ അധികാരമുള്ളതെന്നും പ്രസ്താവലയിൽ ഓർമിപ്പിച്ചു. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ ഇത്തരം തീവ്രനിലപാടുകാർ തടസ്സപ്പെടുത്തുകയാണെന്നും അത് മേഖലയിൽ കൂടുതൽ വിദ്വേഷം വളർത്തുമെന്നും മന്ത്രിമാർ മുന്നറിയിപ്പ് നൽകി. അൽ അഖ്സയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഇസ്രായേലിനുമേൽ സമ്മർദം ചെലുത്താൻ ലോകരാഷ്ട്രങ്ങളോട് അറബ് രാജ്യങ്ങൾ പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.