ക്രിസ്റ്റി നിക്കോൾ വിറ്റെക്
ഖത്തറിലെ എയർ ഹോസ്റ്റസ് ജോലിയിലെ 10ാം വാർഷികം അവിസ്മരണീയമായി ആഘോഷിച്ച് കൊളംബിയൻ സ്വദേശിനി ക്രിസ്റ്റി നിക്കോൾ വിറ്റെക്. പരിക്കേറ്റതും ഉപേക്ഷിക്കപ്പെട്ടതുമായ 31 പൂച്ചകളെ ദോഹയിൽ നിന്ന് ന്യൂയോർക്കിലേക്ക് സുരക്ഷിതമായി എത്തിച്ചായിരുന്നു ക്രിസ്റ്റിയുടെ ആഘോഷം. പൂച്ചകളെ പുതിയ ഉടമകൾക്ക് കൈമാറിയ ശേഷം, അവർ ദോഹയിലേക്ക് മടങ്ങുകയും ചെയ്തു.
എയർ ഹോസ്റ്റസ് ആവുക എന്നത് ഒരിക്കലും തന്റെ സ്വപ്നജോലിയായിരുന്നില്ലെന്ന് ക്രിസ്റ്റി പറയുന്നു. എന്നാൽ ഈ തൊഴിൽ തനിക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അവസരമാണ് സമ്മാനിച്ചത്, അവശരായതും തെരുവിൽ അലഞ്ഞും നടന്ന മൃഗങ്ങൾക്ക് ജീവിതത്തിൽ പുതുലോകം നൽകാനുള്ള വഴി. വിമാനയാത്രകളിലൂടെ രക്ഷപ്പെടുത്തിയ മൃഗങ്ങളെ സുരക്ഷിതമായി പുതിയ വീടുകളിലെത്തിക്കാൻ കഴിഞ്ഞതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സംതൃപ്തിയെന്നും അവർ പറയുന്നു.
ഈ പ്രാവശ്യം, ദോഹയിൽ നിന്ന് ന്യൂയോർക്കിലേക്ക് 31 പൂച്ചകളെ സുരക്ഷിതമായി എത്തിച്ച് പുതിയ കുടുംബങ്ങൾക്ക് കൈമാറിയ ശേഷം, അതേ ദിവസം തന്നെ ദോഹയിലേക്ക് മടങ്ങുകയായിരുന്നു ക്രിസ്റ്റി. അവർ അർഹിക്കുന്ന ഒരു ജീവിതം നൽകാൻ കഴിഞ്ഞതിൽ സന്തോഷം കൊണ്ട് ഹൃദയം നിറഞ്ഞിരിക്കുകയാണ് -ക്രിസ്റ്റി പറയുന്നു.
ഖത്തറിൽ ചെലവഴിച്ച ഒരു ദശാബ്ദത്തെ ആദരിക്കാൻ ഇതിലും മനോഹരമായ മറ്റൊരു മാർഗം തനിക്ക് ചിന്തിക്കാനാവുന്നില്ലെന്നും, ഈ രാജ്യവും തന്റെ ജോലിയും നൽകിയ അവസരത്തിന് എന്നും നന്ദിയുണ്ടാകുമെന്നും ക്രിസ്റ്റി സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. സോഷ്യൽ മീഡിയയിൽ ക്രിസ്റ്റി നിക്കോൾ വിറ്റെക് പങ്കുവെച്ച വിഡിയോക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.
ഖത്തർ എയർവേസിൽ എയർഹോസ്റ്റായി ജോലി ചെയ്യുന്ന ക്രിസ്റ്റി ഖത്തറിലുടനീളമുള്ള സന്നദ്ധപ്രവർത്തകരുമായി ചേർന്ന് വർഷങ്ങളായി മൃഗസംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമാണ്.
പരിക്കേറ്റതും ഉപേക്ഷിക്കപ്പെട്ടതുമായ മൃഗങ്ങളെ രക്ഷപ്പെടുത്തി പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ് അവർ ചെയ്യുന്നത്. കഴിഞ്ഞ വർഷം മാത്രം 50ൽ അധികം പൂച്ചകൾക്ക് ചികിത്സയും സംരക്ഷണവും ഒരുക്കി. 75ലധികം പൂച്ചകളെ 2025ൽ ക്രിസ്റ്റി ന്യൂയോർക്കിലേക്ക് മാറ്റിപ്പാർപ്പിച്ചു. 50 ഓളം പൂച്ചകൾക്ക് ടി.എൻ.ആർ പദ്ധതിയിലൂടെ വന്ധ്യംകരണവും ചികിത്സയും ലഭ്യമാക്കിയിട്ടുണ്ട്. തന്റെ ദൗത്യത്തിൽ പങ്കാളികളായ താനിയ, ഇസ്ലാം, മോസ, നൂറ, ജില്ലി, ബെവർലി, ജോവി, ജൂലി, മിഷേൽ മെലിസ, ഷൈല, കാരൻ തുടങ്ങിയ സഹപ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കും അവർ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.