ദോഹ: ഫലസ്തീനി മതകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇബ്റാഹീമി മസ്ജിദിന്റെ ഭരണാധികാരം ജൂയിഷ് റിലീജ്യസ് കൗണ്‍സിലിന് കൈമാറാനുള്ള ഇസ്രായേല്‍ തീരുമാനത്തെ അപലപിച്ച് ഖത്തര്‍. മസ്ജിദിന്റെ സാംസ്കാരികവും നിയമപരവുമായ പദവിയെ മാറ്റാനുള്ള ഒരു നീക്കത്തെയും അംഗീകരിക്കില്ലെന്ന് ഖത്തര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.വെസ്റ്റ് ബാങ്കിലെ ഹെബ്രോണിലാണ് കേവ് ഓഫ് പാട്രിയാര്ക്സ് എന്നറിയപ്പെടുന്ന ഇബ്റാഹീമി മസ്ജിദ് സ്ഥിതിചെയ്യുന്നത്. ലോകത്തിലെത്തന്നെ ഏറ്റവും പഴക്കമേറിയ ചരിത്രനിര്മിതികളിലൊന്നാണിത്. ഇബ്റാഹീം നബിയുടേത് ഉള്‍പ്പെടെയുള്ള പ്രവാചകന്മാരുടെ ഖബറിടങ്ങള്‍ ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.
അതിനാല്‍തന്നെ, സെമിറ്റിക് മതങ്ങള്‍ക്കെല്ലാം ഈ സ്ഥലം ഏറെ വിശുദ്ധമാണ്. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഈ മസ്ജിദുണ്ട്. നിലവില്‍ ഇബ്റാഹീമി മസ്ജിദിന്റെ നിയന്ത്രണം ഫലസ്തീന് മതകാര്യ മന്ത്രാലയത്തിനാണ്. ഇത് മാറ്റി ജൂയിഷ് റിലീജ്യസ് കൗണ്‍സിലിന് അധികാരം നല്‍കാനാണ് ഇസ്രായേല്‍ നീക്കം. ഇത് അംഗീകരിക്കില്ലെന്ന് ഖത്തര്‍ വ്യക്തമാക്കി. ഫലസ്തീനിലെ മതസ്ഥാപനങ്ങളുടെ സംരക്ഷണം അന്താരാഷ്ട്ര സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നും ഫലസ്തീന് ജനതയുടെ അസ്തിത്വത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഇസ്രായേല്‍ ഉപേക്ഷിക്കണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.