കെ.കെ.എൻ. കുറുപ്പ്
മസ്കത്ത്: മലപ്പുറം ജില്ലാ വിഭജനവുമായി ബന്ധപ്പെട്ട് തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കുളങ്ങരയുടെ അഭിപ്രായ പ്രകടനത്തെ അഭിനന്ദിക്കുന്നതായും തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്ന കാര്യത്തിൽ യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാറിന് തീരുമാനമെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ. കുറുപ്പ് പറഞ്ഞു. മലബാർ എജുക്കേഷൻ മൂവ്മെന്റിന്റെയും ‘തുളുനാട് ഡെവലപ്മെന്റ് ഫൗണ്ടേഷന്റെയും പ്രചാരണാർഥം മസ്‌കത്തിലെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു.
തിരൂർ കേന്ദ്രമാക്കിയാണ് പുതിയ ജില്ല സ്ഥാപിക്കേണ്ടത്. എന്നാലേ, മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് മോചനമുണ്ടാവൂ. എതിർപ്പുള്ളത് ചില രാഷ്ട്രീയക്കാർക്കാണ്. സാമുഹിക ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഇതേ കുറിച്ച് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് താൻ സംസാരിക്കുന്നതെന്നും യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാറിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മലബാർ വിദ്യാഭ്യാസമേഖലയിൽ അവഗണന നേരിടുന്നു എന്നത് കൃത്യമായ സ്റ്റാറ്റിസ്റ്റിക്കൽ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മലബാർ എജുക്കേഷൻ മൂവ്മെന്റ് ചൂണ്ടിക്കാട്ടുന്നത്. ഓരോ ഇടത്തും എത്ര കോളജുകൾ, എത്ര പി.ജി കോഴ്സുകൾ, എത്ര ഗവേഷണങ്ങൾ... തുടങ്ങിയ കാര്യങ്ങളെല്ലാം ചേർത്ത് പുസ്തകംതന്നെ പുറത്തിറക്കിയിട്ടുണ്ട്. ആ പുസ്തകത്തിന്റെ ടൈറ്റിൽ തന്നെ, ‘മലബാർ തിരുവനന്തപുരത്തിന്റെ കോളനിയാണ്’ എന്നാണ്. ഈ അനീതിക്കെതിരെ രാഷ്ട്രീയക്കാരാരും ഒരു പ്രതികരണവും ഉയർത്തിയില്ല. സാധാരണക്കാരന്റെ മക്കൾക്ക് പഠിക്കാൻ കഴിയുന്ന കോഴ്സുകൾ ഇവിടെയില്ല. വയനാട് ജില്ലയിൽ ഒരു ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുകയും അതിന്റെ കേന്ദ്രങ്ങൾ കാസർകോട്ടും ഇടുക്കിയിലും സ്ഥാപിക്കുകയും ചെയ്യുക, മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ജില്ല രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഈ മൂവ്മെന്റിന്റെ ഭാഗമാണ്.
ആദിവാസികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി പ്രത്യേക പാക്കേജുകളുണ്ടാക്കണം. സ്പെഷ്യൽ ട്രെയിനിങ് നൽകണം. ആ ട്രെയിനിങ് നൽകാൻ ഇപ്പോഴത്തെ യൂനിവേഴ്സിറ്റികൾ മാത്രം പോര. കാസർകോട് ജില്ലയിലെ തുളുനാടൻ ഗ്രാമങ്ങൾ എല്ലാ രംഗത്തും ഇന്നും വളരെ പിന്നോക്കാവസ്ഥയിലാണ്. ആരോഗ്യമേഖലയിൽ അവിടെയൊരു നഴ്സിങ് യൂണിവേഴ്സിറ്റി അത്യാവശ്യമാണ്. ‘തുളുനാട് ഡെവലപ്മെൻറ് ഫൗണ്ടേഷൻ’ ഇത്തരം ലക്ഷ്യങ്ങളോടെയാണ് തങ്ങൾ രൂപീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.