ദോഹ: ടൂറിസ്റ്റ് നഗരങ്ങളിൽ അതിവേഗ വൈ ഫൈ ഇന്റർനെറ്റ് സേവനത്തിൽ ഖത്തർ തലസ്ഥാനമായ ദോഹക്ക് ഒന്നാം സ്ഥാനം. മൊബൈൽ ഡേറ്റാ സ്പെഷലിസ്റ്റുകളായ 'ഹോളാഫ്ലൈ' നടത്തിയ പഠനത്തിലാണ് ലോകത്തിലെ ഇന്റർനെറ്റ് സേവനത്തിൽ ദോഹ മുന്നിട്ടുനിൽക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ മുന്നിട്ടുനിൽക്കുന്ന വിനോദസഞ്ചാര നഗരമായി ദോഹ മാറിയിരിക്കുന്നു എന്ന് ഈ നേട്ടം സൂചിപ്പിക്കുന്നു.
ടൂറിസ്റ്റ് ഹബ്ബിലെ ശരാശരി മൊബൈൽ ഇന്റർനെറ്റ് വേഗത ഉപയോഗിച്ച് 1 ജി.ബിയുള്ള സിറ്റി മാപ്പ് ഡൗൺലോഡ് ചെയ്യാൻ എത്ര സമയമെടുക്കും എന്ന് പരിശോധിച്ചായിരുന്നു ഹോളാഫ്ലൈയുടെ പഠന രീതിയുടെ മാനദണ്ഡം. ശരാശരി 354.5 Mbps കണക്റ്റിവിറ്റി വേഗതയുള്ള ദോഹയിൽ 1 ജി.ബി മാപ്പ് ഡൗൺലോഡ് ചെയ്യാൻ വെറും മൂന്നു സെക്കൻഡിൽ താഴെ സമയം മാത്രമാണ് എടുത്തത്. ദുബൈ, അബുദാബി തുടങ്ങിയ നഗരങ്ങളെയും മറ്റു പ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളെയും പിന്നിലാക്കിയാണ് ദോഹ നേട്ടം കൈവരിച്ചത്.
ഹോളാഫ്ലൈ നടത്തിയ പഠന റിപ്പോർട്ടിൽ ചില രാജ്യങ്ങളിലെ ദയനീയമായ ഇന്റർനെറ്റ് സാഹചര്യവും വിശദീകരിക്കുന്നു. പട്ടികയിൽ ഏറ്റവും പിന്നിലുള്ള ക്യൂബയിലെ ഹവാനയിൽ 1 ജിബി മാപ്പ് ഡൗൺലോഡ് ചെയ്യാൻ ഏകദേശം നാല് മിനിറ്റ് സമയം എടുത്തു. ലാറ്റിൻ അമേരിക്കയിലെയും ദക്ഷിണേഷ്യയിലെയും ചില നഗരങ്ങളിലും ഇന്റർനെറ്റ് വേഗത വളരെ കുറവാണെന്നും ഹോളാഫ്ലൈ പഠന റിപ്പോർട്ട് വിശദീകരിക്കുന്നു. ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്ന നിമിഷം മുതൽ സഞ്ചാരികൾക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി സേവനം ലഭിക്കുന്നുണ്ട്. അതിവേഗ മാപ്പുകൾ, തത്സമയ യാത്ര വിവരങ്ങൾ, വിഡിയോ ഗൈഡുകൾ എന്നിവ ഉപയോഗിക്കാൻ ഇത് യാത്രക്കാരെ സഹായിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഖത്തർ നടത്തിയ തന്ത്രപരമായ നിക്ഷേപങ്ങളുടെ ഫലമായാണ് അതിവേഗ ഇന്റർനെറ്റ് സേവനം എന്ന നേട്ടം കൈവരിക്കാനായത്ത്. രാജ്യവ്യാപകമായ 5 ജി ലഭ്യമാക്കിയും സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും ദോഹയെ ആഗോള ഡിജിറ്റൽ ഹബ്ബാക്കി മാറ്റി. ആഗോള കായിക മാമാങ്കങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും ആതിഥേയത്വം വഹിക്കുന്ന ദോഹയുടെ വളർച്ചയിൽ ഡിജിറ്റൽ മികവ് വലിയ പങ്കുവഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.