ഹോക്സ്ബിൽ കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നുവിടുന്നു
ദോഹ: വംശനാശ ഭീഷണി നേരിടുന്ന ഹോക്സ്ബിൽ കടലാമ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി, ഇനി കടലാഴങ്ങളിലേക്ക്. ഈ വർഷം 8,213 ഹോക്സ്ബിൽ കടലാമക്കുഞ്ഞുങ്ങളെയാണ് കടലിലേക്ക് തുറന്നുവിട്ടത്. മാർച്ച് 31 മുതൽ ജൂലൈ അവസാനം വരെ നീണ്ടുനിന്ന ഈ സീസണിലാണ് ഇത്രയും കടലാമക്കുഞ്ഞുങ്ങളെ തുറന്നുവിട്ടത്. കടലാമക്കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ മാത്രം 60,000 ലധികം ആമക്കുഞ്ഞുങ്ങളെയാണ് തുറന്നുവിട്ടതെന്നും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.
ഹോക്സ്ബിൽ കടലാമക്കുഞ്ഞുങ്ങൾ
ഓരോ സീസണിലും 70 മുതല്‍ 95 മുട്ടകള്‍ വരെയാണ് ഓരോ കൂട്ടിലും ഇടുന്നത്. 52 മുതല്‍ 62 ദിവസത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുകയും ചെയ്യും. ഇത്തവണത്തെ സീസണില്‍ കടലാമക്കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.1982ലാണ് ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വർ ആൻഡ് നാച്വറൽ റിസോഴ്സസ് ഹോക്സ്ബിൽ ഇനത്തിൽപെട്ട കടലാമകളെ വംശനാശ ഭീഷണി നേരിടുന്ന വർഗമായി കണക്കാക്കിയത്. ഇതിനെ തുടർന്ന് കടലാമകളെ സംരക്ഷിക്കുന്നതിന് ഖത്തർ വിവിധ പദ്ധതികളുമായി മുന്നോട്ടുവന്നു.വംശനാശ ഭീഷണി നേരിടുന്ന ഹോക്സ്ബിൽ കടലാമകളെ സംരക്ഷിക്കുന്നതിനായി ഖത്തർ എനർജിയും ഖത്തർ യൂനിവേഴ്സിറ്റിയിലെ എൻവയൺമെന്റൽ സയൻസ് സെന്ററുമായി സഹകരിച്ച് 2003ലാണ് പദ്ധതി ആരംഭിക്കുന്നത്.
ഈ സീസണിൽ ഫുവൈരിത്, റാസ് റുക്ൻ, റാസ് ലഫാൻ, ഷറാവോ, ഉമ്മു തായിസ്, അൽ ഘാരിയ, അൽ മറൂണ, അൽ ഖോർ തുടങ്ങിയ എട്ട് പ്രധാന സൈറ്റുകളിൽ 219 ആമക്കൂടുകളാണ് ഉണ്ടായിരുന്നത്. ഫുവൈറിത് ബീച്ചിനെ പ്രകൃതിസംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച് ആമകളുടെ കൂടുകെട്ടലിന് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. 2020 മുതൽ സംരക്ഷിത ആമ മുട്ടയിടൽ സൈറ്റാണ് ഫുവൈരിത് ബീച്ച്. ഹോക്സ്ബിൽ കടലാമകൾക്ക് പ്രജനനത്തിനായി ഏറ്റവും അനുയോജ്യമായ ഇടമാണ് ഫുവൈരിത് ബീച്ചെന്നാണ് പഠനം. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും പ്രകൃതവും പൊതുജനങ്ങളുടെയും കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ശബ്ദങ്ങളിൽ നിന്ന് മുക്തമായതുമാണ് ഇതിന് കാരണം. ഫുവൈരിത് ബീച്ചില്‍ തീരത്ത് വേലികെട്ടിത്തിരിച്ചാണ് കടലാമകള്‍ക്ക് മുട്ടയിടാനുള്ള കൂടുകള്‍ സജ്ജമാക്കുന്നത്. മനുഷ്യസാന്നിധ്യവും വാഹനങ്ങളുടെ പ്രവേശനവും തീർത്തും ഒഴിവാക്കിയും കാര്യമായ സുരക്ഷയൊരുക്കിയുമാണ് പ്രജനനകാലയളവിൽ തീരം തേടിയെത്തുന്ന കടലാമകളെ സ്വീകരിക്കുന്നത്.
കടലാമകളുടെ പ്രാധാന്യവും പാരിസ്ഥിതിക സന്തുലനം നിലനിർത്തുന്നതിൽ അവയുടെ പ്രാധാന്യം എടുത്തുകാണിക്കാനും പൊതുജനങ്ങൾക്കിടയിൽ അവബോധം വർധിപ്പിക്കുന്നതിന്റെയും ഭാഗമായി ഫുവൈരിത് ബീച്ചിലെ ആമസംരക്ഷണ കേന്ദ്രത്തിലേക്ക് ഫീൽഡ് ട്രിപ്പുകളും സംഘടിപ്പിച്ചിരുന്നു. എൻവയൺമെന്റൽ സയൻസ് സെന്ററുമായി സഹകരിച്ച് കടലാമകളെ നിരീക്ഷിക്കാനും, മുട്ടകൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നത് അടക്കമുള്ള ശ്രമങ്ങളും നടത്തിയിരുന്നു. കൂടാതെ, പഠനത്തിന്റെ ഭാഗമായി ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കുകയും ആമകളുടെ ചലനങ്ങളും ആവാസവ്യവസ്ഥയും നിരീക്ഷിക്കാൻ ട്രാക്കിങ് ഉപകരണങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
കടലാമക്കുഞ്ഞുങ്ങളുടെ സംരക്ഷണ പദ്ധതി ടീമിന്റെയും പങ്കാളികളുടെയും മികച്ച ശ്രമങ്ങളെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തന്റെ വന്യജീവി വികസന വകുപ്പ് ഡയറക്ടർ ഖാലിദ് ജുമാ അൽ മുഹന്നദി പ്രശംസിച്ചു. അടുത്ത സീസണുകളിലും ഹോക്സ്ബിൽ കടലാമക്കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന് ശ്രമങ്ങൾ തുടരുമെന്ന് വന്യജീവി വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ദാഫി നാസർ ഹിദാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.