ദോഹ: പേപ്പർ, പ്ലാസ്റ്റിക്, അലൂമിനിയം കാനുകൾ, ഇ-വേസ്റ്റുകൾ, ബാറ്ററി, ജൈവമാലിന്യം തുടങ്ങി പാഴ്വസ്തുക്കൾ പുനഃചംക്രമണം ചെയ്ത് പുതിയ നിർമിതികളാക്കി അറിവും വിനോദവും പകരുന്ന കേന്ദ്രം ഒരുങ്ങുന്നു. ഖത്തർ ഫൗണ്ടേഷനു കീഴിൽ എജുക്കേഷൻ സിറ്റിയിലാണ് രാജ്യത്തെ പ്രഥമ റീസൈക്ലിങ് ഹബ് നിർമിക്കുന്നത്. സീഷോർ ഗ്രൂപ്പുമായി സഹകരിച്ച് ഗ്രീൻ ഐലൻഡ് എന്ന പേരിൽ നിർമിക്കുന്ന റീസൈക്ലിങ് ഹബിന്റെ പ്രഖ്യാപനം ആഗോള റീസൈക്ലിങ് ദിനത്തോടനുബന്ധിച്ച് ഖത്തർ ഫൗണ്ടേഷൻ നടത്തി.
പുനഃചംക്രമണം ചെയ്യാവുന്ന ആറ് വിഭാഗം മാലിന്യം ഉപയോഗപ്പെടുത്തിയാണ് ഗ്രീൻ ഐലൻഡ് പ്രവർത്തനം. സൗരോർജത്തിൽനിന്നും ഭാഗികമായി ഊർജം നൽകുന്ന പദ്ധതിയിലേക്ക് ട്രാമുൾപ്പെടെയുള്ള പൊതുഗതാഗത മാർഗങ്ങളുപയോഗിച്ച് എത്തിച്ചേരാം.
ഈ വർഷം ഒക്ടോബറിൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്ന ഗ്രീൻ ഐലൻഡിന്റെ പ്രാരംഭ നിർമാണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. 8000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഗ്രീൻ ഐലൻഡ് മിലാഹ സംഭാവന ചെയ്ത 95 ഷിപ്പിങ് കണ്ടെയ്നറുകൾകൊണ്ടാണ് നിർമിക്കുക.
ഓരോ കണ്ടെയ്നറുകളിലും മാലിന്യം റീസൈക്കിൾ ചെയ്യുന്ന വിധം പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിനായി കൂറ്റൻ സ്ക്രീനും സ്ഥാപിക്കും. റിസർച് ലാബുകൾ, ഗിഫ്റ്റ് ഷോപ്, പ്രദർശനങ്ങൾക്കും മറ്റു പരിപാടികൾക്കുമായുള്ള തുറസ്സായ സ്ഥലം, ഓർഗാനിക് കഫേകൾ, വെർട്ടിക്കിൾ ഫാമുൾപ്പെടെയുള്ള റസ്റ്റാറൻറ് എന്നിവയും ഐലൻഡിലുണ്ടാകും.
പുനരുപയോഗിക്കാവുന്ന മാലിന്യങ്ങളിൽനിന്നും കണ്ടെത്തുന്ന കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനുള്ള ആർട്ട് ഗാലറിയും ത്രിമാന പ്രിൻറിങ് ലാബും സജ്ജമാക്കുന്നുണ്ട്. ഉപയോഗം കഴിയുന്ന വസ്തുക്കൾ, വീണ്ടും പുനരുപയോഗിക്കുന്നത് എങ്ങനെയെന്ന് പൊതുജനങ്ങളിലേക്ക് പകരുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മലിനീകരണം കുറച്ച്, പരിസ്ഥിതി സൗഹൃദ രാജ്യം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി യുവതലമുറയെയാണ് ഗ്രീൻ ഐലൻഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സസ്റ്റെയ്നബിലിറ്റി മാനേജർ നവാൽ അൽ സുലൈതി പറഞ്ഞു. മുതിർന്നവരേക്കാൾ യുവാക്കളിൽ പുതിയ ശീലം സൃഷ്ടിക്കാനാണ് എളുപ്പം. പുതിയ ശീലം പഠിച്ചെടുക്കുന്ന യുവത്വം അത് എളുപ്പത്തിൽ കുടുംബത്തിലേക്കുമെത്തിക്കും.
മാറ്റങ്ങളിലേക്കും അതുവഴി പരിസ്ഥിതി സൗഹൃദ സുസ്ഥിര പദ്ധതികൾ ലക്ഷ്യത്തിലെത്തിക്കാനും കഴിയും -അൽ സുലൈതി വിശദീകരിച്ചു. പൊതുജനങ്ങൾക്ക് ബോധവത്കരണവും അറിവ് പകരലുമാണ് പദ്ധതിയുടെ പ്രധാന ദൗത്യമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.