ദോഹ: ഗസ്സയിലെ താൽക്കാലിക വെടിനിർത്തൽ രണ്ടു ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചതായി മധ്യസ്ഥ ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ ഖത്തർ അറിയിച്ചു. വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരിയാണ് ‘എക്സ്’ പ്ലാറ്റ്ഫോം വഴി ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ആരംഭിച്ച നാലുദിവസ വെടിനിർത്തലിന്റെ കാലാവധി തിങ്കളാഴ്ച വൈകുന്നേരം അവസാനിക്കാനിരിക്കെയാണ് ഇസ്രായേലും ഹമാസുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ രണ്ടുദിവസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ ധാരണയായതെന്ന് അദ്ദേഹം അറിയിച്ചു.
വെടിനിർത്തൽ കൂടുതൽ ദിവസങ്ങളിലേക്ക് നീട്ടാനുള്ള ചർച്ചകൾ തുടരുന്നതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച മധ്യസ്ഥ ചർച്ചകളും ഖത്തറിന്റെ നേതൃത്വത്തിൽ സജീവമായിരുന്നു. വെടിനിർത്തൽ കൂടുതൽ ദിവസത്തേക്ക് നീട്ടിയത് കൂടുതൽ ബന്ദികളുടെ മോചനത്തിന് വഴിയൊരുക്കും.
സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ബന്ദികളെ സമയ ബന്ധിതമായി മോചിപ്പിക്കാനും സുരക്ഷിതമാക്കാനും ഹമാസിന് കഴിഞ്ഞാൽ വെടിനിർത്തൽ നീട്ടാൻ കരാറിൽ വ്യവസ്ഥയുണ്ടെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തിലെ മധ്യസ്ഥ ഇടപെടലുകളുടെ അടിസ്ഥാനത്തിൽ വെടിനിർത്തൽ ദീർഘിപ്പിക്കാൻ തീരുമാനിച്ചതായി ഹമാസും വ്യക്തമാക്കി. വെള്ളിയാഴ്ച തുടങ്ങിയ വെടിനിർത്തലിനിടെ 200ലേറെ പേർ ഇരുവശത്തുമായി മോചിതരായിരുന്നു. ആദ്യ മൂന്നു ദിവസം 39 ഇസ്രായേലികളും 19 വിദേശികളും 117 ഫലസ്തീനി തടവുകാരുമാണ് വിട്ടയക്കപ്പെട്ടത്.
അവസാന ദിവസവും തങ്ങൾ മോചിപ്പിക്കുന്ന 11 പേരുടെ പട്ടിക ഹമാസ് കൈമാറിയിരുന്നു. വെടിനിർത്തൽ കാലയളവിൽ വെസ്റ്റ് ബാങ്കിൽ നിരവധി ഫലസ്തീനികളെ വധിച്ച ഇസ്രായേൽ വടക്കൻ ഗസ്സയിലേക്ക് സഹായ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തിയതടക്കം പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടും ബന്ദി കൈമാറ്റം കാര്യമായ തടസ്സങ്ങളില്ലാതെയാണ് നടന്നത്.
വടക്കൻ ഗസ്സ യുദ്ധമേഖലയാണെന്ന് പ്രഖ്യാപിച്ച് ഫലസ്തീനികൾക്ക് പ്രവേശനം നിഷേധിച്ചതും പ്രതിഷേധത്തിനിടയാക്കി. എന്നാൽ, തെക്കൻ ഗസ്സയിലേക്ക് നാടുവിടേണ്ടിവന്ന പതിനായിരങ്ങൾ തിരിച്ചെത്തിയിട്ടുണ്ട്. ഹമാസുമായി കരാർ ദീർഘിപ്പിക്കാൻ ഇസ്രായേലിലും സമ്മർദം ശക്തമായിരുന്നു. 50ഓളം ബന്ദികൾ മടങ്ങിയെത്തിയതോടെ തങ്ങളുടെ ഉറ്റവർക്കും മോചനമൊരുക്കണമെന്ന ആവശ്യവുമായി അവശേഷിച്ച കുടുംബങ്ങൾ രംഗത്തുണ്ട്. അതിനിടെ, വെസ്റ്റ്ബാങ്കിൽ തിങ്കളാഴ്ച 60ഓളം പേർ അറസ്റ്റിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.