ദോഹ: ആഗോളതലത്തിൽ ശ്രദ്ധേയമായ ഓട്ടോമോട്ടിവ്-എന്റർടൈൻമെന്റ് ഉത്സവമായ 'ഫ്യുവൽ ഫെസ്റ്റ്' ഖത്തറിൽ അരങ്ങേറുന്നു. വിസിറ്റ് ഖത്തറിന്റെ ആഭിമുഖ്യത്തിൽ 2026 ജനുവരി 23ന് കതാറ സൗത്ത് പാർക്കിങ്ങിലാണ് ഈ മെഗാ ഇവന്റ്. മെൽറ്റ് ലൈവ് മിഡിലീസ്റ്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ പരിപാടി കാറുകളുടെയും സംഗീതത്തിന്റെയും ആവേശകരമായ കൂടിച്ചേരലായിരിക്കും ഫ്യുവൽ ഫെസ്റ്റ്.
ഹോളിവുഡ് താരം കോഡി വാക്കറാണ് ഇതിന് ആതിഥേയത്വം വഹിക്കുന്നത്. 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' താരങ്ങളായ ടൈറീസ് ഗിബ്സൺ, ജേസൺ സ്റ്റാഥം എന്നിവർ ആരാധകരെ കാണാൻ നേരിട്ടെത്തും. ലോകപ്രശസ്ത സംഗീതജ്ഞരായ ലുഡാക്രിസ്, ബസ്റ്റ റൈംസ് എന്നിവരുടെ തത്സമയ കൺസേർട്ടും ഡി.ജെ ഇൻഫേമസിന്റെ പ്രകടനവും അരങ്ങേറും. അത്യാധുനികമായ റേസിംഗ് കാറുകളുടെ പ്രദർശനവും ആരാധകർക്കായി ഒരുക്കിയിട്ടുണ്ട്. അന്തരിച്ച നടൻ പോൾ വാക്കർ സ്ഥാപിച്ച 'റീച്ച് ഔട്ട് വേൾഡ് വൈഡ്' എന്ന സന്നദ്ധ സംഘടനയ്ക്കായി പരിപാടിയിൽനിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം വിനിയോഗിക്കുമെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് platinumlist.net വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഖത്തറിനെ ഒരു ആഗോള വിനോദസഞ്ചാര-സാംസ്കാരിക കേന്ദ്രമാക്കി മാറ്റാനുള്ള 'വിസിറ്റ് ഖത്തറി'ന്റെ ശ്രമങ്ങൾക്ക് ഈ ഉത്സവം വലിയ കരുത്തേകുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.